സ്പാനിഷ് ഫിനാലെ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ (2-1)
text_fieldsമ്യൂണിക്: ക്ലാസും കൗമാരവും മുഖാമുഖം നിന്ന ആവേശപ്പോര് ജയിച്ച് യൂറോ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് സ്പെയിൻ. ഇടമുറിയാ നീക്കങ്ങളുടെ മായിക വിരുന്നുമായി 90 മിനിറ്റും മനോഹര ഫുട്ബാൾ കണ്ട യൂറോ ആദ്യ സെമിയിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഫ്രാൻസിനെ മടക്കിയാണ് സ്പെയിൻ യൂറോ ഫൈനലിലെത്തിയത്.
കളിയുണർന്നത് സ്പാനിഷ് മുന്നേറ്റത്തോടെ. നീക്കങ്ങളിലും പന്തടക്കത്തിലും ഒരു ചുവട് മുന്നിൽനിന്ന ടീമിനായി ലാമിൻ യമാൽ ഇടതുവിങ്ങിലൂടെയെത്തി നീട്ടിനൽകിയ പാസ് ഗോൾ മണത്തെങ്കിലും സഹതാരം തലവെച്ചത് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. പിന്നെയും സ്പാനിഷ് നിരതന്നെയായിരുന്നു ചിത്രത്തിൽ. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം വല കുലുക്കിയത് ഫ്രാൻസ്.
ഒമ്പതാം മിനിറ്റിൽ ഡെംബലെയുടെ പാസ് ബോക്സിന്റെ ഇടതുവിങ്ങിൽ സ്വീകരിച്ച എംബാപ്പെ ഒന്നോ രണ്ടോ ടച്ചിൽ മറുവശത്തേക്ക് തളികയിലെന്ന പോലെ ഉയർത്തി നൽകിയപ്പോൾ കോലോ മുവാനി തലവെച്ചത് അനായാസം വലക്കുള്ളിൽ. 18ാം മിനിറ്റിൽ എംബാപ്പെയുടെ സുവർണ സ്പർശമുള്ള നീക്കം പിന്നെയും കണ്ടു. പ്രതിരോധനിരയെ മനോഹരമായി കടന്ന് പെനാൽറ്റി സ്പോട്ടിനു മുന്നിൽ ബുള്ളറ്റ് ഷോട്ട് പായിച്ചെങ്കിലും സ്‍പാനിഷ് താരത്തിന്റെ കാലിൽ തട്ടി മടങ്ങി.
പിറകെ കളി ഏറ്റെടുത്ത സ്പാനിഷ് മുന്നേറ്റത്തിന്റെ നിറഞ്ഞാട്ടമായിരുന്നു മൈതാനത്ത്. കഴിഞ്ഞ കളികളിലത്രയും വിങ്ങിൽ സ്പാനിഷ് ആക്രമണങ്ങളുടെ കുന്തമുനയായിനിന്ന പയ്യൻ യമാൽ വക 21ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. മുന്നിൽ നിറയെ ഫ്രഞ്ച് താരങ്ങൾ നിൽക്കെ അപ്രതീക്ഷിത ടച്ചിൽ ഇടതുമൂലയുടെ മുകളറ്റത്തേക്ക് പായിച്ച സമാനതകളില്ലാത്ത ഷോട്ടിൽ ഗോളി ചാടിനോക്കിയെങ്കിലും പോസ്റ്റിലുരുമ്മി വല കുലുങ്ങി. യൂറോയിൽ ഇത്തവണ എണ്ണമറ്റ റെക്കോഡുകൾ സ്വന്തം പേരിൽ ചേർത്ത യമാലിന് അതോടെ, ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ റെക്കോഡും സ്വന്തം പേരിലായി.
അവിടെയും നിർത്താതെ പാഞ്ഞ സ്പാനിഷ് അർമഡ അഞ്ചു മിനിറ്റിൽ ലീഡ് പിടിച്ചു. ഒൽമ പായിച്ച തകർപ്പൻ ഷോട്ട് അപകടമൊഴിവാക്കാൻ ഫ്രഞ്ച് താരം കൂണ്ടെ കാൽവെച്ചെങ്കിലും ചെറുതായി വഴിമാറി വലക്കണ്ണികളിൽ മുത്തമിട്ടു. ഈ യൂറോയിലെ താരത്തിന്‍റെ മൂന്നാമത്തെ ഗോളാണിത്. 37ാം മിനിറ്റിൽ ഒരിക്കലൂടെ യമാൽ തന്റെ മാജിക് സ്പോട്ടിൽ പന്തുമായി എത്തിയത് അപായമണി മുഴക്കി. താരം നേരിട്ട് അടിച്ചുകയറ്റുന്നതിന് പകരം ഫാബിയൻ റൂയിസിന് കൈമാറിയ പന്ത് അടിച്ചത് പുറത്തേക്ക് പോയി.
ഇടവേള കഴിഞ്ഞെത്തിയ ഫ്രാൻസ് മൈതാനത്ത് കൂടുതൽ ആക്രമണോത്സുകത കാണിച്ചു. നിരന്തരം വിങ്ങുകൾ മാറ്റിയും നീക്കങ്ങൾക്ക് അതിവേഗം നൽകിയും ഡെംബലെ-എംബാപ്പെ കൂട്ടുകെട്ട് ഭീതിവിതച്ചപ്പോൾ സുരക്ഷിതമായി കളി നയിച്ചും അത്യപൂർവമായി ഓടിക്കയറിയുമായിരുന്നു സ്പാനിഷ് ശൈലി. 76ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ഗോളി മാത്രം മുന്നിൽനിൽക്കെ അടിച്ചത് ഗാലറിയിലേക്ക് പറന്നു. 81ാം മിനിറ്റിൽ യമാൽ അടിച്ചതും സമാനമായി ഗാലറിയിൽ വിശ്രമിച്ചു. ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ച ഫ്രഞ്ചു പടയുടെ നീക്കങ്ങൾ പക്ഷേ, കർവാഹൽ ഇല്ലാത്ത സ്പാനിഷ് മതിലിൽ തട്ടി ഒടുങ്ങി. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പലവട്ടം പിറകിൽ നിന്നിട്ടും അർജന്റീനക്കെതിരെ ഒപ്പമെത്തിയ വീര്യം ഇത്തവണ പുറത്തെടുക്കാനാവാതെ വന്നതോടെ ഫ്രഞ്ചുകാർക്ക് ഒടുവിൽ കലാശപ്പോരില്ലാതെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.