കോപയിലും യൂറോയിലും ഇനി എട്ടിെൻറ പണികൾ
text_fieldsകാൽപന്ത് ആരാധകരുടെ കണ്ണും മനവും യൂറോ കപ്പിലേക്കും കോപ അമേരിക്കയിലും പറിച്ചുനടപ്പെട്ടിട്ട് മൂന്നാഴ്ചയാവുന്നു. ടീമുകളെ ആറ്റിക്കുറുക്കി ഇരുടൂർണമെൻറുകളും ഇനി അവസാന എട്ട് (ക്വാർട്ടർ ഫൈനൽ) പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിലായി ഇരു ടൂർണമെൻറുകളിലുമായി എട്ടു നോക്കൗട്ട് മത്സരങ്ങൾ അരങ്ങേറുേമ്പാൾ എട്ടു ടീമുകൾ വിജയികളായി സെമി ഫൈനലിലേക്ക് മുന്നേറും. ബാക്കി എട്ടു ടീമുകൾക്ക് എട്ടിെൻറ പണി കിട്ടുകയും ചെയ്യും.
ആവേശ യൂറോ
യൂറോ കപ്പിലെ ടീമുകൾ 24ൽനിന്ന് 16 ആയി കുറഞ്ഞപ്പോൾ കാര്യമായ അട്ടിമറികളൊന്നും സംഭവിച്ചിരുന്നില്ല. പ്രമുഖ ടീമുകളെല്ലാം ആദ്യ റൗണ്ട് പിന്നിട്ട് പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ ബാക്കിയുള്ള ടീമുകളും ഏറക്കുറെ പ്രതീക്ഷിക്കപ്പെട്ടവ തന്നെ. എന്നാൽ, ഗ്രൂപ് റൗണ്ട് പോലെയായിരുന്നില്ല പ്രീക്വാർട്ടർ. പല മത്സരങ്ങളിലും ആവേശം കൊടുമുടി കയറിയപ്പോൾ താരതമ്യേന ചെറുടീമുകളോട് തോറ്റ് ലോകചാമ്പ്യന്മാരായ ഫ്രാൻസും കരുത്തരായ നെതർലൻഡ്സും മടങ്ങി. തുല്യശക്തികളുടെ പോരിലാണെങ്കിലും ബെൽജിയത്തോടും ഇംഗ്ലണ്ടിനോടും കീഴടങ്ങി നിലവിലെ ജേതാക്കളായ പോർചുഗലും ശക്തരായ ജർമനിയും പുറത്തേക്കുള്ള വഴികണ്ടു. ഇറ്റലിയും സ്പെയിനും കടന്നുകയറിയെങ്കിലും അതിജീവിക്കേണ്ടിവന്നത് വമ്പൻ ചെറുത്തുനിൽപ്. പ്രീക്വാർട്ടറിലെ ആദ്യ കളിയിൽ ഡെന്മാർക്കിന് മുന്നിൽ തകർന്നടിഞ്ഞ വെയ്ൽസ് മാത്രമാണ് പൊരുതാതെ കീഴടങ്ങിയത്. ഓസ്ട്രിയയും ക്രൊയേഷ്യയും സ്വീഡനും മടങ്ങിയത് അവസാനം വരെ പൊരുതിയെന്ന അഭിമാനത്തിൽ തലയുയർത്തിപ്പിടിച്ച്. സ്വിറ്റ്സർലൻഡും ചെക് റിപ്പബ്ലിക്കുമാവട്ടെ ഒരുപടികൂടി കടന്ന് പ്രതീക്ഷകളുടെ അപ്പുറമെത്തി ക്വാർട്ടറിലേക്ക് ചുവടുവെച്ചു.
