യൂറോയിൽ സമനിലമേളം; ഡബ്ളടിച്ച് ക്രിസ്റ്റ്യാനോയും ബെൻസേമയും; പോർച്ചുഗലും ജർമനിയും പ്രീക്വാർട്ടറിൽ
text_fields
ലണ്ടൻ: മരണ ഗ്രൂപായ എഫിലെ ഹൈ വോൾട്ടേജ് പോരാട്ടങ്ങൾക്ക് രാത്രി വൈകി വേദിയുണർന്ന യൂറോയിൽ രണ്ടു േഗാൾ വീതമടിച്ച് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിച്ച് ജർമനിയും പോർച്ചുഗലും ഫ്രാൻസും. വിജയം മോഹിപ്പിച്ച് രണ്ടുവട്ടം ഗോളടിച്ച് മുന്നിലെത്തിയിട്ടും അവസാനം സമനില വഴങ്ങി പുറത്തായി ഹംഗറി. വമ്പൻ പോരുകൾ കാണാനിരിക്കുന്ന പ്രീ ക്വാർട്ടറിൽ ജർമനിക്ക് ഇനി എതിരാളികൾ ഇംഗ്ലണ്ട്.
ഹംഗറിക്ക് ഹൃദയാഘാതം; ജർമനിക്ക് സമാധാനം
പുഷ്കാസ് അറീനയിൽ പതിനായിരങ്ങൾ ആവേശത്തോടെ ഒഴുകിയെത്തിയത് ജർമൻ വീര്യത്തെ പിടിച്ചുകെട്ടി ഹംഗറി നോക്കൗട്ട് ഉറപ്പിക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനായിരുന്നു. അത് സംഭവിച്ചുവെച്ച് രണ്ടുവട്ടം തോന്നിച്ച ശേഷം കീഴടങ്ങുേമ്പാൾ ഒരു നാട് കണ്ണീരൊഴുക്കുന്നതായിരുന്നു കാഴ്ച. ജർമനിയെ തുടക്കത്തിൽ ഞെട്ടിച്ച ഹംഗറിക്കായി ആഡം സെലായി (11), ആൻഡ്രാസ് സ്കാഫർ( 68) എന്നിവർ ഗോൾ നേടി. ഒാരോ ഗോളും ഹംഗറിയെ മുന്നിലെത്തിക്കുകയും ചെയ്തതാണ്. രണ്ടുവട്ടവും ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചടിച്ച് ജർമനി സമനിലയുമായി ഗ്രൂപിൽ രണ്ടാമന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ചു. കായ് ഹാവെട്സും(66), ലിയോൺ ഗോറസ്ക(84)യുമാണ് ജർമനിക്കായി ഗോൾ നേടിയത്. ആദ്യ കളിയിൽ ലോകചാമ്പ്യൻ ഫ്രാൻസിനെ പിടിച്ചുകെട്ടിയെങ്കിലും ക്രിസ്റ്റ്യാനോ എതിരാളിയായി എത്തിയ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ കാൽഡസൻ ഗോളുകൾക്ക് വീണുപോയതോടെ ഹംഗറിയെ എഴുതിത്തള്ളിയവരായിരുന്നു ഏറെയും. എന്നാൽ, ജർമനിക്കെതിരെ കളി തുടങ്ങിയതോടെ എല്ലാം മാറ്റിമറിച്ചായിരുന്നു 11ാം മിനിറ്റിൽ തന്നെ ആതിഥേയർ സ്കോർ ബോർഡ് ചലിപ്പിച്ചത്. റൊളാങ് സല്ലായ് നൽകിയ ലോങ്റേഞ്ച് പാസ് ലക്ഷ്യത്തിലെത്തിച്ച് നായകൻ സലായ് ആയിരുന്നു സ്കോറർ. ഡൈവ് ചെയ്ത് നൽകിയ ഹെഡർ മാനുവൽ നോയറെ വീഴ്ത്തിയപ്പോൾ ഗാലറി പ്രകമ്പനം കൊണ്ടു. പക്ഷേ, ഹംഗറി ഗോളി പീറ്റർ ഗുലക്സിയുടെ വീഴ്ച മുതലെടുത്ത് ചെൽസി താരം ഹാവെർട്സ് സമാനമായി നൽകിയ ഹെഡർ ജർമനിയെ ഒപ്പമെത്തിചുച. പിന്നെയും തല ഗോളടിക്കുന്നതായിരുന്നു മൈതാനത്തെ കാഴ്ച. ഹംഗറിയുടെ ഷാഫറുടെതായിരുന്നു ഹെഡർ ഗോൾ. ഇതോടെ അവസാന 16ൽ ഇടമുറപ്പിച്ച ഹംഗറിയുടെ നെഞ്ചു പിളർത്തി ഗോരറ്റ്സ്ക രക്ഷകനായതോടെ ചിത്രം വീണ്ടും മാറി. ജർമനി പ്രീ ക്വാർട്ടറിൽ.
ചാമ്പ്യൻ പോര്
ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മിലുള്ള മത്സരത്തിൽ പെനാൽറ്റിയാണ് വിധി നിർണയിച്ചത്. 31, 60 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി രണ്ടും ഗോളാക്കി പോർചുഗലിനെ ക്രിസ്റ്റ്യാനോ കാത്തപ്പോൾ, കരീം ബെൻസേമയാണ് ഫ്രാൻസിനെ തോൽക്കാതെ രക്ഷിച്ചത്. 45ാം മിനിറ്റിൽ പെനാൽറ്റിയിലും 47ാം മിനിറ്റിൽ പോഗ്ബയുടെ മനോഹര അസിസറ്റിലുമാണ് ബെൻസേമ ഗോൾ നേടിയത്.
ഇതോടെ, അഞ്ചു പോയൻറുമായി ഫ്രാൻസും നാലു പോയൻറുമായി ജർമനിയും മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ പോർചുഗലും മുന്നേറി. രണ്ട് പോയിൻറ് മാത്രമുള്ള ഹംഗറി ഇതോടെ ടൂർണമെൻറിൽ നിന്നും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.