പിന്നിൽനിന്ന് തിരിച്ചടിച്ച് ജയം പിടിച്ചെടുത്ത് യുക്രെയ്ൻ; സ്ലൊവാക്യയെ വീഴ്ത്തിയത് 2-1ന്
text_fieldsഡുസല്‍ഡോഫ്: ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽപോയെങ്കിലും, ഇടവേളക്കുശേഷം എതിരാളികളുടെ വലയിൽ രണ്ടെണ്ണം തിരിച്ചടിച്ച് യുക്രെയ്ന്‍റെ തേരോട്ടം. വമ്പന്മാരായ ബെൽജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് യുക്രെയ്ൻ തകർത്തുവിട്ടത്.
മിക്കോള ഷപാരെങ്കോ, റൊമാന്‍ യാറെംചുക് എന്നിവർ യുക്രെയ്നായി ഗോള്‍ നേടി. ഇവാന്‍ സ്‌ക്രാന്‍സാണ് സ്ലൊവാക്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയിൽ യുക്രെയ്ൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 17ാം മിനിറ്റിലാണ് സ്‌ക്രാന്‍സ് സ്ലൊവാക്യയെ മുന്നിലെത്തിക്കുന്നത്. ലുക്കാസ് ഹറാസ്ലിന്‍ ബോക്‌സിനകത്തുവെച്ച് വലതുവശത്തേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് സ്‌ക്രാന്‍സ് വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
ഇടവേളക്കുശേഷം 53ാം മിനിറ്റില്‍ ഷപാരെങ്കോയിലൂടെ യുക്രെയ്ൻ ഒപ്പമെത്തി. ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോയാണ് ഗോളിന് വഴിയൊരുക്കിയത്. 79-ാം മിനിറ്റിൽ എതിരാളികളെ ഞെട്ടിച്ച് യുക്രെയ്ൻ വിജയ ഗോൾ നേടി. ഷപാരെങ്കോ ബോക്‌സിനകത്തേക്ക് ഉയർത്തി നൽകിയ പന്ത് പ്രതിരോധ താരങ്ങളെ മറികടന്ന് ഓടിയെത്തിയ യാറെംചുക് മനോഹരമായി കാലിൽ നിയന്ത്രിച്ച് സ്ലൊവാക്യന്‍ ഗോള്‍ക്കീപ്പർ കൈവശപ്പെടുത്തും മുമ്പേ വലയിലേക്ക് പായിച്ചു.
ആദ്യമത്സരത്തില്‍ ബെല്‍ജിയത്തെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലെത്തിയ സ്ലൊവാക്യക്ക് യുക്രെയ്നെതിരെ ജയിച്ചിരുന്നെങ്കിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. യുക്രെയ്ൻ ആദ്യ മത്സരത്തിൽ റുമാനിയയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇ ഗ്രൂപ്പിലെ നോക്കൗട്ട് പോരാട്ടം കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.