ഇടവേളക്ക് പിരിയുന്നതിനിടെ ഹാലൻഡിനോട് ജഴ്സി ചോദിച്ച് എതിർ ടീം നായകൻ; നിരാശപ്പെടുത്താതെ സൂപ്പർതാരം!
text_fieldsചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി മഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടറിലെത്തി. സ്വിസ് ക്ലബ് ബി.എസ്.സി യങ് ബോയ്സിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് സിറ്റി തകർത്തത്.
സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ സിറ്റിയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 23ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലൻഡാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഫിൽ ഫോഡനിലൂടെ സിറ്റി ലീഡ് വർധിപ്പിച്ചു. 51ാം മിനിറ്റിലായിരുന്നു സിറ്റിക്കായി ഹാലൻഡിന്‍റെ രണ്ടാം ഗോൾ. എന്നാൽ, ആദ്യ പകുതിയുടെ ഇടവേളക്ക് പിരിയുന്നതിനിടെ മൈതാനത് രസകരമായ ഒരു സംഭവം അരങ്ങേറി. താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ യങ് ബോയ്സ് നായകൻ മുഹമ്മദ് അലി കാമറ ഹാലൻഡിനോട് ജഴ്സി ചോദിക്കുന്നതാണ് രംഗം.
ഗ്രൗണ്ടിൽനിന്ന് ഇരുവരും ഒരുമിച്ചാണ് ഡ്രസിങ് റൂമിലേക്ക് പോകുന്നത്. ഇതിനിടെയാണ് ഡിഫൻഡർ മുഹമ്മദ് അലി അപ്രതീക്ഷിതമായി താരത്തോട് ജഴ്സി ചോദിക്കുന്നത്. ഇങ്ങനെ ചെയ്യാനാകില്ലെന്ന് ഹാലൻഡ് മറുപടി നൽകുന്നുണ്ടെങ്കിലും അലിയെ നിരാശപ്പെടുത്തിയില്ല. പോകുന്ന പോക്കിൽ ജഴ്സി ഊരി നൽകിയാണ് ഹാലൻഡ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. മത്സരശേഷം താരങ്ങൾ തമ്മിൽ പരസ്പരം ജഴ്സി കൈമാറുന്നത് പതിവാണെങ്കിലും ഇടവേളക്കിടെ ജഴ്സി ചോദിക്കുന്നത് അപൂർവമാണ്.
മത്സരത്തിൽ മുഹമ്മദ് അലിയാണ് ഹാലൻഡിനെ മാർക്ക് ചെയ്തിരുന്നത്. കളിയുടെ 72 ശതമാനവും പന്തു കൈവശം വെച്ച സിറ്റി ജയത്തോടെ അവസാന 16ൽ ഇടം പിടിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ 34 മത്സരങ്ങളിൽനിന്നായി ഹാലൻഡിന്റെ ഗോൾ സമ്പാദ്യം 39 ആയി. സിറ്റിയിൽ എത്തിയ ശേഷം 70 കളിയിൽ 67ാം ഗോളാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.