യുവതുർക്കി! ഓസ്ട്രിയയെ വീഴ്ത്തി തുർക്കിയ യൂറോ ക്വാർട്ടറിൽ
text_fieldsമ്യൂണിക്ക്: പ്രതിരോധ താരം മെറീഹ് ഡെമിറലിന്‍റെ ചിറകിലേറി തുർക്കിയ യൂറോ കപ്പ് ക്വാർട്ടറിൽ. ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് യുവതുർക്കികളുടെ പടയോട്ടം. തുർക്കിയയുടെ രണ്ടു ഗോളുകളും നേടിയത് ഡെമിറലാണ്. ഓസ്ട്രിയക്കായി മൈക്കൽ ഗ്രിഗോറിഷ് ഒരു ഗോൾ മടക്കി.
ക്വാർട്ടറിൽ തുർക്കിയ നെതർലൻഡ്സുമായി ഏറ്റുമുട്ടും. കളി തുടങ്ങി 58ാം സെക്കൻഡിൽതന്നെ ഡെമിറലിന്‍റെ ഗോളിലൂടെ തുർക്കിയ ലീഡെടുത്തു. യൂറോ കപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. തുർക്കിയക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. കോർണറിൽനിന്ന് ഉയർന്നുവന്ന പന്ത് പോസ്റ്റിനു മുന്നിൽ ഓസ്ട്രിയൻ താരങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വന്നു വീണത് ഡെമിറലിന്‍റെ മുന്നിൽ. ക്ലോസ് റേഞ്ചിൽനിന്നുള്ള താരത്തിന്‍റെ ഷോട്ട് വലയിൽ.
അപ്രതീക്ഷിത ഗോൾ വഴങ്ങിയതോടെ ഓസ്ട്രീയൻ താരങ്ങൾ ഉണർന്നുകളിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രിയ ഗോളിനടുത്തെത്തി. എന്നാൽ, ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ക്രിസ്റ്റോഫ് ബോംഗാർട്നറിന്‍റെ നിലംപറ്റെയുള്ള ഷോട്ട് പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്ക്. തുർക്കിയക്ക് ഗോൾ നേടിക്കൊടുത്തതിന് സമാനമായി ഓസ്ട്രിയക്കും അഞ്ചാം മിനിറ്റിൽ കോർണറിൽനിന്ന് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ ഏഴു മിനിറ്റിനുള്ളിൽ തന്നെ ഇരുടീമുകൾക്കും ഒന്നിലധികം അവസരങ്ങളാണ് ലഭിച്ചത്. തുർക്കിയക്കായി അർദ ഗുലറിനു പുറമെ, മറ്റൊരു കൗമാരതാരമായ കെനാൻ യിൽദിസും പ്ലെയിങ് ഇലവനിലെത്തി. 1964ൽ ഹംഗറിയാണ് ഇതിനു മുമ്പ് യൂറോ നോക്കൗട്ടിൽ രണ്ടു കൗമാര താരങ്ങളെ പ്ലെയിങ് ഇലവനിൽ കളിപ്പിച്ചത്.
ഇരുടീമുകളും അറ്റാക്കിങ് ഫുട്ബാൾ കളിച്ചതോടെ മത്സരവും ത്രില്ലിങ്ങായി. ഗോൾ വീണത് മാറ്റി നിർത്തിയാൽ, ആദ്യ പകുതിയിൽ ഏറെക്കുറെ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, ഇടവേളക്കുശേഷം ഓസ്ട്രിയ കൂടുതൽ അപകടകാരികളായി. തുടരെ തുടരെ തുർക്കിയയുടെ ബോക്സിലേക്ക് ഇരച്ചുകയറികൊണ്ടിരുന്നു. ഗോൾ കീപ്പർ മെർട്ട് ഗുണോക്കിന്‍റെ സേവുകളാണ് പലപ്പോഴും തുർക്കിയയുടെ രക്ഷക്കെത്തിയത്. മത്സരത്തിൽ ഒപ്പം പിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഓസ്ട്രിയയെ ഞെട്ടിച്ച് തുർക്കിയ വീണ്ടും വലയിൽ നിറയൊഴിച്ചത്.
അർദ ഗുലറെടുത്ത കോർണർ കിക്കിൽനിന്ന് വന്ന പന്ത് ഡെമിറൽ ഒന്നാംതരം ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. അധികം വൈകാതെ പകരക്കാരനായി കളത്തിലിറങ്ങിയ മൈക്കൽ ഗ്രിഗോറിഷ് ഓസ്ട്രിയക്കായി ഒരു ഗോൾ മടക്കി. മാർസൽ സബിറ്റ്സറിന്‍റെ കോർണർ പന്ത് സ്റ്റെഫാൻ പോഷ് പോസ്റ്റിനു മുന്നിലേക്ക് തലകൊണ്ട് തട്ടിയിട്ടു. പന്ത് വീണത് നേരെ ഗ്രിഗോറിഷിന്‍റെ മുന്നിൽ. താരത്തിന്‍റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾ കീപ്പറിന് ഒരവസരവും നൽകാതെ വലയിൽ.
പിന്നാലെ തുർക്കിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഓസ്ട്രിയ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുർക്കിയയുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. ഇൻജുറി ടൈമിന്‍റെ അവസാന സെക്കൻഡുകളിൽ ഗോളെന്നുറപ്പിച്ച ഹെഡർ തുർക്കിയ ഗോൾകീപ്പർ ഗുണോക്ക് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി. തുർക്കിയ 2-1 വിജയവുമായി ക്വാർട്ടറിലേക്ക്. മത്സരത്തിലുടനീളം ഗോളിലേക്കായി 20 ഷോട്ടുകളാണ് ഓസ്ട്രിയ തൊടുത്തത്, തുർക്കിയയുടെ കണക്കിൽ ആറെണ്ണം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.