ഗോളടിച്ച് സ്റ്റെർലിങ്ങും മോഡ്രിച്ചും; ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ- സ്വപ്നങ്ങൾ വീണുടഞ്ഞ് സ്കോട്ലൻഡ്
text_fieldsലണ്ടൻ: നോക്കൗട്ട് സാധ്യതകൾക്കരികെ കിക്കോഫ് മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച് കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക് റിപ്പബ്ലിക് ഉയർത്തിയ വെല്ലുവിളി റഹീം സ്റ്റെർലിങ് നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ് ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന് ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സൗത്ഗേറ്റ്. ഗ്രൂപ് എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന് കളിക്കുന്നതിനാൽ ഇംഗ്ലണ്ടിെൻറ എതിരാളികളെയും അതുകഴിഞ്ഞ് അറിയാം.
തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ് പടക്ക് 12ാം മിനിറ്റിലാണ് സ്റ്റെർലിങ് ലീഡും ജയവും സമ്മാനിച്ചത്. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്റ്റെർലിങ്ങിന് ടൂർണമെൻറിലെ രണ്ടാം ഗോൾ.
ഒന്നാം പകുതിയിൽ എണ്ണമറ്റ അവസരങ്ങൾ തുറന്ന് ചെക്കുകൾ തിരിച്ചടിയുടെ സൂചന നൽകിയെങ്കിലും ഹാരി മഗ്വയർ കോട്ട കാത്ത പ്രതിരോധ മതിൽ കരുത്തോടെ നിലയുറപ്പിച്ചപ്പോൾ എല്ലാം വിഫലമായി. പരിക്കുവലച്ച ആഴ്ചകൾക്കു ശേഷം മുഴുസമയവും കളിച്ച മഗ്വയർ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
സ്വപ്നങ്ങൾ വീണുടഞ്ഞ് സ്കോട്ടുകൾ
യൂറോകപ്പ് ഇത്തവണ 24 ടീമാക്കിയതോടെ രണ്ട് പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്കോട്ലൻഡിന്. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച് നയിച്ച ക്രോട്ടുകൾക്ക് മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ് നാട്ടുകാരായ ഇംഗ്ലീഷ് പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ് കൈയടി നേടിയ സ്കോട്ടുകൾക്ക് പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച് ക്രൊയേഷ്യ പിടിച്ചത് ആധികാരിക ജയം.
17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ് ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക േമാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന് ക്രൊയേഷ്യൻ വിജയം അനായാസമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.