യൂറോയിൽ ഇന്നും തീപാറും പോരാട്ടങ്ങൾ
text_fieldsബെർലിൻ: യൂറോ കപ്പ് ക്വാർട്ടർ രണ്ടാം നാളിലും ജർമൻ കളിമുറ്റങ്ങളെ തീപിടിപ്പിക്കുന്ന പോരാട്ടങ്ങൾ. രണ്ടാം സെമി കളിക്കാനുള്ള ടീമുകളെ കണ്ടെത്താനുള്ള പോരാട്ടങ്ങളിൽ ഇംഗ്ലണ്ട്, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, തുർക്കിയ എന്നീ ടീമുകൾ മുഖാമുഖം.
സ്വിസ് പൂട്ടിൽ കുരുങ്ങുമോ?
ഇനിയും ആരാധക പ്രതീക്ഷകൾക്കൊത്തുയരാനാകാത്ത ഇംഗ്ലണ്ടിന് ക്വാർട്ടറിൽ സ്വിസ് പരീക്ഷ. പ്രീക്വാർട്ടറിൽ ചാമ്പ്യന്മാരായ ഇറ്റലിയെ മടക്കി വർധിത വീര്യവുമായി എത്തുന്ന സ്വിറ്റ്സർലൻഡിനെ കടക്കാനായാൽ സെമിയിൽ നെതർലൻഡ്സ്-തുർക്കി മത്സര വിജയികളാകും ഇംഗ്ലീഷുകാർക്ക് എതിരാളികൾ. ഗാരെത് സൗത്ഗേറ്റ് എന്ന കോച്ചിന് കീഴിൽ മുൻനിര ടൂർണമെന്റിൽ നാലാം ക്വാർട്ടറാണ് ഇംഗ്ലണ്ടിന്. കഴിഞ്ഞ മൂന്നിൽ രണ്ടും ജയിച്ച ടീമിന് പക്ഷേ, നിലവിലെ പ്രകടനം പരിഗണിച്ചാൽ യാത്ര ദുഷ്കരമാണ്. ആക്രമണത്തിനു പകരം കരുതലോടെയുള്ള സൗത്ഗേറ്റിന്റെ തന്ത്രങ്ങളാണ് ടീമിന് കുരുക്കാവുന്നതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. അവസാന മത്സരത്തിൽ പ്ലാസ്റ്റിക് ട്രോഫികൾ ഗാലറിയിൽനിന്ന് പറന്നെത്തിയത് കോച്ചിനെതിരായ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു.
സ്ലൊവാക്യയുമായി പ്രീക്വാർട്ടറിൽ അവസാന വിസിലിന് തൊട്ടുമുമ്പുവരെ പിന്നിൽനിന്നശേഷം ജൂഡ് ബെല്ലിങ്ഹാമിന്റെയും പിറകെ ഹാരി കെയ്നിന്റെയും അസാമാന്യ ഗോളുകളുടെ ബലത്തിലാണ് ഇംഗ്ലീഷ് പട അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. രാജ്യത്ത് രാഷ്ട്രീയമാറ്റം ഉറപ്പാക്കി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് രണ്ടാം ദിവസമാണ് ടീം ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. മറുവശത്ത്, ഏറ്റവും ശക്തമായ ഇറ്റാലിയൻ പ്രതിരോധം കടന്നാണ് മുറാത് യാകിൻ പരിശീലിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് കുതിപ്പ് തുടരുന്നത്. പക്ഷേ, കഴിഞ്ഞ 43 വർഷമായി ഇരുടീമുകളും മുഖാമുഖം നിന്നതിൽ ഒരുവട്ടം പോലും സ്വിറ്റ്സർലൻഡിന് ജയിക്കാനായിട്ടില്ല. മാത്രവുമല്ല, മുൻനിര ടൂർണമെന്റിൽ സമീപകാലത്തൊന്നും ടീം സെമി കളിച്ചിട്ടുമില്ല. 2020 യൂറോ കപ്പിൽ സ്പെയിനിനോട് ടീം ഷൂട്ടൗട്ടിൽ തോറ്റതാണ് മികച്ച റെക്കോഡ്.
ഡച്ചുകാരെ പിടിക്കാൻ തുർക്കിയ
ഗ്രൂപ് ഘട്ടത്തിൽ തുടക്കം പതുങ്ങിയായിരുന്നെങ്കിലും നോക്കൗട്ടിലെത്തിയതോടെ ഗീർ മാറ്റിച്ചവിട്ടി എല്ലാ വീഴ്ചകളും തീർത്ത പ്രകടനവുമായി ഒന്നാം പക്കം കടന്നവരാണ് ഡച്ചുകാർ. എന്നാൽ, വാതുവെപ്പുകാരുടെ കണക്കുകളിൽ ഒരിക്കലുമില്ലാതിരുന്നിട്ടും സെറ്റ് പീസുകളിലെ മിടുക്കുമായി ഓസ്ട്രിയയെ മടക്കിയവരാണ് തുർക്കിയ സംഘം. കളി ഇരുവരും തമ്മിലാകുമ്പോൾ പോര് മുറുകുമെന്നുറപ്പ്. റുമാനിയക്കെതിരെ തുടക്കത്തിൽ മെല്ലെപ്പോക്കുമായി നീങ്ങിയ ഡച്ചുകാർ പിന്നീട് എതിരാളികൾ ചിത്രത്തിലില്ലെന്ന് ഉറപ്പാക്കിയ കളിയുമായി കാൽ ഡസൻ ഗോളുകൾക്കായിരുന്നു പ്രീക്വാർട്ടർ കടന്നത്.
ഗാക്പോ, ഡീപെ തുടങ്ങി ഓരോ താരവും അത്യപകടകാരികളായി മാറിയ ദിനത്തിൽ ബെർലിനിലെ അലയൻസ് അറീനയിൽ പഴയ ഓറഞ്ച് വസന്തം വിരിഞ്ഞു. അതിന്റെ തനിയാവർത്തനം തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്. യൂറോയിൽ ഇത്തവണ ടോപ് സ്കോറർമാരുടെ പട്ടികയിൽ കോഡി ഗാക്പോയുമുണ്ട്. രണ്ടു കളികളിൽ മാൻ ഓഫ് ദി മാച്ച് ആകുകയും ചെയ്തു താരം.
തുർക്കി നിരയിൽ റയൽ മഡ്രിഡിന്റെ മാന്ത്രിക ബാലൻ അർഡ ഗുലറാണ് തുരുപ്പുചീട്ട്. ടൂർണമെന്റിലുടനീളം ടീമിന്റെ മുന്നേറ്റങ്ങളിലെ കുന്തമുനയാണ് താരം. ഒടുവിൽ ഓസ്ട്രിയക്കെതിരെ ടീമിനെ ജയിപ്പിച്ച ഗോളിൽ അസിസ്റ്റ് നൽകിയതും 19കാരൻ. തങ്ങളുടേതായ ദിനത്തിൽ എത്ര വലിയ കൊമ്പന്മാരെയും മുട്ടുകുത്തിക്കാനാകുമെന്നതാണ് തുർക്കിയയുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.