ഇംഗ്ലണ്ട്-ഡെന്മാർക്ക് ആദ്യ പകുതി ഒപ്പത്തിനൊപ്പം (1-1)
text_fieldsഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ ഇംഗ്ലണ്ട്-ഡെന്മാർക്ക് മത്സരത്തിൽ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. നായകൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനായും യുവതാരം മോർട്ടൻ ഹ്‌ജുല്‍മന്‍ഡ് ഡെന്മാർക്കിനായും വലകുലുക്കി.
തുടക്കം വിരസമായിരുന്നെങ്കിൽ ഗോൾ വീണതോടെ മത്സരം ചൂടുപിടിച്ചു. 18ാം മിനിറ്റിൽ കെയ്നിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. ഡെന്മാർക്ക് പ്രതിരോധ താരം വിക്ടർ ക്രിസ്റ്റ്യൻസെനിൽനിന്ന് പന്ത് തട്ടിയെടുത്ത് കെയ്‍ൽ വാക്കർ വലതു പാർശ്വത്തിലൂടെ ഓടിക്കയറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ഗോളിലെത്തിയത്. പ്രതിരോധ താരങ്ങളുടെ കാലുകളിൽ തട്ടി പന്ത് നേരെ ഹാരി കെയ്നിന്‍റെ മുന്നിലേക്ക്. താരത്തിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റിയില്ല. ഗോളിയെയും മറികടന്ന് വലയിലേക്ക്.
ഗോൾ വഴങ്ങിയതോടെ ഡാനിഷ് താരങ്ങൾ ഉണർന്നു കളിച്ചു. പലതവണ ഇംഗ്ലീഷ് ഗോൾ മുഖത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ഒടുവിൽ 33ാം മിനിറ്റിൽ മോർട്ടൻ ഹ്‌ജുല്‍മന്‍ഡിലൂടെ ഡെന്മാർക്ക് മത്സരത്തിൽ ഒപ്പമെത്തി. താരത്തിന്‍റെ 30 വാരെ അകലെനിന്നുള്ള കിടിലൻ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിനെയും മറികടന്ന് വലയിൽ. പിന്നെയും പലതവണ ഇംഗ്ലണ്ടിന്‍റെ ഗോൾമുഖത്ത് ഡാനിഷ് താരങ്ങൾ വെല്ലുവിളി ഉയർത്തി.
പന്ത് കൈവശം വെക്കുന്നതിൽ ഇംഗ്ലീഷ് താരങ്ങൾ അൽപം മുന്നിൽ നിന്നെങ്കിൽ ഷോട്ടുകളുടെ കണക്കിൽ ഡെന്മാർക്കിനായിരുന്നു മുൻതൂക്കം. ഒമ്പത് തവണയാണ് ഡാനിഷ് താരങ്ങൾ ഷോട്ട് തൊടുത്തത്, ഇംഗ്ലണ്ടിന്‍റെ കണക്കിൽ അഞ്ചെണ്ണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.