സ്വിറ്റ്സർലൻഡ് x സ്പെയിൻ
(വെള്ളി രാത്രി 9.30)
എട്ടു ഗോളുകൾ പിറവിയെടുത്ത അവിസ്മരണീയ മത്സരത്തിൽ ക്രൊയേഷ്യയെ അധികമസയത്തത് 5-3ന് പിന്തള്ളിയാണ് സ്പെയിൻ മുന്നേറിയത്. ആദ്യ രണ്ടു കളികളിൽ ഒരു ഗോൾ മാത്രമടിച്ച് ഗോളടിക്കാൻ മടിച്ചുനിന്ന ലൂയിസ് എൻറിക്വെയുടെ ടീം അടുത്ത രണ്ടു കളികളിൽ പത്ത് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റി ഫോമിെൻറ ഉത്തുംഗതയിലാണ് വരുന്നത്. വ്ലാദിമിർ പെറ്റ്കോവിച്ചിെൻറ സ്വിറ്റ്സർലൻഡാവട്ടെ, ഫ്രാൻസിനെതിരെ പരാജയത്തിെൻറ വക്കിൽനിന്ന് അതിശയകരമായി തിരിച്ചടിച്ച് ഒടുവിൽ ഷൂട്ടൗട്ടിെൻറ മാനസിക സമ്മർദവും അതിജയിച്ചാണ് ക്വാർട്ടർ പോരാട്ടത്തിനെത്തുന്നത്. ഫുട്ബാൾ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കപ്പെടാനാവാത്ത രാത്രി സമ്മാനിച്ച രണ്ടു ടീമുകൾ കൊമ്പുകോർക്കുേമ്പാൾ കാൽപന്ത് ആരാധകർക്ക് മറ്റൊരു വിരുന്നാവുമോ?
ബെൽജിയം x ഇറ്റലി
(വെള്ളി രാത്രി 12.30)
ഗ്രൂപ് റൗണ്ടിൽ എല്ലാ കളികളും ജയിച്ച് അജയ്യരായി പ്രീക്വാർട്ടറിലെത്തിയ ഇറ്റലിയും ബെൽജിയവും കടുത്ത പോരാട്ടം അതിജീവിച്ചാണ് ക്വാർട്ടറിലെത്തിയത്. അവസാനം വരെ ചെറുത്തുനിന്ന ആസ്ട്രിയയെ അധികസമയത്ത് പകരക്കാരുടെ കരുത്തിൽ 2-1ന് കീഴടക്കിയാണ് റോബർട്ടോ മൻസീനിയുടെ ടീം വരുന്നത്. റോബർട്ടോ മാർട്ടിനെസിെൻറ ബെൽജിയമാവട്ടെ മുൻ മത്സരങ്ങളിലെ മികവ് പുലർത്തിയില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെ 1-0 ത്തിന് മറികടന്ന് ക്വാർട്ടറിൽ ഇടംനേടി. മനോഹരമായി കളിക്കുന്ന രണ്ടു ടീമുകളിലൊന്ന് സെമിയിൽ ഉണ്ടാവില്ലല്ലോ എന്നതാണ് ഈ മത്സരം നിഷ്പക്ഷ ആരാധകർക്ക് നൽകുന്ന നഷ്ടം.
ചെക് റിപ്പബ്ലിക് x ഡെന്മാർക്
(ശനി രാത്രി 9.30)
ഓരോ മത്സരത്തിലും മെച്ചപ്പെട്ട് ടൂർണമെൻറിൽ ആരാധകരുടെ ഇഷ്ട ടീമായി മാറിക്കൊണ്ടിരിക്കുന്ന കാസ്പർ ഹ്യൂൽമണ്ടിെൻറ ഡെന്മാർക്കും വിട്ടുകൊടുക്കാതെ പോരാടി നെതർലൻഡ്സിെൻറ കഥ കഴിച്ച യാറോസ്ലാവ് സിൽഹവിയുടെ ചെക് റിപ്പബ്ലിക്കും നേർക്കുനേർ അണിനിരക്കുേമ്പാൾ പോരാട്ടം തുല്യശക്തികളുടേതാവും. തുടർച്ചയായ രണ്ടാം മത്സരത്തിലും നാലു ഗോൾ സ്കോർ ചെയ്ത ഡെന്മാർക് വെയ്ൽസിനെ 4-0ത്തിന് തകർത്താണ് മുന്നേറിയത്. ചെക്കുകാരാവട്ടെ നെതർലൻഡ്സിനെ 2-0ത്തിന് മലർത്തിയടിച്ചാണ് ക്വാർട്ടറിലെത്തിയത്.
