ഗോൾ മെഷീൻ ഹാലൻഡ്! സിറ്റി ജഴ്സിയിൽ സെഞ്ച്വറിത്തിളക്കം; ഇനി ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾവേട്ട തുടർന്ന് നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ്. സിറ്റി ജഴ്സിയിൽ നേടിയ ഗോളുകളിൽ താരത്തിന് സെഞ്ച്വറിത്തിളക്കം.
കഴിഞ്ഞ രണ്ടുതവണയും ലീഗിൽ സിറ്റിക്കു കീഴിൽ രണ്ടാമതെത്തിയ ഗണ്ണേഴ്സിനെതിരായ കളിയിൽ വലകുലുക്കിയാണ് അത്യപൂർവ ചരിത്രത്തിലേക്ക് ഹാലൻഡ് ഗോളടിച്ചുകയറിയത്. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിലാണ് ഹാലൻഡ് ഗോൾ നേടിയത്. സിറ്റിയുടെ കുപ്പായത്തിൽ താരത്തിന്‍റെ നൂറാം ഗോളാണിത്. സീസണിൽ കളിച്ച അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിലും താരത്തിന് വലകുലുക്കാനായി.
രണ്ടു ഹാട്രിക്കടക്കം സിറ്റിക്കായി പത്തു ഗോളുകളാണ് ഹാലൻഡ് ഇതുവരെ നേടിയത്. രണ്ടു വർഷം മുമ്പ് ക്ലബിലെത്തിയ താരം 105 മത്സരങ്ങളിൽനിന്നാണ് നൂറു ഗോളെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഒരു ക്ലബിനായി അതിവേഗം നൂറു ഗോളുകൾ നേടുന്ന താരമെന്ന നേട്ടത്തിൽ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പമെത്താൻ ഹാലൻഡിനായി. 13 വർഷം മുമ്പാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്. 2009ല്‍ റയല്‍ മഡ്രിഡില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ 105 മത്സരങ്ങളില്‍നിന്ന് 100 ഗോളുകള്‍ നേടിയിരുന്നു.
കൂടാതെ, പ്രീമിയർ ലീഗിൽ ഒരു ക്ലബിനായി അതിവേഗം നൂറു ഗോളുകൾ നേടുന്ന താരമായി ഹാലൻഡ്. 2022-23 അരങ്ങേറ്റ സീസണിൽ 52 ഗോളുകളാണ് ഹാലൻഡ് സിറ്റിക്കായി നേടിയത്. കഴിഞ്ഞ സീസണിൽ 38 ഗോളുകൾ നേടി. 2022ൽ മാത്രം സിറ്റിയിലെത്തിയ താരം നേടിയ മൊത്തം ക്ലബ് ഗോളുകൾ 235 ആയി. സിറ്റിയിൽ സെഞ്ച്വറി പൂർത്തിയാക്കിയ 24കാരൻ നേരത്തെ മോൾഡെ, റെഡ്ബുൾ സാൽസ്ബർഗ്, ബൊറൂസിയ ഡോർട്മുണ്ട് എന്നിവക്കായാണ് അവശേഷിച്ച ഗോളുകൾ കുറിച്ചത്. ദേശീയ ജഴ്സിയിൽ 32 ഗോളും സ്വന്തമായുണ്ട്. സിറ്റി നിരയിൽ 11 തവണ നാലു ഗോൾ നേട്ടമെന്ന റെക്കോഡും നേടി.
24ാം വയസ്സിൽ ക്രിസ്റ്റ്യാനോ 117ഉം മെസ്സി 184ഉം ക്ലബ് ഗോളുകൾ നേടിയിടത്താണ് ഹാലൻഡിന്റെ സമാനതകളില്ലാത്ത ഗോൾനേട്ടം. അരങ്ങേറിയ 22-23 സീസണിൽ 36 ഗോളുമായി വരവറിയിച്ച താരം 48 കളികളിൽ 50 തികച്ച് റെക്കോഡിട്ടിരുന്നു. സിറ്റിയിൽ കൂടുതൽ തുടരാനായാൽ 260 ഗോളുമായി ഒന്നാമതുള്ള സെർജിയോ അഗ്യൂറോയെ മറികടക്കാനും താരത്തിന് ഏറെ പ്രയാസപ്പെടേണ്ടിവരില്ല. പ്രീമിയർ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററായ അലൻ ഷിയററുടെ പേരിലെ 260 ഗോളുകളും താരത്തിന് കടക്കാനാകും.
സിറ്റി-ഗണ്ണേഴ്സ് സമനിലപ്പോര്
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ രണ്ട് അതികായർ മുഖാമുഖംനിന്ന ത്രില്ലർ സമനിലയിൽ (2-2). ഗോളുകളും ഒപ്പം വിവാദങ്ങളും ആദ്യാവസാനം നിഴലിച്ച മത്സരത്തിൽ ഗണ്ണേഴ്സ് ജയത്തിനരികെ നിന്ന ശേഷമാണ് അവസാന വിസിലിന് തൊട്ടുമുമ്പ് വീണ ഗോളിൽ സമനിലയുമായി മടങ്ങിയത്. അഞ്ചു കളികൾ പൂർത്തിയാകുമ്പോൾ ആദ്യ ആറു സ്ഥാനക്കാർ തമ്മിലെ പോയന്റ് അകലം മൂന്ന് മാത്രമാണെന്നിരിക്കെ വരും നാളുകളിൽ പോര് കൂടുതൽ കനക്കുമെന്ന സൂചന നൽകുന്നത് കൂടിയായിരുന്നു ഇത്തിഹാദ് മൈതാനത്തെ നേരങ്കം.
എർലിങ് ഹാലൻഡ് ഒമ്പതാം മിനിറ്റിൽ നേടിയ ഗോളിൽ സിറ്റി തുടക്കത്തിലേ ലീഡ് പിടിച്ചു. എന്നാൽ, 22ാം മിനിറ്റിൽ റിക്കാർഡോ കലാഫിയോറിയിലൂടെ ആഴ്സനൽ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സിറ്റിയുടെ നെഞ്ച് തകർത്ത് ആഴ്സനലിന്റെ രണ്ടാം ഗോളും പിറന്നു. കോർണറിന് തലവെച്ച് ഗബ്രിയേലായിരുന്നു ആഴ്സനലിനെ മുന്നിലെത്തിച്ചത്.
കടുത്ത ആക്രമണങ്ങളുമായി രണ്ടാം പകുതിയിൽ സിറ്റി എതിർബോക്സിൽ നിരന്തരം അപായം തീർത്തെങ്കിലും ഗോളിയും പിന്നെ 10 പേരും ചേർന്ന് കോട്ട കെട്ടിയതോടെ സമനില ഗോൾ മാത്രം പിറന്നില്ല. അതിനിടെ, വിവാദ ഫൗളിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി മുന്നേറ്റനിര താരം ലിയാണ്ട്രോ ട്രോസാർഡ് മടങ്ങിയത് മൈക്കൽ ആർട്ടേറ്റയുടെ സംഘത്തെ കൂടുതൽ പ്രതിരോധത്തിലാക്കി.
പത്തുപേരായി ചുരുങ്ങിയിട്ടും സ്വന്തം ഗോൾവലക്ക് തുളവീഴാതെ ആഴ്സനൽ ചെറുത്തുനിന്നു. ടീം വിജയികളായെന്ന് തോന്നിച്ച ഘട്ടത്തിൽ 97ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ സിറ്റി സമനില പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.