നന്ദി ഡീഗോ, ഞങ്ങളെ വിസ്മയിപ്പിച്ചതിന്; ഇനിയുറങ്ങൂ...
text_fieldsലോകമാകെയുള്ള കായിക പ്രേമികളുടെ ഹൃദയം ഒരു കൊച്ചു പന്തിലേക്ക് ആവാഹിച്ച് തെൻറ ഇടങ്കാലിനോട് ചേർത്ത് നിർത്തിയ ഫുട്ബാൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ വേർപാടിൽ ഒഴുകിയ അനുശോചന സന്ദേശങ്ങൾക്കൊക്കെ ഒരേ ഭാഷയായിരുന്നു, അവിശ്വസനീയതയുടെയും വൈകാരികതയുടെയും ഹൃദയഭാഷ. എക്കാലവും തങ്ങളോടൊപ്പമുണ്ടാകുമെന്ന് കരുതിയ ഫുട്ബാൾ ഇതിഹാസം ഇനിയുണ്ടാകില്ലെന്ന് വിശ്വസിക്കാൻ പ്രയാസപ്പെട്ടവരിൽ കായിക ലോകത്തെ മഹാപ്രതിഭകൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെയുണ്ട്.
എനിക്ക് ഒരു മഹത്തായ സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടുവെന്നാണ് ബ്രസീലിയൻ ഫുട്ബാളിെൻറ നൃത്ത സൗന്ദര്യം ലോകത്തിന് സമ്മാനിച്ച പെലെ അനുസ്മരിച്ചത്. ഒരു ദിനം, നാം ഒരുമിച്ച് സ്വർഗത്തിൽ പന്തു തട്ടുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നു കൂടി പെലെ പറയുേമ്പാൾ ആ വാക്കുകളിൽ അടക്കം ചെയ്ത ദുഃഖത്തിെൻറ ഭാരം വ്യക്തമാണ്.
മറഡോണ എക്കാലവും നമ്മോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം അനശ്വരനാണെന്നുമായിരുന്നു ലയണൽ മെസ്സി പ്രതികരിച്ചത്. അർജൻറീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിെൻറ ദിനമാണ്. അദ്ദേഹത്തിെൻറ ഓർമകൾ എക്കാലവും മനസ്സിൽ മായാതെ നിൽക്കുമെന്നും ഡീഗോയുടെ പിന്മുറക്കാരനായും ശിഷ്യനായുമൊക്കെ ആധുനിക ഫുട്ബാളിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർതാരം കൂട്ടിച്ചേർത്തു.
സമാനതകളില്ലാത്ത മാന്ത്രികനാണ് വിടവാങ്ങിയതെന്നായിരുന്നു ആക്രമണ ഫുട്ബാളിെൻറ അധിപൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം. ഞാനൊരു സുഹൃത്തിനാണ് യാത്ര പറയുന്നത്, ലോകമാകട്ടെ ഒരു നിത്യപ്രതിഭക്കും. എക്കാലത്തെയും ഏറ്റവും മികച്ചവരിലൊരാൾ, പരിമിതികളില്ലാത്ത പൈത്യകവും ഒരിക്കലും നികത്താനാകാത്ത വിടവും ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. നിങ്ങളൊരിക്കലും മറവിയിൽ മായില്ല - ഫുട്ബാൾ ഇതിഹാസത്തോട് മനസിൽ സൂക്ഷിക്കുന്ന ആരാധന മറച്ചുവെച്ചില്ല ക്രിസ്റ്റ്യാനോ.
ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് ഫുട്ബാൾ കണ്ടതെന്നാണ് ക്രിക്കറ്റ് കളങ്ങളിലെ പോരാളിയായ സൗരവ് ഗാംഗുലി കുറിച്ചത്. എെൻറ ആരാധ്യപുരുഷൻ ഓർമയായി.... കിറുക്കനായ ബുദ്ധിശാലിക്ക് നിത്യശാന്തി - ആരാധനയോളം വളർന്ന ഇതിഹാസപ്രേമം ഗാംഗുലി അങ്ങനെയാണ് വ്യക്തമാക്കിയത്.
'ഫുട്ബോളിനും കായിക ലോകത്തിനും അതിെൻറ ഏറ്റവും മഹത്തായ കളിക്കാരിൽ ഒരാളെ നഷ്ടമായെന്നായിരുന്നു ക്രിക്കറ്റിലെ മറഡോണയായ സചിൻ ടെണ്ടുൽക്കറുടെ ട്വീറ്റ്.
മൈതാനങ്ങൾക്കപ്പുറത്തേക്ക് പടർന്ന ഇതിഹാസപ്രഭ സ്വാധീനിച്ചവരിൽ കായികലോകത്തുള്ളവർ മാത്രമായിരുന്നില്ല ഉള്ളത്. ഫുട്ബാളിനെ മനോഹര കളിയെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കാണിച്ചു തന്ന മാന്ത്രികനായിരുന്നു മറഡോണയെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 'ദൈവത്തിെൻറ കൈ' ഐതിഹ്യമായിരിക്കുന്നുവെന്നാണ് ഡീഗോയുടെ വേർപാടിനെ സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.