മൂസിയാലയും വിർറ്റ്സും: ജർമനിക്ക് കളിമിടുക്കിന്റെ ‘യൂത്ത്ഫെസ്റ്റിവൽ’
text_fieldsമ്യൂണിക്ക്: യൂറോ കപ്പിന്‍റെ ഉദ്ഘാടനം മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആതിഥേയരായ ജർമനി. ഫിഫ റാങ്കിങ്ങിൽ 38ാം സ്ഥാനത്തുള്ള സ്കോട്ട്ലൻഡ് ജർമനിയുടെ കളിമിടുക്കിന് പറ്റിയ എതിരാളികൾ അല്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം.
യുവതാരങ്ങളുടെ ചിറകിലേറി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജർമൻ പട സ്കോട്ടിഷ് വീര്യത്തെ മറികടന്നത്. മത്സരത്തിന്‍റെ സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ ജർമനി ആദ്യ 19 മിനിറ്റിൽ തന്നെ രണ്ടു തവണ എതിരാളികളുടെ വലയിൽ പന്തെത്തിച്ചു. രണ്ടു ഗോളുകളും നേടിയത് ടീമിന്‍റെ യുവതാരങ്ങളായിരുന്നു. 10ാം മിനിറ്റിൽ ഓപ്പണിങ് ഗോളിലൂടെ ഫ്ലോറിയാൻ വിർറ്റ്സ് ചരിത്രത്തിലേക്ക് കൂടിയാണ് പന്ത് അടിച്ചുകയറ്റിയത്. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ജർമനിക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വിർറ്റ്സ്. 21 വയസ്സും 42 ദിവസവുമാണ് താരത്തിന്‍റെ പ്രായം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ഓപ്പണിങ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.
ഈ അറ്റാക്കിങ് മിഡ്ഫീൽഡർ സീസണിലെ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേർ ലെവർകുസന്‍റെ താരമാണ്. 19ാം മിനിറ്റിലാണ് മറ്റൊരു യുവ പ്രതീക്ഷയായ മൂസിയാലയും ടീമിനായി വലകുലുക്കുന്നത്. താരത്തിന്‍റെ പ്രായം 21 വയസ്സും 108 ദിവസും. യൂറോ കപ്പിൽ ജർമനിക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ്. ബയേൺ മ്യൂണിക്കിന്‍റെ താരമാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ. യൂറോ കപ്പിൽ 21 വയസ്സോ അതിനു താഴെയോ പ്രായമുള്ള ഒരു താരം പോലും ജർമനിക്കായി ഇതുവരെ ഗോൾ നേടിയിട്ടില്ല. യൂറോ കപ്പിലെ ഒരു മത്സരത്തിൽ 21 വയസ്സുള്ള രണ്ടു താരങ്ങൾ ടീമിനായി ഗോളടിക്കുന്നതും ആദ്യമായാണ്.
കായ് ഹാവെർട്സ് ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചതോടെ 3-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് ഒരു ടീം ആദ്യ പകുതിയിൽ മൂന്നു ഗോൾ നേടുന്നത്. 1984ൽ ഫ്രാൻസ് ബെൽജിയത്തിനെതിരെയും (3-0) 2016ൽ ഫ്രാൻസ് തന്നെ ഐസ് ലൻഡിനെതിരെയും (4-0). ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനാവാതെയാണ് സ്കോട്ട്ലൻഡ് ജർമനിക്കു മുന്നിൽ കീഴടങ്ങിയത്. 1992നുശേഷം ആദ്യമായാണ് ഒരു സുപ്രധാന ടൂർണമെന്‍റിൽ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാകാതെ ടീം ദയനീയമായി പരാജയപ്പെടുന്നത്. മത്സരത്തിൽ ടീം നേടിയ ഒരു ഗോൾ പോലും ജർമൻ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറിന്‍റെ വകയായിരുന്നു.
മത്സരത്തിൽ 68 ശതമാനും പന്ത് കൈവശം വെച്ചത് ആതിഥേയരായിരുന്നു. ജർമനി 19 ഷോട്ടുകൾ തൊടുത്തപ്പോൾ, സ്കോട്ട്ലൻഡിന്‍റെ കണക്കിൽ ഒന്നുപോലും ഇല്ലായിരുന്നു. ടീമിന് അനുകൂലമായി ഒരു കോർണർ പോലും ലഭിച്ചതുമില്ല. അപ്പോൾ തന്നെ മത്സരം എത്രത്തോളം ഏകപക്ഷീയമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഗുണ്ടോകനെ ബോക്സിൽ മാരകമായി ടാക്ക്ൾ ചെയ്തതിന് പ്രതിരോധ താരം റ്യാൻ പോർട്ട്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ടീം പത്തുപേരിലേക്ക് ചുരങ്ങിയതും സ്കോട്ട്ലൻഡിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.