തുർക്കിയക്കെതിരെ പോർചുഗൽ രണ്ടു ഗോളിനു മുന്നിൽ
text_fieldsഡോർട്ട്മുണ്ട്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ തുർക്കിയക്കെതിരെ പോർചുഗൽ രണ്ടു ഗോളിനു മുന്നിൽ.
21ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ തുർക്കിയ താരം സാമെത് അകയ്ദീന്‍റെ ഓൺ ഗോളായിരുന്നു. ആദ്യ 15 മിനിറ്റ് ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും.
ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് ന്യൂനോ മെൻഡിസ് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. തുർക്കിഷ് താരത്തിന്‍റെ കാലിൽതട്ടി ഗതിമാറി വന്ന പന്ത് ബെർണാഡോ സിൽവ വലയിലേക്ക് അടിച്ചുകയറ്റി. പോർചുഗലിനായി താരത്തിന്‍റെ 12ാം ഗോളാണിത്.
ഏഴു മിനിറ്റിനുള്ളിൽ തുർക്കിയ വലയിൽ രണ്ടാം ഗോളുമെത്തി. തുർക്കിയ താരങ്ങൾക്കിടയിലെ ആശയക്കുഴപ്പമാണ് ഓൺ ഗോളിൽ കലാശിച്ചത്. പ്രതിരോധ താരം സാമെത് അകയ്ദീൻ ഗോളിക്ക് നൽകിയ മൈനസ് പാസാണ് വലയിൽ കയറിയത്. ഈസമയം ഗോൾകീപ്പർ അൽതയ് ബയിന്ദിർ മുന്നോട്ടു കയറിവന്നതിനാൽ പന്ത് നേരെ പോസ്റ്റിലേക്കാണ് പോയത്. ഗോൾ കീപ്പറും മറ്റൊരു താരവും പന്ത് തടയാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു മുമ്പേ വര കടന്നിരുന്നു.
പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പോർചുഗലിനാണ് മുൻതൂക്കം. ഇന്നത്തെമത്സരത്തിൽ ജയിക്കുന്നവർക്ക് പ്രീ ക്വാർട്ടറിലെത്താനാകും. ആദ്യ മത്സരം പോർചുഗലും തുർക്കിയയും ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.