യൂറോ കപ്പ്: ഇന്ന് കളിയില്ല; പ്രീക്വാർട്ടറിന് നാളെ തുടക്കം
text_fieldsയൂറോ കാൽപന്ത് പോരിെൻറ ആദ്യ ഘട്ടം അവസാനിച്ചു. ഇനി നോക്കൗട്ട് പോരാട്ടങ്ങളുടെ ദിനങ്ങൾ. ഗ്രൂപ് റൗണ്ടിൽ ശക്തിപരീക്ഷിച്ചും ദൗർബല്യങ്ങൾ പരിഹരിച്ചും മാറ്റുറപ്പിച്ച 16 പോർ സംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുകയാണ്. ജയിച്ചാൽ മുന്നോട്ട്, തോറ്റാൽ മടക്കം. രണ്ടാമതൊരു സാധ്യതയില്ല. ഇതുവരെ കളിച്ച കളിയല്ല യഥാർഥ കളി. ഇനിയങ്ങോട്ട് ഒരൊറ്റ ദിവസത്തെ കളിമിടുക്കിൽ, ഭാഗ്യനിർഭാഗ്യങ്ങളിൽ മുന്നോട്ടുള്ള പ്രയാണം തീരുമാനമാവും.
ഏറെ ആവേശകരമായ അവസാന മത്സരദിനവും കഴിഞ്ഞ് നോക്കൗട്ട് റൗണ്ടിലേക്കുള്ള ടീമുകളുടെ കാര്യത്തിൽ തീരുമാനമായപ്പോൾ പ്രധാന ടീമുകളെല്ലാം ഇടമുറപ്പിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ പോർചുഗൽ, ലോക ജേതാക്കളായ ഫ്രാൻസ്, കരുത്തരായ ജർമനി, ഇംഗ്ലണ്ട്, ബെൽജിയം, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, ലോകകപ്പ് റണ്ണേഴ്സായ ക്രൊയേഷ്യ, സ്വീഡൻ, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, യുക്രെയ്ൻ, ഡെന്മാർക്, വെയിൽസ്, സ്വിറ്റ്സർലൻഡ് ടീമുകളാണ് മുന്നേറിയത്. തുർക്കി, ഫിൻലൻഡ്, റഷ്യ, നോർത്ത് മാസിഡോണിയ, സ്കോട്ട്ലൻഡ്, സ്ലൊവാക്യ, പോളണ്ട്, ഹംഗറി എന്നിവരാണ് പുറത്തായത്.
വെള്ളിയാഴ്ച കളിയില്ല. ശനി മുതൽ നാലു ദിവസം ക്വാർട്ടർ പോരാട്ടങ്ങൾ. ഒരു ദിവസം രണ്ടു കളി വീതം, ഇന്ത്യൻ സമയം, രാത്രി 9.30നും 12.30നും. 16 ടീമുകൾ അങ്കത്തട്ടിലിറങ്ങുന്ന അവസാന 16ൽ രണ്ട് ബ്ലോക് ബസ്റ്റർ പോരാട്ടങ്ങളുണ്ട്. ബെൽജിയം-പോർചുഗൽ, ഇംഗ്ലണ്ട്-ജർമനി മത്സരങ്ങളാണ് പ്രീക്വാർട്ടർ പോരാട്ടങ്ങളിലെ 'ഫൈനൽ' മത്സരങ്ങൾ. ഇറ്റലിക്ക് ഓസ്ട്രിയയും ഫ്രാൻസിന് സ്വിറ്റ്സർലൻഡും സ്പെയിനിന് ക്രൊയേഷ്യയും നെതർലൻഡ്സിന് ചെക് റിപ്പബ്ലിക്കും ഡെന്മാർകിന് വെയിൽസും സ്വീഡന് യുക്രെയ്നുമാണ് എതിരാളികൾ.
