ചെൽസിക്ക് തോൽവി; സിറ്റിയെ പിടിച്ചുകെട്ടി നോട്ടിങ്ഹാം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ മോശം പ്രകടനം തുടർന്ന് ചെൽസി. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള സതാംപ്ടൺ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസിയെ വീഴ്ത്തിയത്.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ഇംഗ്ലീഷ് താരം ജെയിംസ് വാർഡ് പ്രോസ് ഫ്രീകിക്കിലൂടെയാണ് ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ കഴിഞ്ഞദിവസം ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒരു ഗോളിന് ചെൽസി തോൽവി വഴങ്ങിയിരുന്നു. പിന്നാലെയാണ് സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലും ചെൽസി അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്.
നീലപ്പടക്ക് എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി അവസാനമായി കളിച്ച 14 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. ജയത്തോടെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് സതാംപ്ടൺ. നിലവിൽ 31 പോയന്‍റുമായി പോയന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണ് ചെൽസി. 18 പോയന്‍റുള്ള സതാംപ്ടൺ 20ാം സ്ഥാനത്തും.
ലീഗിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയിൽ തളച്ചു. ലീഗിൽ ഒന്നാമതെത്താനുള്ള അവസരമാണ് സിറ്റി നഷ്ടപ്പെടുത്തിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ എല്ലാ മേഖലയിലും ബഹുദൂരം മുന്നിലെത്തിയിട്ടും ടീമിന് വിജയഗോൾ മാത്രം നേടാനായില്ല.
പോർചുഗീസ് താരം ബെർനാഡോ സിൽവയിലൂടെ (41ാം മിനിറ്റിൽ) സിറ്റിയാണ് മത്സരത്തിൽ ലീഡെടുത്തത്. എന്നാൽ, രണ്ടാംപകുതിയിലെ അവസാന മിനിറ്റിൽ ന്യൂസിലൻഡ് താരം ക്രൈസ് വുഡ് (84ാം മിനിറ്റിൽ) നോട്ടിങ്ഹാമിനെ ഒപ്പമെത്തിച്ചു. 4-2ന് ആസ്റ്റൺ വില്ലയെ തോൽപിച്ച ആഴ്സണൽ 54 പോയന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. 52 പോയന്‍റുള്ള സിറ്റി രണ്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.