ഇനി യൂറോക്കാലം
text_fieldsറോം: മഹാമാരിക്കാലത്ത് അതിജീവനത്തിെൻറ പാഠവുമായി യൂറോ കപ്പ് ഫുട്ബാൾ മിഴി തുറക്കുന്നു. ലോകം കോവിഡിെൻറ പിടിത്തത്തിൽ മുറുകിക്കിടക്കുേമ്പാഴും ഒരു പന്തും പിറകേയോടുന്ന 44 കാലുകളും കാൽപന്ത് ആരാധകരുടെ ഉറക്കം കെടുത്തുന്ന രാത്രികളാണിനി. യൂറോപ്പിെൻറ വിവിധ ഭാഗങ്ങളിലുള്ള 11 രാജ്യങ്ങളിലായി ഒരു മാസം നീളുന്ന 'യൂറോ 2020'ന് പിറകെ കോപ അമേരിക്ക കൂടി വിരുന്നെത്താനിരിക്കെ ഫുട്ബാൾ ലോകത്തെ കാത്തിരിക്കുന്നത് നിറകൺ കാൽപന്തുകളിയാണ്.
യൂറോപ്പിലെ ഫുട്ബാൾ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള ഇത്തവണത്തെ യുറോകപ്പ് നടക്കേണ്ടത് കഴിഞ്ഞ വർഷമായിരുന്നു. എന്നാൽ, ലോകത്തെ പിടിച്ചുകുലുക്കി കോവിഡ് എത്തിയതോടെ ഈ വർഷത്തേക്കുനീട്ടുകയായിരുന്നു. ഒരു വർഷം നീണ്ടെങ്കിലും പേരും ലോഗോയുമൊന്നും മാറ്റാതെ യൂറോ കപ്പ് 2020 ഒരു വർഷം കഴിഞ്ഞു വിരുന്നെത്തുകയാണ്. 24 ടീമുകളാണ് ആറു ഗ്രൂപ്പുകളിലായി അങ്കത്തട്ടിലിറങ്ങുന്നത്. കിരീടം നിലനിർത്താനിറങ്ങുന്ന പോർചുഗൽ അടങ്ങുന്ന ഗ്രൂപ് എഫ് ആണ് 'മരണഗ്രൂപ്'. ലോകചാമ്പ്യന്മാരായ ഫ്രാൻസും കരുത്തരായ ജർമനിയും കൂടി അണിനിരക്കുന്ന ഗ്രൂപ്പിൽ പോരാട്ടം തീപാറുമെന്നുറപ്പ്. ഇവർക്കൊപ്പം കുടുങ്ങിയ ഹംഗറി വിയർക്കും.
ഇംഗ്ലണ്ട്, സ്പെയിൻ, െബൽജിയം തുടങ്ങിയ ടീമുകളും കിരീടപ്രതീക്ഷയിലാണു ബൂട്ടുകെട്ടുന്നത്. എന്തത്ഭുതവും കാണിക്കാൻ പോന്ന നെതർലൻഡ്സ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ ടീമുകളും രംഗത്തുണ്ട്.
കളി കാണാനാളെത്തും
ഏറക്കാലത്തിനുശേഷം അന്താരാഷ്ട്ര മത്സരങ്ങൾ നേരിട്ടു കാണാൻ സ്റ്റേഡിയങ്ങളിൽ ആരാധകരെത്തും എന്നതാണ് യൂറോയുടെ പ്രത്യേകത. പല രാജ്യങ്ങളിലും പല അനുപാതത്തിലാണെങ്കിലും കാണികൾക്ക് പ്രവേശനമുണ്ടാവും. കൃത്യമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് കാണികളെ പ്രവേശിപ്പിക്കുക.
ആദ്യ കളി ഇറ്റലി x തുർക്കി
ഗ്രൂപ് എയിലെ ഇറ്റലിയും തുർക്കിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് യൂറോക്ക് തുടക്കമാവുക. കപ്പ് നേടിയിട്ട് അര നൂറ്റാണ്ടിലേറെയായതിനാൽ കിരീടദാഹവുമായാണ് റോബർട്ടോ മൻസീനിയുടെ ടീം ഇറങ്ങുന്നത്. നാലു ലോകകപ്പ് കിരീടങ്ങൾ ഷോക്കേസിലുണ്ടെങ്കിലും യൂറോയിൽ ഒരു തവണ (1968) മാത്രമാണ് ഇറ്റലി ജേതാക്കളായത്.
കഴിഞ്ഞതവണ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. 2018നുശേഷം ഒരു കളി പോലും തോറ്റിട്ടില്ലാത്ത ഇറ്റലി 2021ൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടുമില്ല. ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മയും ജോർജിയോ കെല്ലീനിയുടെ നേതൃത്വത്തിലുള്ള പ്രതിരോധവുമാണ് പതിവുപോലെ അസൂറിപ്പടയുടെ കരുത്ത്. മുൻനിരയിൽ ചീറോ ഇമ്മൊബിലെയുടെ ഗോൾ സ്കോറിങ് മികവും തുണയാവുമെന്ന പ്രതീക്ഷയിലാണ് ടീം.
പരിചയസമ്പത്തും യുവത്വവും സമ്മേളിച്ച സെനോൾ ഗുനെസിെൻറ തുർക്കി ടീം ഇറ്റലിയെ അമ്പരപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. ലെസ്റ്റർ സിറ്റിയുടെ കാഗ്ലർ സൊയുൻകു, യുവൻറസിെൻറ മെറിഹ് ഡെമിറേൽ എന്നിവരടങ്ങുന്ന പ്രതിരോധവും എ.സി. മിലാെൻറ ഹകാൻ ചൽഹാനോഗ്ലു നയിക്കുന്ന മധ്യനിരയുടെ ലില്ലെയും ബുറാക് യിൽമാസ് കുന്തമുനയായ മുൻനിരയുമാണ് ടീമിെൻറ ശക്തി.
2008ൽ സെമിഫൈനലിലെത്തിയ തുർക്കി കഴിഞ്ഞതവണ ഗ്രൂപ് ഘട്ടത്തിൽ പുറത്തായിരുന്നു. അതിനാൽ തന്നെ ഇത്തവണ നോക്കൗട്ട് റൗണ്ട് പ്രതീക്ഷയിലാണ് ടീം.
സാധ്യത ടീം
ഇറ്റലി: ഡോണറുമ്മ, ഫ്ലോറൻസി, ബൊനൂച്ചി, കെല്ലീനി, സ്പിനസോള, ബറേല, ജോർജീന്യോ, ലോകാടെല്ലി, ബെറാർഡി, ഇമ്മൊബിലെ, ഇൻസീന്യേ.
തുർക്കി: സാകിർ, സെലിക്, ഡെമിറേൽ, സൊയുൻകു, ശമറാസ്, യോകുസുലൗ തുഫാൻ, ചൽഹാനാഗ്ലു, ഉൻഡർ, കെനാൻ, യിൽമാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.