വാർത്തസമ്മേളനത്തിനിടെ പാനീയം റൊണോൾഡോ എടുത്തു മാറ്റി; കൊക്ക കോളക്കുണ്ടായത് കോടികളുടെ നഷ്ടം
text_fieldsലണ്ടൻ: യുറോ കപ്പ് വാർത്തസമ്മേളനത്തിനിടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന് പിന്നാലെ കോർപ്പറേറ്റ് ഭീമൻ കൊക്ക കോളക്കുണ്ടായത് കോടികളുടെ നഷ്ടം. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്ക കോളയുടെ ആസ്തി 342 ബില്യൺ ഡോളറിൽ നിന്ന് 338 ബില്യൺ ഡോളറായി കുറഞ്ഞു. നാല് ബില്യൺ ഡോളറിെൻറ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
കഴിഞ്ഞ ദിവസം യുറോ കപ്പ് വാർത്ത സമ്മേളനത്തിനായി എത്തിയ റൊണോൾഡോ ആദ്യം ചെയ്തത് കൊക്ക കോള രണ്ട് കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന് ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും സമം ചേർത്ത് ചുറ്റുംനിന്നവർക്ക് ഉപദേശം നൽകാനും റോണോ മറന്നില്ല: ''വെള്ളമാണ് കുടിക്കേണ്ടത്''. പാതി മറഞ്ഞാണെങ്കിലും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് കമ്പനിക്ക് തിരിച്ചടിയേറ്റത്.
ഭക്ഷണ കാര്യത്തിൽ എന്നും കടുപ്പക്കാരനായ 36 കാരന് കോളകളോട് ഇഷ്ടമില്ലെന്ന നിലപാട് പരസ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്‍റെ മകൻ ഇതേ ഇഷ്ടം പാലിക്കാത്തതിൽ മുമ്പ് റൊണാൾഡോ പരിഭവം പങ്കുവെച്ചിരുന്നു. ''മകൻ വലിയ ലോക ഫുട്ബാളറാകുമോ എന്ന് കണ്ടറിയണം. പക്ഷേ, അവൻ കോള കുടിച്ചും ക്രിസ്പുകൾ നുണഞ്ഞും നിൽക്കുന്നത് എന്നെ അസ്വസ്ഥെപ്പടുത്തുന്നു''- എന്നായിരുന്നു അന്ന് പ്രതികരണം. തണുത്ത വെള്ളത്തിൽ മുങ്ങിനിവരാൻ ആവശ്യപ്പെട്ടാൽ അതുപോലും അവനിഷ്ടമാകുന്നില്ലെന്നും പക്ഷേ, 10 വയസ്സുകാരനായതിനാൽ തത്കാലം ക്ഷമിക്കാമെന്നും കൂട്ടത്തിൽ പറഞ്ഞിരുന്നു. ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു വാർത്ത സമ്മേളനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.