ആവേശമില്ലാതെ ആദ്യ പകുതി; സ്പെയിൻ-ഇംഗ്ലണ്ട് പോരാട്ടം ഗോൾരഹിതം
text_fieldsബർലിൻ: യൂറോ കപ്പ് ഫൈനലിൽ സ്പെയിൻ-ഇംഗ്ലണ്ട് പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതം. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
ഫൈനലിന്‍റെ ആവേശമൊന്നും ആദ്യ 45 മണിക്കൂറിൽ കളത്തിൽ കണ്ടില്ല. പന്തടക്കത്തിൽ സ്പെയിൻ ബഹുദൂരം മുന്നിലാണെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ടീമിന് സൃഷ്ടിക്കാനായില്ല. ഇൻജുറി ടൈമിൽ ഫിൽ ഫോഡൻ തൊടുത്ത ഒരു ഷോട്ട് മാത്രമാണ് മത്സരത്തിൽ ടാർഗറ്റിലേക്ക് പോയ ഒരേയൊരു ഷോട്ട്. സ്പാനിഷ് നീക്കങ്ങളെല്ലാം ഫൈനൽ തേഡിൽ ഇംഗ്ലീഷ് പ്രതിരോധത്തിൽ തട്ടി വിഫലമായി.
കീരൺ ട്രിപ്പിയറിനു പകരം ലൂക് ഷായെ പ്ലെയിങ് ഇലവനിലിറക്കിയാണ് പരിശീലകൻ ഗരെത് സൗത് ഗേറ്റ് ടീമിനെ കളത്തിലിറക്കിയത്. തീരുമാനം തെറ്റിയില്ല, താരം ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിക്കോ വില്യംസ് വിങ്ങിലൂടെ ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല. കൗമാരതാരം ലമീൻ യമാലിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. സസ്പെൻഷൻ കാരണം സെമി ഫൈനൽ നഷ്ടമായ ഡാനി കാർവഹാലും റോബിൻ ലെ നോർമാൻഡും പ്രതിരോധനിരയിൽ തിരിച്ചെത്തിയത് സ്പെയിന് കരുത്തായി.
ഇംഗ്ലണ്ടും മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. സ്പെയിൻ നാലാം യൂറോ കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. 1964, 2008, 2012 യൂറോ കപ്പിൽ ടീം ചാമ്പ്യന്മാരായിരുന്നു. 2012ലെ യൂറോ കപ്പ് ജയത്തിനുശേഷം സ്പെയിൻ ആദ്യമായാണ് ഫൈനൽ കളിക്കുന്നത്.
സ്വന്തം മണ്ണിൽ 1966ൽ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂർണമെന്‍റുകളിലൊന്നും വിജയിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യൂറോ ഫൈനലിൽ സ്വന്തം നാട്ടിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. 58 വർഷത്തിനിടയിലെ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.