വലകുലുക്കി ക്രിസ്റ്റ്യാനോ; ലിച്ചെൻസ്റ്റീനെ തകർത്ത് പോർചുഗൽ (2-0)
text_fieldsയൂറോ 2024 യോഗ്യത മത്സരത്തിൽ ഇത്തിരി കുഞ്ഞന്മാരായ ലിച്ചെൻസ്റ്റീനെ തകർത്ത് പോർചുഗൽ. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു പോർചുഗലിന്‍റെ ജയം.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (46ാം മിനിറ്റിൽ), ജാവോ കാൻസലോ (57ാം മിനിറ്റിൽ) എന്നിവരാണ് ഗോൾ നേടിയത്. അടുത്ത വർഷം ജർമനി വേദിയാകുന്ന ടൂർണമെന്‍റിലേക്ക് പോർചുഗൽ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. മത്സരത്തിൽ പോർചുഗൽ സമ്പൂർണ ആധിപത്യം നിലനിർത്തിയെങ്കിലും ആദ്യ പകുതിയിൽ എതിരാളികളുടെ വലകുലുക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ക്രിസ്റ്റ്യാനോയിലൂടെ പോർചുഗൽ ലീഡെടുത്തു. ഡിയോഗോ ജോട്ട നൽകിയ ത്രൂബാൾ താരം മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ താരത്തിന്‍റെ അന്താരാഷ്ട്ര ഗോൾ നേട്ടം 128 ആയി. ലിച്ചെൻസ്റ്റീൻ ഗോൾ കീപ്പർ ബുഷെലിന്‍റെ പിഴവാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അന്‍റോണിയോ സിൽവയുടെ അസിസ്റ്റിൽനിന്നാണ് കാൻസലോ ലീഡെടുത്തത്. 86ാം മിനിറ്റിൽ പോർചുഗൽ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ്സൈഡ് വിധിച്ചു.
മത്സരത്തിൽ 83.8 ശതമാനവും പന്ത് കൈവശം വെച്ചത് പോർചുഗലായിരുന്നു. ഗോൾ ലക്ഷ്യമാക്കി 29 ഷോട്ടുകൾ തൊടുത്തപ്പോൾ ലിച്ചെൻസ്റ്റീന്‍റെ അക്കൗണ്ടിൽ വെറും അഞ്ചെണ്ണം മാത്രമാണുള്ളത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 27 പോയന്‍റുമായി ജെ ഗ്രൂപ്പിൽ ഒന്നാമതാണ് പോർചുഗൽ.
ഒരു മത്സരം പോലും ജയിക്കാത്ത ലിച്ചെൻസ്റ്റീൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. മൊറ്റൊരു മത്സരത്തിൽ ഐസ്ലാൻഡിനെ 4-2ന് തകർത്ത് സ്ലൊവാക്യയും ഗ്രൂപ്പിൽനിന്ന് രണ്ടാമതായി യൂറോ ബെർത്ത് ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.