ഇംഗ്ലണ്ടും ഇറ്റലിയും ഒരു ഗ്രൂപ്പിൽ; 2024 യൂറോ യോഗ്യത മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകളായി
text_fields2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ യൂറോ കപ്പിലെ ഫൈനലിസ്റ്റുകളായ ഇറ്റലിയും ഇംഗ്ലണ്ടും ഒരേ ഗ്രൂപ്പിലാണെന്നതാണ് ശ്രദ്ധേയം.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശ ഫൈനലിൽ അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കിരീടം ചൂടുകയായിരുന്നു. കന്നി യൂറോ കിരീടമെന്ന ഇംഗ്ലീഷ് ആരാധകരുടെ മോഹമാണ് വെംബ്ലി സ്റ്റേഡിയത്തിൽ ഇല്ലാതായത്. ജർമനിയാണ് യൂറോ കപ്പിന്‍റെ 17ാം പതിപ്പിന് ആതിഥ്യം വഹിക്കുന്നത്.
ജർമനി ഉൾപ്പെടെ 24 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. യോഗ്യത റൗണ്ടിൽ 53 ടീമുകളുണ്ട്. അഞ്ചു രാജ്യങ്ങൾ വീതം ഉൾപ്പെടുന്ന ഏഴു ഗ്രൂപ്പുകളും ആറു രാജ്യങ്ങൾ വീതം ഉൾപ്പെടുന്ന മൂന്നു ഗ്രൂപ്പുകളുമാണുള്ളത്. ഈ ഗ്രൂപ്പുകളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർ യൂറോ കപ്പ് അന്തിമ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടും. കൂടാതെ, നാഷൻസ് ലീഗ് പ്ലേ ഓഫ് കളിച്ച് മൂന്ന് രാജ്യങ്ങൾക്കും അന്തിമ റൗണ്ടിലെത്താനാകും.
ഫ്രാൻസ്, നെതർലാൻഡ്സ്, അയർലൻഡ്, ഗ്രീസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബിയാണ് മരണഗ്രൂപ്പ്. സ്പെയിൻ, നോർവെ, സ്കോട്ട്ലാൻഡ് എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പ് സിയിൽ ഇറ്റലി, ഇംഗ്ലണ്ട് എന്നിവക്കു പുറമെ യുക്രെയ്ൻ, നോർത്ത് മാസിഡോണിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ക്രൊയേഷ്യ, വെയിൽസ്, തുർക്കി എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് ഡിയിലാണ്.
ബെൽജിയം, ഓസ്ട്രിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ ഗൂപ്പ് എഫിലും സെർബിയ, ഹംഗറി, ബൽഗേറിയ രാജ്യങ്ങൾ ഗ്രൂപ്പ് ജിയിലുമാണ്. ഡെൻമാർക്ക്, ഫിൻലാൻഡ്, സ്ലോവേനിയ എച്ച് ഗ്രൂപ്പിലും സ്വിറ്റ്സർലൻഡ്, ഇസ്രായേൽ, റൊമാനിയ ഐ ഗ്രൂപ്പിലും പോർച്ചുഗൽ, സ്ലോവാക്യ, ഐസ് ലാൻഡ് ഗ്രൂപ്പ് ജെയിലുമാണ്.
ജെർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഞായറാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്. യോഗ്യത റൗണ്ട് ഒരു വർഷം നീണ്ടും നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.