വെയിൽസ് Vs ഡെന്മാർക്
(ശനി രാത്രി 09.30)
ഈ ടൂർണമെൻറിെൻറ ടീമാണ് ഡെന്മാർക്. കളിക്കിടെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഫുട്ബാൾ ആരാധകരുടെ പ്രിയ ടീമാക്കി ഡെന്മാർക്കിനെ മാറ്റിയിരിക്കുന്നു. ഗ്രൂപ് ബിയിൽ രണ്ടു കളികളും തോറ്റശേഷം ഗംഭീര പ്രകടനത്തിലൂടെയാണ് അവസാന മത്സരം ജയിച്ച് ഡെന്മാർക് മുന്നേറിയത്. മൂന്നു ടീമുകൾ പോയൻറിലും പരസ്പര പോരിലും തുല്യതയിലായതിനെ തുടർന്ന് ഗോൾ ശരാശരിയായിരുന്നു ഡെന്മാർക്കിനെ തുണച്ചത്. ഇതോടെ ഗ്രൂപ് ബിയിൽനിന്ന് ബെൽജിയത്തിന് പറികിൽ രണ്ടാം സ്ഥാനക്കാരായി മുന്നോട്ട്. ഗ്രൂപ് എയിൽ ഇറ്റലിക്ക് പിന്നിൽ രണ്ടാമതായാണ് വെയിൽസ് പ്രീക്വാർട്ടറിലിടംപിടിച്ചത്. ഓരോ ജയവും സമനിലയും തോൽവിയുമായിരുന്നു ഗാരെത് ബെയ്ലിെൻറയും കൂട്ടരുടെയും അക്കൗണ്ടിൽ. തുല്യശക്തികളുടെ പോരാട്ടമായിരിക്കും വെയിൽസും ഡെന്മാർക്കും തമ്മിൽ.
ഇറ്റലി Vs ഓസ്ട്രിയ
(ശനി രാത്രി 12.30)
തുടർച്ചയായ 30 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കുതിപ്പുമായാണ് റോബർട്ടോ മൻസീനിയുടെ ഇറ്റലി നോക്കൗട്ടിൽ ടിക്കറ്റുറപ്പിച്ചത്. എ ഗ്രൂപ്പിൽ മൂന്നിൽ മൂന്നും ജയിച്ച ഇറ്റലി ഏഴു ഗോളുകൾ അടിച്ചപ്പോൾ ഒന്നുപോലും തിരികെ വാങ്ങിയിട്ടില്ല. പതിവുപോലെ ശക്തമായ പ്രതിരോധമുള്ള അസൂറിപ്പടയുടെ മികവിനടിസ്ഥാനം മുൻനിരയും മധ്യനിരയും ഒത്തിണക്കത്തോടെ കളിക്കുന്നതാണ്. സൂപ്പർ താരങ്ങളില്ലാത്ത ടീമിെൻറ കരുത്ത് കോച്ചിെൻറ തന്ത്രങ്ങൾ തന്നെ. സി ഗ്രൂപ്പിൽ രണ്ട് ജയങ്ങളുമായി രണ്ടാമതെത്തിയാണ് ഓസ്ട്രിയയുടെ പ്രീക്വാർട്ടർ പ്രവേശനം. യുക്രെയ്നെതിരായ നിർണാക കളിയിൽ നേടിയ ജയമാണ് ഡേവിഡ് അലാബയുടെ ടീമിന് തുണയായത്. ഓസ്ട്രിയക്കെതിരെ ഇറ്റലിക്ക് തന്നെയാണ് മുൻതൂക്കം.