യുക്രെയ്ൻ x ഇംഗ്ലണ്ട്
(ശനി രാത്രി 12.30)
ഗ്രൂപ് റൗണ്ടിൽ തോൽവിയറിഞ്ഞില്ലെങ്കിലും ശരാശരി കളിയുമായി പ്രീക്വാർട്ടറിലെത്തിയ ഗാരെത് സൗത്ത്ഗെയ്റ്റിെൻറ ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ടിൽ യഥാർഥ സ്വരൂപം പുറത്തെടുത്തപ്പോൾ ജർമനി ചാരമായതാണ് ഫുട്ബാൾ ലോകം കണ്ടത്. 2-0 ജയവുമായി മുന്നേറിയ ഇംഗ്ലണ്ടിെൻറ കരുത്ത് ഇതുവരെ ഗോൾ വഴങ്ങാത്ത പ്രതിരോധമാണ്. യുക്രെയ്നാവട്ടെ ഗ്രൂപ് റൗണ്ടിൽ രണ്ടു കളി തോറ്റിട്ടും പ്രീക്വാർട്ടറിലെത്തിയ ടീമാണ്. എന്നാൽ, ആന്ദ്രി ഷെവ്ചെങ്കോയുടെ പരിശീലനത്തിലിറങ്ങുന്ന യുക്രെയ്നുകാർ നോക്കൗട്ടിൽ കളി മെച്ചപ്പെടുത്തിയപ്പോൾ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സ്വീഡനെ 2-1ന് കീഴടക്കി മുന്നേറി.
കോപയിൽ ഇനിയാണ് കളി
ലോകത്തിെൻറ ഒരുഭാഗത്ത് യൂറോകപ്പ് നടക്കുേമ്പാൾ തന്നെ മറുഭാഗത്ത് അരങ്ങേറുന്ന കോപ അമേരിക്ക പക്ഷേ ഇത്തവണ ഇതുവരെ പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല. ഫുട്ബാൾ ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജൻറീനയും അണിനിരക്കുന്നു എന്നതിലുപരി ആവേശം പകരാത്ത കളിയാണ് ഇതുവരെ നടന്നത്. അതിന് പ്രധാനകാരണം പങ്കെടുക്കുന്ന പത്തിൽ എട്ടു ടീമുകൾക്കും ക്വാർട്ടറിൽ കടക്കാം എന്നതായിരുന്നു. രണ്ടു ഗ്രൂപ്പുകളിലുമായി ദുർബലരായ ബൊളീവിയയും വെനിസ്വേലയും ഉണ്ടായിരുന്നതിനാൽ ബാക്കി എട്ടു ടീമുകളുടെ പ്രയാണം സുഗമമായിരുന്നു. എന്നാൽ, ഇനി കളി മാറും. നോക്കൗട്ടിെൻറ അനിശ്ചിതത്വത്തിലേക്ക് കടക്കുന്നതോടെ ഓരോ കളിയും ജീവന്മരണ പോരാട്ടമായി മാറും.
പെറു x പരഗ്വേ
(ശനി പുലർച്ച 2.30)
ഗ്രൂപ് ബിയിൽ ബ്രസീലിന് (10) പിറകിൽ രണ്ടാമതായാണ് പെറു (7) ക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ടു ജയവും ഓരോ സമനിലയും തോൽവിയുമായിരുന്നു സമ്പാദ്യം. അഞ്ചു ഗോളടിച്ചപ്പോൾ ഏഴെണ്ണം വാങ്ങി. എ ഗ്രൂപ്പിൽ അർജൻറീനക്കും (10) ഉറുഗ്വായ്ക്കും (7) പിറകിൽ മൂന്നാമതായി മുന്നേറിയ പരഗ്വേ (6) രണ്ടു കളി ജയിച്ചപ്പോൾ അത്ര തന്നെ തോറ്റു. ഗോളടിക്കുന്നതിലും വാങ്ങുന്നതിലും പിശുക്കരായിരുന്നു (3-2) അവർ.
