ക്രോട്ട് കോട്ട വിറച്ചു! അൽബേനിയയോട് സമനിലയിൽ രക്ഷപ്പെട്ട് ക്രൊയേഷ്യ (2-2)
text_fieldsഹാംബർഗ്: ഇത്തിരികുഞ്ഞന്മാരായ അൽബേനിയയുടെ ആക്രമണത്തിനു മുന്നിൽ പേരുകേട്ട ക്രോട്ട് കോട്ട വിറച്ചു. യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ തോൽക്കാൻ മനസ്സില്ലാത്ത അൽബേനിയയോട് കഷ്ടിച്ച് സമനില കൊണ്ട് രക്ഷപ്പെട്ട് ക്രൊയേഷ്യ. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
ആക്രമണവും പ്രത്യാക്രമണവുമായി ത്രില്ലർ പോരാട്ടത്തിനാണ് ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റ രണ്ടു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഹാംബർഗിലെ ഫോക്സ്പാർക്ക് സ്റ്റേഡിയം സാക്ഷിയായത്. ക്രൊയേഷ്യക്കായി അന്ദ്രെ ക്രമാറിച് (74ാം മിനിറ്റിൽ) വലകുലുക്കിയപ്പോൾ മറ്റൊരു ഗോൾ ക്ലോസ് ജസുലയുടെ ഓൺ ഗോളായിരുന്നു (76ാം മിനിറ്റിൽ). അൽബേനിയക്കായി ഖാസിം ലാസി (11ാം മിനിറ്റിൽ), ക്ലോസ് ജസുല (90+5) എന്നിവരാണ് ഗോൾ നേടിയത്.
ആദ്യ പകുതിയിൽ നിറംമങ്ങിയ ക്രൊയേഷ്യ, രണ്ടാം പകുതിയിൽ കളംനിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. എന്നാൽ, മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ അൽബേനിയയുടെ തുടരാക്രമണങ്ങളിൽ ക്രൊയേഷ്യൻ ഗോൾ മുഖം പലതവണ വിറച്ചു. മത്സരത്തിൽ ആദ്യം ലീഡെടുത്തത് അൽബേനിയയാണ്. ജാസിർ അസാനി ടച്ച് ലൈനിന്‍റെ വലതു ഭാഗത്തുനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ ലോങ് ക്രോസ് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന് ലാസി പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഡൊമിനിക് ലിവാകോവിചിന് അനായാസം കൈയിലൊതുക്കാമായിരുന്നു പന്താണ് വലയിൽ കയറിയത്.
ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് പായിക്കാൻ ക്രൊയേഷ്യൻ താരങ്ങൾക്കായില്ല. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമാണിത്. അൽബേനിയക്കായി യൂറോ കപ്പിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ് ഖാസിം ലാസി. ഇടവേളക്കുശേഷം ക്രൊയേഷ്യ ഉണർന്നു കളിച്ചു. ഒടുവിൽ മൂന്നു മിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ച് ക്രോട്ടുകൾ എതിരാളികളെ ഞെട്ടിച്ചു. ഗോളിനായുള്ള ക്രൊയേഷ്യയുടെ നിരന്തര ശ്രമങ്ങൾക്ക് 74ാം മിനിറ്റിലാണ് ഫലംകണ്ടത്. ബോക്സിനുള്ളിൽ ആന്‍റെ ബുദിമിർ നൽകിയ പന്ത് ആന്ദ്രെ ക്രമാറിച് അൽബേനിയൻ താരം എൽസീദ് ഹൈസാജിന്‍റെ കാലുകൾക്കിടയിലൂടെ വലയിലാക്കി. താരത്തിന്‍റെ 33ാം ജന്മദിനത്തിലാണ് ടീമിനായി താരം സമനില ഗോൾ നേടുന്നത്.
ജീൻ ഫ്രാങ്കോയിസ്, വെസ്ലി സ്നൈഡർ എന്നിവർക്കുശേഷം യൂറോയിൽ ജന്മദിനത്തിൽ ഗോൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ക്രമാറിച്. രണ്ടു മിനിറ്റിനുള്ളിൽ അൽബേനിയൻ താരം ക്ലോസ് ജസുലയുടെ ഓൺ ഗോളിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. പകരക്കാരൻ മാരിയോ പസാലിക്കിനും ഗോളിൽ നിർണായക പങ്കുണ്ടായിരുന്നു. താരത്തിന്‍റെ ഗോളിലേക്കുള്ള ഷോട്ട് റീബൗണ്ടിൽ ജസുലയുടെ കാലിൽ തട്ടിയാണ് പോസ്റ്റിൽ കയറിയത്. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ പകരക്കാരനായി കളത്തിലിറങ്ങി സെൽഫ് ഗോളടിക്കുന്ന ആദ്യ താരമാണ് ജസുല.
അവസാന മിനിറ്റുകളിൽ സമനില ഗോളിനായി അൽബേനിയ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഈസമയം ക്രൊയേഷ്യ ചിത്രത്തിലെ ഉണ്ടായിരുന്നില്ല. ഒടുവിൽ ഇൻജുറി ടൈമിൽ ജസുല ടീമിനായി സമനില ഗോൾ നേടി ഓൺ ഗോൾ വഴങ്ങിയതിന്‍റെ സങ്കടം തീർത്തു. അൽബേനിയക്കും ക്രൊയേഷ്യക്കും ഒരു പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അൽബേനിയ മൂന്നാമതാണ്. സ്പെയിൻ, ഇറ്റലി ടീമുകൾക്ക് മൂന്നു പോയന്‍റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.