നെതർലൻഡ്സ് Vs ചെക് റിപ്പബ്ലിക്
(ഞായർ രാത്രി 09.30)
കഴിഞ്ഞ യൂറോകപ്പിനും ലോകകപ്പിനും യോഗ്യത നേടാനാവാതിരുന്നതിെൻറ സങ്കടം തീർക്കുന്ന കളിയാണ് നെതർലൻഡ്സ് ഇതുവരെ കാഴ്ചവെച്ചത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലായിരുന്നെങ്കിലും തനതായ ശൈലിയിൽ ഇമ്പമുള്ള കളിയായിരുന്നു ഓറഞ്ചുസംഘത്തിേൻറത്. മൂന്നു കളിയും ജയിച്ച് സി ഗ്രൂപ്പിൽ മുമ്പന്മാരായാണ് ഫ്രാങ്ക് ഡിബോയറുടെ ടീമിെൻറ മുന്നേറ്റം. എട്ടു ഗോളടിച്ചപ്പോൾ തിരിച്ചുവാങ്ങിയത് രണ്ടെണ്ണം. ഗ്രൂപ് റൗണ്ടിൽ കൂടുതൽ ഗോളടിച്ച ടീം കൂടിയാണ് നെതർലൻഡ്സ്. ഗ്രൂപ് ഡിയിൽ ഓരോ ജയവും സമനിലയും തോൽവിയുമായി മൂന്നാം സ്ഥാനക്കാരായാണ് ചെക് റിപ്പബ്ലിക്കിെൻറ വരവ്. ആകെ അടിച്ചത് മൂന്നു ഗോൾ. മൂന്നും പാട്രിക് ഷിക്കിെൻറ വക. അതുതന്നെയാണ് അവരുടെ ശക്തിയും ദൗർബല്യവും. ഗോൾ വരാൻ മറ്റൊരു ഔട്ട്ലെറ്റ് ഇല്ലാത്തത് ടീമിന് വിനയാകും. കൂടുതൽ സാധ്യത നെതർലൻഡ്സിനുതന്നെ.
ബെൽജിയം Vs പോർചുഗൽ
(ഞായർ രാത്രി 12.30)
ഇതാണ് കളി. നിലവിലെ ജേതാക്കളായ പോർചുഗലിന് ലോകകപ്പ് സെമിഫൈനലിസ്റ്റുകൾ എതിരാളി. ഫൈനലിലെത്താൻ പോലും സാധ്യത കൽപിക്കപ്പെട്ട ടീമുകളാണ് പ്രീക്വാർട്ടറിൽ തന്നെ മുഖാമുഖം വരുന്നത്. ബി ഗ്രൂപ്പിൽ മൂന്നു കളിയും ജയിച്ച് അജയ്യരായാണ് റോബർട്ടോ മാർട്ടിനെസിെൻറ ടീമിെൻറ വരവെങ്കിൽ മരണഗ്രൂപ്പായ എഫിൽനിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോർചുഗൽ എത്തുന്നത്. അനായാസം മുന്നേറിയ ബെൽജിയത്തിെൻറ ആദ്യ കടുത്ത പ്രതിയോഗികളാണ് പോർചുഗലെങ്കിൽ ഫെർണാണ്ടോ സാേൻറാസിെൻറ ടീമിന് മൂന്നാമത്തെ കടുംപോരാട്ടമാണ്. ഏഴു ഗോളടിച്ച പോർചുഗലിെൻറ അഞ്ചു ഗോളും നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നത് ഒരേസമയം ടീമിെൻറ ശക്തിയും ദൗർബല്യവും. മറുവശത്ത്, സുവർണ തലമുറയെന്നറിയപ്പെടുന്ന സംഘമാണ് ബെൽജിയത്തിെൻറ ശക്തി. നേരിയ മുൻതൂക്കം ബെൽജിയത്തിന്. എന്നാൽ, പോർചുഗലിനെ എഴുതിത്തള്ളേണ്ടതില്ല.
ക്രൊേയഷ്യേ Vs സ്പെയിൻ
(തിങ്കൾ രാത്രി 09.30)
കഴിഞ്ഞ ലോകകപ്പിൽ കണ്ട ക്രൊയേഷ്യയെ കാണാൻ ഗ്രൂപ്പിലെ അവസാന കളി വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ രണ്ടുകളിൽ ഒരു പോയൻറ് മാത്രം നേടിയ ലൂക മോഡ്രിചും സംഘവും പുറത്താകലിെൻറ വക്കത്തുനിന്നാണ് ഗ്രൂപ് ഡിയിൽ രണ്ടാം സ്ഥാനക്കാരായി കടന്നുകൂടിയത്. സ്പെയിനിെൻറ അവസ്ഥയും തഥൈവ. ഗ്രൂപ് ഇയിൽ രണ്ടു കളികളിൽ ഒരു ഗോളും രണ്ടു പോയൻറും മാത്രമുണ്ടായിരുന്ന ലൂയിസ് എൻറിക്വെയുടെ ടീം ഒടുവിൽ അഞ്ച് ഗോളുകളുമായി ഫോമിലേക്കുയരാൻ മൂന്നാം മത്സരമാവേണ്ടിവന്നു. എന്നാൽ, മൂന്നു കളി കഴിഞ്ഞിട്ടും സ്പെയിനിെൻറ കളി പതിവ് ഫോമിലേക്കെത്തിയിട്ടില്ല. ഗ്രൂപ്പിൽ രണ്ടാമതായിരുന്നു സ്പെയിൻ. സാധ്യത തുല്യം.
