‘ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരം!’, മെസ്സിയെ പ്രകീർത്തിച്ച് ഹാലാൻഡ്
text_fieldsലണ്ടൻ: ഫുട്ബാൾ ചരിത്രം ഇന്നേവരെ ദർശിച്ച എക്കാലത്തെയും മികച്ച കളിക്കാരൻ ലയണൽ മെസ്സിയാണെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മിന്നും സ്ട്രൈക്കർ എർലിങ് ഹാലാൻഡ്. നിലവിലെ മികച്ച കളിക്കാരൻ ആരെന്നത് പരിഗണിക്കുന്നതിന് മെസ്സി വിരമിക്കേണ്ടതുണ്ടെന്നും നോർവേ താരം പറഞ്ഞു.
‘ഇന്നേവരെ ഫുട്ബാൾ കളിച്ചവരിൽ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസ്സിയാണ്. അദ്ദേഹം വിരമിച്ചതിനുശേഷമേ മറ്റൊരു കളിക്കാരനെ മികച്ചയാളെന്നതിലേക്ക് പരിഗണിക്കാനാവൂ’ -ഹാലാൻഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023ലെ ബാലൺ ഡി ഓർ പുരസ്കാരം മെസ്സിയാണ് നേടിയത്. സീസണിൽ 53 കളികളിൽ 52 ഗോളുകൾ നേടുകയും മാഞ്ചസ്റ്റർ സിറ്റിയെ മൂന്നു കിരീടനേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഹാലാൻഡിനെ പിന്തള്ളിയാണ് മെസ്സി എട്ടാം തവണയും ബാലൺ ഡി ഓറിൽ മുത്തമിട്ടത്. മെസ്സിക്കു പകരം ഹാലാൻഡിനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം നൽകേണ്ടതെന്ന് വാദിച്ചവരും ഏറെയായിരുന്നു. എന്നാൽ, കളിയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് മെസ്സി ആ പുരസ്കാരത്തിന് അർഹനാണെന്നായിരുന്നു ഇതേക്കുറിച്ച് ഹാലാൻഡിന്റെ പ്രതികരണം.
2023ലെ അവാർഡ് കൈവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉയർന്ന തലത്തിൽ സ്ഥിരത ആവശ്യമുണ്ടെന്നായിരുന്നു മറുപടി. കഴിഞ്ഞ സീസണിൽ 22-ാം വയസ്സിൽ നേടിയ വിജയങ്ങൾ ഈ സീസണിലും ആവർത്തിക്കാനുള്ള ആഗ്രഹവും ഹാലാൻഡ് പങ്കുവെച്ചു.
‘നിങ്ങൾ ഒരുപാട് ഗോളുകൾ നേടയെപ്പോൾ മെസ്സിക്കാണ് സുപ്രധാന പുരസ്കാരങ്ങൾ ലഭിച്ചത്. നിങ്ങൾക്ക് അവ ലഭിക്കാൻ മെസ്സി വിരമിക്കേണ്ടി വരുമോ?’ എന്ന ചോദ്യത്തിനായിരുന്നു ഹാലാൻഡിന്റെ പ്രതികരണം. ‘എനിക്കറിയില്ല. മികച്ച ചോദ്യമാണിത്. അദ്ദേഹം പുരസ്കാരങ്ങൾ നേടി. ലോകകപ്പ് സ്വന്തമാക്കി. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഫുട്ബാളിൽ ഇന്നേവരെയുണ്ടായ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി’ -ഹാലാൻഡ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.