അവസാന മൂന്നു കളികളിലും ഗോളില്ല; ഹാലൻഡിന് എന്തുപറ്റി? കാരണം വിശദീകരിച്ച് ഗാർഡിയോള
text_fieldsസീസണിൽ 27 ഗോളടിച്ച് മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തിന്റെ കുന്തമുനയായി തുടരുന്ന എർലിങ് ഹാലൻഡിന് അവസാന മൂന്നു കളികളിലും സ്കോർ ചെയ്യാൻ പ്രയാസപ്പെടുന്നത് ടീമിനെ തെല്ലൊന്നുമല്ല ആധിയിലാഴ്ത്തുന്നത്. പ്രിമിയർ ലീഗ് ഒന്നാം സ്ഥാനത്ത് അജയ്യരായ ഗണ്ണേഴ്സിനെ കടക്കാനുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിലെത്തിനിൽക്കെ ഹാലൻഡിന്റെ ബൂട്ടുകൾ നിശ്ശബ്ദമാകുന്നത് ആരാധകർക്കും താങ്ങാവുന്നതിലുമപ്പുറത്താണ്. എന്നാൽ, കുറ്റം താരത്തിനല്ലെന്നു പറയുന്നു കോച്ച് ഗാർഡിയോള.
‘‘നമുക്ക് നമ്മുടെ കളി തന്നെയാകും. നമ്മുടെതായ തത്ത്വങ്ങളുമുണ്ടാകും. എന്നാൽ, അവസാന രണ്ടു മത്സരങ്ങളിലും കളി നയിച്ച രീതി ഹാലൻഡിന് സ്കോർ ചെയ്യാൻ സഹായിക്കുന്നതായില്ല’’- ഗാർഡിയോള പറഞ്ഞു.
‘‘ശൈലി രൂപപ്പെടുത്തുമ്പോൾ കുറെ കൂടി വൈഡായി കളിക്കേണ്ടതുണ്ടാകാം. എന്നാൽ, അവസാന മൂന്നാം ഭാഗത്ത് മധ്യത്തിൽ താരങ്ങൾ വേണം. അവിടെ എർലിങ് ഉണ്ടായില്ലെങ്കിൽ ടീമിന് സ്കോർ ചെയ്യാനാകില്ല. ഇരു പാതികളിലും അതിവേഗം ഓടിയെത്താനാകുന്നവർ വേണം. അല്ലാത്ത പക്ഷം, രണ്ടോ മൂന്നോ പ്രതിരോധ താരങ്ങളുടെ പൂട്ടിൽ എർലിങ് വീണുപോകും. അതിനാൽ, ആ പൊസിഷനുകളിലും ടീമിന് കൂടുതൽ പേർ വേണം. തീർച്ചയായും മുമ്പ് നാം അത് ചെയ്തതാണ്. ഇനിയും അത് തുടരണം’’- കോച്ച് വിശദീകരിക്കുന്നു. ചെൽസി, സതാംപ്ടൺ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾക്കെതിരായ മത്സരങ്ങളിലാണ് ഗോൾ കണ്ടെത്താൻ ഹാലൻഡ് വിഷമിച്ചത്.
കിരീടപ്പോരിൽ ഗണ്ണേഴ്സ് ഏറെ മുന്നിലെത്തിയ പ്രിമിയർ ലീഗിൽ രണ്ടാമതുള്ള സിറ്റിക്ക് എട്ടു പോയിന്റാണ് ഒന്നാമന്മാരുമായി അകലം. കഴിഞ്ഞ അഞ്ചു സീസണിൽ നാലും സ്വന്തമാക്കിയവരാണ് സിറ്റി. ഇത്തവണയും അവസാന ഓട്ടത്തിൽ അത് പിടിക്കാമെന്ന് ഗാർഡിയോള കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.