ഫ്രാൻസ് Vs സ്വിറ്റ്സർലൻഡ്
(തിങ്കൾ രാത്രി 12.30)
എഫ് ഗ്രൂപ് ചാമ്പ്യന്മാരായാണ് ക്വാർട്ടർ പ്രവേശനമെങ്കിലും ലോകചാമ്പ്യന്മാരുടെ പകിട്ടോടെയല്ല ഫ്രാൻസിെൻറ വരവ്. മൂന്നു കളികളിൽ നാലു ഗോൾ മാത്രം. മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. കെയ്ലിയൻ എംബാപെ മങ്ങിയപ്പോൾ പോൾ പോഗ്ബയുടെയും കരീം ബെൻസേമയുടെയും ഫോമാണ് ദിദിയർ ദെഷാംപ്സിന് ആശ്വാസമാവുന്നത്. സ്വിറ്റ്സർലൻഡാവട്ടെ മങ്ങിയും തെളിഞ്ഞുമാണ് മുന്നേറിയത്. ഗ്രൂപ് എയിൽ ഓരോ ജയവും സമനിലയും തോൽവിയുമായി മൂന്നാം സ്ഥാനക്കാരായാണ് ഷെർദാൻ ഷക്കീരിയുടെ ടീം നോക്കൗട്ടിലെത്തിയത്. മുൻതൂക്കം ഫ്രാൻസിന്.
ഇംഗ്ലണ്ട് Vs ജർമനി
(ചൊവ്വ രാത്രി 09.30)
ഗ്രൂപ് ഡി ജേതാക്കളാണെങ്കിലും ആരാധകർക്ക് തൃപ്തി നൽകാത്ത പ്രകടനവുമായാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയത്. മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയും നേടിയെങ്കിലും അടിച്ചത് രണ്ടു ഗോൾ മാത്രം. ലോകകപ്പിലെ ടോപ്സ്കോറർ ഹാരി കെയ്നിന് ഇതുവരെ ഗോളില്ല. എന്നാൽ, ടൂർണമെൻറിൽ ഒരു ഗോളും വഴങ്ങാത്ത രണ്ടു ടീമുകളിൽ ഒന്നാണെന്ന പ്രത്യേകതയുണ്ട്. ജർമനിയാവട്ടെ പരുങ്ങിയും ആളിക്കത്തിയും വീണ്ടും പതറിയുമാണ് നോക്കൗട്ടിലെത്തിയത്. ആറു ഗോളടിച്ചപ്പോൾ രണ്ടെണ്ണം വാങ്ങുകയും ചെയ്തു യൊആകിം ലോയുടെ ടീം. സാധ്യത സമാസമം. നേരിയ മുൻതൂക്കം ഇംഗ്ലണ്ടിന്.
സ്വീഡൻ Vs യുക്രെയ്ൻ
(ചൊവ്വ രാത്രി 12.30)
സ്പെയിനടങ്ങിയ ഗ്രൂപ് ഇയിലെ രണ്ടാം സ്ഥാനക്കാരായാണ് സ്വീഡെൻറ നോക്കൗട്ട് പ്രവേശനം. യുക്രെയ്നാവട്ടെ സി ഗ്രൂപിൽ മൂന്നാം സ്ഥാനക്കാരായാണ് മുന്നേറിയത്. രണ്ടു തോൽവികൾ നേരിട്ടിട്ടും നോക്കൗട്ടിലെത്തിയ ആന്ദ്രി ഷെവ്ചെങ്കോയുടെ ടീമിനെതിരെ രണ്ട് കളികൾ ജയിച്ച് തോൽവിയറിയാതെയെത്തിയ സ്വീഡനാണ് കൂടുതൽ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.