ജോവിച് പൊന്നാണ്! സ്ലൊവേനിയക്കെതിരെ ഇൻജുറി ഗോളിൽ സമനില പിടിച്ച് സെർബിയ
text_fieldsമ്യൂണിക്ക്: യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഫൈനൽ വിസിലിന് നിമിഷങ്ങൾ ബാക്കി നിൽക്കെ, സ്ലൊവേനിയക്കെതിരെ സമനില പിടിച്ച് സെർബിയ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.
സാൻ കർനിക്നിക്കിലൂടെ 69ാം മിനിറ്റിൽ സ്ലൊവേനിയയാണ് ആദ്യം ലീഡെടുത്തത്. ടിമി മാകസ് എൽസ്നിക് ഗോൾ മുഖത്തേക്ക് നൽകിയ പന്ത് താരം വലയിലാക്കുകയായിരുന്നു. യൂറോ ടൂർണമെന്‍റിൽ സ്ലൊവേനിയ തങ്ങളുടെ ആദ്യ ജയം ഉറപ്പിച്ചിരിക്കെയാണ് കളി അവസാനിക്കാൻ 30 സെക്കൻഡുകൾ ബാക്കി നിൽക്കെ ലൂക ജോവിച്ചിലൂടെ സെർബിയ സമനില പിടിക്കുന്നത്.
ഇൻജുറി ടൈമിൽ (90+6) ടീമിന് അനുകൂലമായി ലഭിച്ച കോർണറാണ് ഗോളിലെത്തിയത്. ഇവാൻ ഐലിക്കിന്‍റെ കോർണർ കിക്കിൽ ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് ജോവിച് ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു.
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ടീമിന്‍റെ ആദ്യ ജയം ആഘോഷിക്കാനായി ഒരുങ്ങുന്ന സ്ലൊവേനിയൻ ആരാധകരുടെ നെഞ്ചകം തകർക്കുന്നതായിരുന്നു ആ സമനില ഗോൾ. ആദ്യ പകുതിയിൽ ആക്രമണ, പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല.
പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഗോളിനായി സെർബിയക്ക് അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 57 ശതമാനവും പന്ത് കൈവശം വെച്ചത് സെർബിയൻ താരങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.