സൂപ്പർ പോരാട്ടത്തിൽ ജോർജിയ കടന്ന് തുർക്കിയ (3-1)
text_fieldsഡോർട്ട്മുണ്ട്: യൂറോ കപ്പിലെ അത്യന്തം ആവേശകരമായ മത്സരങ്ങളിലൊന്നിൽ ജോർജിയൻ പോരാട്ടവീര്യം മറികടന്ന് തുർക്കിയ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന മത്സരത്തിൽ ആദ്യമായി യൂറോ കപ്പ് കളിക്കാനെത്തിയ ജോർജിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കിയ വീഴ്ത്തിയത്. മെർറ്റ് മുൽദൂർ (25ാം മിനിറ്റിൽ), അർദ ഗുലെർ (65), കെരീം അക്തുർകോഗ്ലു (90+7) എന്നിവരാണ് തുർക്കിയക്കായി വലകുലുക്കിയത്.
ജോർജിയയുടെ ആശ്വാസ ഗോൾ ജോർജ് മിക്കോട്ടഡ്സെയുടെ വകയായിരുന്നു. ഡോർട്ട്മുണ്ടിലെ ബി.വി.ബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 25ാം മിനിറ്റിൽ മെർറ്റ് മുൾദൂറിന്‍റെ കിടിലൻ വോളി ഗോളിലൂടെ തുർക്കിയയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനു പുറത്തുനിന്നുള്ള താരത്തിന്‍റെ വലങ്കാൽ വോളി പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് റോക്കറ്റ് വേഗതയിൽ പറന്നിറങ്ങുമ്പോൾ ജോർജിയയുടെ ഗോൾ കീപ്പർ ജോർജി മമർദാഷ്വിലി നിസ്സഹായനായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ കെനാൻ യിൽദിസിലൂടെ തുർക്കിയ വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി.
ഗോൾ വീണതോടെ ജോർജിയ ഉണർന്നു കളിക്കുന്നതാണ് കണ്ടത്. മികച്ച നീക്കങ്ങളുമായി തുർക്കിയ ബോക്സിൽ വെല്ലുവിളി ഉയർത്തി. അഞ്ചു മിനിറ്റിനുള്ളിൽ ജോർജിയ മത്സരത്തിൽ സമനില പിടിച്ചു. ബോക്സിന്‍റെ വലതുമൂലയിൽനിന്ന് ജോർജി കൊഷോരാഷ്വിലി നൽകിയ ക്രോസ് ജോർജ് മിക്കോട്ടഡ്സെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഒരു മേജർ ടൂർണമെന്‍റിന്‍റെ ഫൈനൽ സ്റ്റേജിൽ ആദ്യമായാണ് ജോർജിയ ഗോൾ നേടുന്നത്.
25 വാര അകലെ നിന്നുള്ള അർദ ഗുലറിന്‍റെ ഇടങ്കാൽ ബുള്ളറ്റ് ഷോട്ടാണ് ജോർജിയൻ ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ ടോപ് കോർണറിലേക്ക് തുളച്ച് കയറിയത്. കാൻ അയ്ഹനാണ് ഗോളിന് വഴിയൊരുക്കിയത്.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡിന്‍റെ താരമാണ് 19കാരനായ അർദ ഗുലർ. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ജോർജിയ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. തുർക്കിയയും ലീഡ് ഉയർത്താനുള്ള മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി.
ഇൻജുറി ടൈമിൽ ജോർജിയക്ക് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും ഗോളിൽ എത്തിക്കാനായില്ല. തൊട്ടുപിന്നാലെ ജോർജിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ ഗോൾ കീപ്പറും തുർക്കിയയുടെ ബോക്സിലെത്തി. ഈ അവസരം മുതലെടുത്താണ് കെരീം അക്തുർകോഗ്ലു തുർക്കിയക്കായി മൂന്നാം ഗോൾ നേടുന്നത്. കോർണറിനൊടുവിൽ ലഭിച്ച പന്തുമായി എതിർ ബോക്സിലേക്ക് മുന്നേറിയ താരം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റുകയായിരുന്നു.
പന്തടക്കത്തിൽ ഇരുടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. തുർക്കിയ 22 ഷോട്ടുകളാണ് തൊടുത്തത്, ജോർജിയയുടെ കണക്കിൽ 15 ഷോട്ടുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.