ഫൈവ്സ്റ്റാർ ഹാലൻഡ്; ലൈപ്സീഗിനെതിരെ ഏഴടിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
text_fieldsമൈതാനത്ത് ഒരു മണിക്കൂർ പൂർത്തിയാക്കുമ്പോഴേക്ക് അഞ്ചുവട്ടം വല കുലുക്കി എതിരാളികളെ ചിത്രവധം നടത്തിയവനെ ഇരട്ട ഹാട്രിക് എന്ന വലിയ സ്വപ്നം പൂർത്തിയാക്കുംമുമ്പ് കോച്ച് പെപ് പിൻവലിച്ചത് എന്തിനായിരിക്കണം? പാവം എതിരാളികളെ ഇതിൽകൂടുതൽ മാനം കെടുത്തരുതെന്ന് കരുതിയാകുമോ? അതോ, എല്ലാ റെക്കോഡും ഒറ്റനാളിൽ സ്വന്തമായാൽ ഹാലൻഡിനു മുന്നിൽ ലക്ഷ്യങ്ങളില്ലാതാകുമെന്ന് കരുതിയോ?
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിലാണ് എർലിങ് ഹാലൻഡും മാഞ്ചസ്റ്റർ സിറ്റിയും ചേർന്ന് ആർ.ബി ലൈപ്സീഗിനെ മുക്കിയത്. 62ാം മിനിറ്റിൽ തിരിച്ചുവിളിക്കും മുമ്പ് ഹാലൻഡ് നേടിയ അഞ്ചു ഗോളടക്കം എതിരില്ലാത്ത ഏഴു ഗോളിന് (ഇരുപാദങ്ങളിലായി 8-1) ജയിച്ച സിറ്റി ക്വാർട്ടറിലെത്തി.
22ാം മിനിറ്റിൽ പെനാൽറ്റിയിൽ തുടങ്ങിയാണ് ഹാലൻഡ് എന്ന ഗോൾമെഷീൻ എണ്ണമറ്റ ചരിത്രങ്ങൾ സ്വന്തം പേരിലാക്കിയത്. ചാമ്പ്യൻസ് ലീഗിൽ അതിവേഗം 30 ഗോൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ഹാലൻഡ് ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ചു ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവുമായി. മുമ്പ് ലയണൽ മെസ്സി, ബ്രസീൽ താരം ലൂയിസ് അഡ്രിയാനോ എന്നിവർ മാത്രമാണ് ഒറ്റകളിയിൽ അഞ്ചു ഗോൾ നേട്ടം സ്വന്തമാക്കിയവർ. സീസണിൽ ഇതുവരെ 39 ഗോളുകൾ പൂർത്തിയാക്കുക വഴി അതും റെക്കോഡായി. ഇതുവരെയായി അഞ്ചു ഹാട്രിക്കുകളാണ് വലിയ ലീഗുകളിൽ താരം നേടിയിരിക്കുന്നത്.
ഇൽകെയ് ഗുണ്ടൊഗൻ, കെവിൻ ഡി ബ്രുയിൻ എന്നിവരും ഗോൾ നേടിയ മത്സരത്തിൽ തുടക്കം മുതൽ ഹാലൻഡ് മാത്രമായിരുന്നു ചിത്രത്തിൽ. ഉയർന്നു ചാടിയ ഹെഡറുകളും മനോഹര ഷോട്ടുകളുമായി ഓരോ അവസരവും ഗോളിൽ അവസാനിപ്പിച്ചായിരുന്നു താരത്തിന്റെ പടയോട്ടം. ഒടുവിൽ 62ാം മിനിറ്റിൽ താരത്തെ തിരിച്ചുവിളിച്ചതോടെയാണ് ലൈപ്സീഗുകാർക്ക് ആശ്വാസമായത്. മുമ്പ് ഡോർട്മുണ്ടിലായിരിക്കെ ഹാലൻഡിന്റെ പരിശീലകനായ മാർകോ റോസ് പരിശീലിപ്പിച്ച ടീമിനെതിരെയായിരുന്നു അഞ്ചുഗോൾ നേട്ടം എന്നതും ശ്രദ്ധേയമായി.
ഇത്തിഹാദ് മൈതാനത്ത് ആതിഥേയരുടെ സമ്പൂർണ വാഴ്ച കണ്ട മത്സരത്തിൽ മനോഹരമായ ഷോട്ട് വലയിലെത്തിച്ചാണ് ഹാലൻഡ് തുടക്കമിട്ടത്. ഡിബ്രുയിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങിയത് തലവെച്ച് വലയിലാക്കിയാണ് രണ്ടാം ഗോൾ. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഹാലൻഡ് ഹാട്രിക് പൂർത്തിയാക്കി. പിന്നെയും ഗോൾമുഖത്ത് വട്ടമിട്ടുനിന്ന താരത്തിന്റെ കാലിനും തലക്കും കണക്കാക്കി നിരന്തരം പന്തെത്തിയപ്പോൾ എതിർ പ്രതിരോധവും ഗോളിയും ശരിക്കും കാഴ്ചക്കാരായി.
ഇതോടെയാണ്, ഇനിയും താരത്തെ നിർത്തേണ്ടെന്നു കരുതിയാകണം കോച്ച് ഹാലൻഡിനെ 62ാം മിനിറ്റിൽ പിൻവലിച്ചത്. തിരിച്ചുകയറുമ്പോൾ നിറഞ്ഞ കൈയടികളുമായാണ് താരത്തെ ഗാലറി വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.