ചെക്കിനെ പിടിച്ചുകെട്ടി ജോർജിയ; മത്സരം സമനിലയിൽ (1-1)
text_fieldsഹാംബർഗ്: യൂറോ കപ്പ് ഗ്രൂപ്പ് എഫ് പോരിൽ ചെക്ക് റിപ്പബ്ലിക്കിന്‍റെ മിന്നലാക്രമണങ്ങളെ പ്രതിരോധിച്ച് ജോർജിയൻ പടയാളികൾ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
സ്കോർ ലൈൻ സൂചിപ്പിക്കുന്നതു പോലെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നില്ല കളത്തിൽ. ആക്രമണ ഫുട്ബാളിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും എതിരാളികളേക്കാൾ ചെക്ക് ബഹുദൂരം മുന്നിലായിരുന്നു. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മയാണ് അവർക്ക് അർഹിച്ച വിജയം നഷ്ടപ്പെടുത്തിയത്. ഗോൾ കീപ്പർ ജോർജി മമർദാഷ്വിലിയുടെ കിടിലൻ സേവുകളും ജോർജിയയുടെ രക്ഷക്കെത്തി. ഗോളെന്നുറപ്പിച്ച അരഡസനിലധികം ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്.
പെനാൽറ്റിയിലൂടെ ജോർജസ് മിക്കൗതാഡ്സെയാണ് ജോർജിയക്കായി ഗോൾ നേടിയത്. പാട്രിക് ഷിക്ക് ചെക്കിനായി വലകുലുക്കി. ആദ്യ പകുതിയിൽ 11 തവണയാണ് ചെക്ക് ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്, ജോർജിയയുടെ കണക്കിൽ ഒന്നു മാത്രം. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന സെക്കൻഡുകളിലാണ് (45+4) ജോർജിയ ലീഡെടുക്കുന്നത്. ബോക്സിനുള്ളിൽ ചെക്ക് താരം റോബിൻ ഹ്രനാക്കിന്‍റെ കൈയിൽ പന്ത് തട്ടിയതിന് വാർ പരിശോധനയിലാണ് പെനാൽറ്റി നൽകുന്നത്. കിക്കെടുത്ത ജോർജ് മിക്കൗതാഡ്സെ പന്ത് അനായാസം വലയിലെത്തിച്ചു.
ഇടവേളക്കുശേഷവും ചെക്ക് റിപ്പബ്ലിക്കിന്‍റെ ആക്രമണ ഫുട്ബാളിന് മറ്റൊമൊന്നുമുണ്ടായില്ല. അവസരങ്ങൾ കിട്ടുമ്പോൾ മാത്രമാണ് ജോർജിയ ചെക്ക് ബോക്സിലെത്തിയത്. ഒടുവിൽ 59ാം മിനിറ്റിൽ ടീം അർഹിച്ച ഗോളുമെത്തി. കോർണറാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിലേക്ക് വന്ന പന്ത് ഉയർന്നുചാടി ഒൻഡ്രെജ് ലിംഗർ തല കൊണ്ട് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് തൊട്ടു മുന്നിലുണ്ടായിരുന്ന ഷിക്കിന്‍റെ നെഞ്ചിൽ തട്ടി വലയിലേക്ക് തന്നെ കയറി.
ലീഡിനായി ചെക്ക് താരങ്ങൾ തുടരെ തുടരെ ജോർജിയൻ ബോക്സിലേക്ക് ഇരച്ചുകയറി കൊണ്ടിരുന്നു. എന്നാൽ നീക്കങ്ങളെല്ലാം ജോർജിയൻ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ജോർജിയക്ക് സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ചെക്ക് ഗോളിലേക്ക് തൊടുത്ത 26 ഷോട്ടുകളിൽ 11 എണ്ണവും ടാർഗറ്റിലേക്കായിരുന്നു. ജോർജിയ അഞ്ചു ഷോട്ടുകളാണ് ഗോളിലേക്ക് അടിച്ചത്. ഇരുടീമുകളും ആദ്യ മത്സരത്തിൽ തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.