ബ്രസീൽ x ചിലി
(ശനി പുലർെച്ച 5.30)
ക്വാർട്ടറിലെ യഥാർഥ പോരാട്ടം ഇതാണ്. നാലിൽ മൂന്നു ജയവും ഒരു സമനിലയുമായി ഗ്രൂപ് ജേതാക്കളായ ബ്രസീൽ 10 ഗോളടിച്ച് രണ്ടു ഗോൾ മാത്രമാണ് തിരിച്ചുവാങ്ങിയത്. സമീപകാലത്ത് കോപയിൽ മികച്ച റെക്കോഡുള്ള ചിലി പക്ഷേ ഇത്തവണ മങ്ങിയ നിലയിലാണ്. ഒരു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി എ ഗ്രൂപ്പിൽ അവസാനമായാണ് ക്വാർട്ടറിലെത്തിയത്. മൂന്നു ഗോളടിച്ച് നാലെണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു. തുടർച്ചയായി 10 കളികൾ ജയിച്ചെത്തിയ ടിറ്റെയുടെ ബ്രസീൽ ഒടുവിൽ എക്വഡോറിനുമുന്നിലാണ് സമനില വഴങ്ങിയത്. ഒരുപിടി മികച്ച താരങ്ങളും ടീംവർക്കുമാണ് ബ്രസീലിെൻറ കരുത്ത്.
ഉറുഗ്വായ് x കൊളംബിയ
(ഞായർ പുലർച്ച 3.30)
ആദ്യ കളിയിൽ തോറ്റ്, രണ്ടാം മത്സരത്തിൽ സമനില കുടുങ്ങി, അവസാന രണ്ടു കളികൾ ജയിച്ചാണ് ഉറുഗ്വായ് (7) ഗ്രൂപ് എയിൽ അർജൻറീനക്ക് (10) പിറകിൽ രണ്ടാമതായി മുന്നേറിയത്. എങ്കിലും കരുത്തിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാത്ത ഓസ്കാർ ടബറെസിെൻറ ടീമിന് കൊളംബിയ എളുപ്പമുള്ള എതിരാളികളായിരിക്കില്ല. നാലിൽ ഒരു ജയവും സമനിലയുമായി രണ്ടെണ്ണം തോറ്റ് നാല് പോയൻറുമായി ഗ്രൂപ് ബിയിൽ മൂന്നാമതായാണ് കൊളംബിയ എത്തുന്നത്. പ്രമുഖ താരം ഹാമിഷ് റോഡ്രിഗ്വസിെൻറ അഭാവത്തിൽ കരുത്തുകുറഞ്ഞാണ് ടീമിെൻറ വരവ്.
അർജൻറീന x എക്വഡോർ
(ഞായർ പുലർച്ച 6.30)
മൂന്നു ഗോളും രണ്ടു അസിസ്റ്റുമായി മിന്നും ഫോമിലുള്ള സൂപ്പർ താരം ലയണൽ മെസ്സിയുടെ ചിറകിൽ തന്നെയാണ് പതിവുപോലെ അർജൻറീനയുടെ കുതിപ്പ്. നാലിൽ മൂന്നു ജയവും ഒരു സമനിലയുമായി ഗ്രൂപ് ജേതാക്കളായ ലയണൽ സ്കലോണിയുടെ ടീമിന് ബി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായ എക്വഡോറാണ് എതിരാളികൾ. ഒരു ജയം പോലുമില്ലാതെ മൂന്നു സമനിലകളുമായാണ് എക്വഡോറിെൻറ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.