‘നിരപരാധികളായ കുട്ടികൾ മരിച്ചുവീഴരുത്’; ഇസ്രായേൽ കൂട്ടക്കുരുതിയിൽ മൗനം വെടിഞ്ഞ് ഹാലൻഡ്; സമാധാനത്തിനായി ആഹ്വാനം
text_fieldsഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ മൗനം വെടിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ ഹെർലിങ് ഹാലൻഡ്. ‘നിരപരാധികളായ കുട്ടികൾ മരിച്ചുവീഴരുത്’ എന്ന് താരം ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇതോടൊപ്പം തകർന്ന ഹൃദയത്തിന്‍റെ ഇമോജിയും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 35 ദിവസത്തിനിടെ ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള നരമേധത്തിൽ 11,000ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 4,500ലധികവും കുട്ടികളാണ്. കൂടാതെ, ഒമ്പതിനായിരത്തോളം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്ട്ര സംഘടനകളും ലോക നേതാക്കളും അതിക്രമം തടയുന്നതിൽ പരാജയപ്പെട്ട് നോക്കിനിൽക്കുന്നതിനിടെയാണ് നിരപരാധികളായ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നതിൽ സൂപ്പർതാരം ആശങ്ക പ്രകടിപ്പിക്കുന്നത്. ഇസ്രായേൽ അതിക്രമത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധ പരിപാടികൾ അരങ്ങേറുമ്പോഴും ലോക നേതാക്കൾ ശക്തമായി അപലപിക്കുമ്പോഴും കൂട്ടക്കുരുതി അവസാനിപ്പിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സയണിസ്റ്റ് ഭരണകൂടം.
സിറ്റിയുടെ മത്സരത്തിനായി ഗ്രൗണ്ടിലേക്ക് രണ്ടു കുട്ടികളുടെ കൈ പിടിച്ച് നടന്നുനീങ്ങുന്ന തന്‍റെ ചിത്രവും ഇതോടൊപ്പം നോർവീജിയൻ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പിറകിൽനിന്ന് പകർത്തിയ ചിത്രത്തിൽ കുട്ടികൾ ധരിച്ചിരിക്കുന്നതും പ്രിയ താരത്തിന്‍റെ പേരെഴുതിയ ആകാശ നീല നിറത്തിലുള്ള സിറ്റിയുടെ ഒമ്പതാം നമ്പർ ജഴ്സിയാണ്.
മിനിറ്റുകൾക്കുള്ളിലാണ് താരത്തിന്‍റെ പോസ്റ്റ് വൈറലായത്. ഫലസ്തീനിലെ നിരപരാധികളായ കുട്ടികൾക്കുവേണ്ടി ശബ്ദിക്കുന്ന താരത്തെ അഭിനന്ദിച്ചും നന്ദി പറഞ്ഞും ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്‍റിട്ടിരിക്കുന്നത്. ലോകത്തിലെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിനായി അർജന്‍റൈൻ താരം ലയണൽ മെസ്സിക്കൊപ്പം അവസാന റൗണ്ട് വരെ ഹാലൻഡും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.