സ്പാനിഷ് തരംഗം... യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരെ 3-0ന് ജയം
text_fieldsബെർലിൻ: ഖത്തർ ലോകകപ്പിൽ അദ്ഭുതങ്ങളുടെ തമ്പുരാന്മാരായി എഴുന്നുനിന്നവർ യൂറോ കപ്പിൽ നിഴൽ മാത്രമായപ്പോൾ കളി തൂത്തുവാരി സ്പെയിൻ. ആദ്യ പകുതിയിൽ എതിർവലയിൽ കാൽഡസൻ ഗോളുകൾ അടിച്ചുകൂട്ടിയവർ രണ്ടാം പകുതിയിൽ കരുത്തുകാട്ടിയ എതിർ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടിയാണ് അതേ സ്കോറിൽ ജയമുറപ്പിച്ചത്. ഇതോടെ ബെർലിൻ കളിമുറ്റത്ത് ക്രോട്ടുകൾക്ക് നിരാശത്തുടക്കം.
യൂറോ കപ്പിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡുമായി ആദ്യ ഇലവനിലെത്തിയ ലാമിൻ യമാലിനെ കൂട്ടിയായിരുന്നു ഗ്രൂപ് ബിയിൽ സ്പെയിൻ ശനിയാഴ്ച ബൂട്ടുകെട്ടിയത്. ഇറ്റലി കൂടി ഉൾപ്പെടുന്ന ഗ്രൂപിൽ ചെറിയ കളിയൊന്നും കളിയാകില്ലെന്ന തിരിച്ചറിവ് ക്രൊയേഷ്യക്കുമുണ്ടായിരുന്നു. എന്നാൽ, ആദ്യ വിസിൽ മുഴങ്ങി ഏറെ വൈകാതെ കളി പിടിച്ച് സ്പാനിഷ് പട മൈതാനം വാണു. നീക്കങ്ങളേറെയും ക്രൊയേഷ്യൻ പകുതിയിലായി. രണ്ടാം മിനിറ്റിൽ ആദ്യ നീക്കവുമായി യമാൽ എത്തിയതോടെ ഗാലറിയിൽ ആരവം നിറഞ്ഞു. ഇളം കാലുകൾ തുടക്കമിട്ട നീക്കം ഗോളായില്ലെങ്കിലും വരാനിരിക്കുന്നതിന്റെ സൂചന അത് നൽകി. ആദ്യ ഗോൾ പിറക്കുന്നത് 26ാം മിനിറ്റിൽ.
റോഡ്രിയുടെ മനോഹര ടച്ച് എതിർ താരങ്ങളുടെ കാലുകൾക്കിടയിലൂടെ എത്തിയത് ക്യാപ്റ്റൻ അൽവാരോ മൊറാറ്റയുടെ കാലുകളിൽ. പഴുതൊന്നും അനുവദിക്കാതെ താരം വല കുലുക്കി. സ്പെയിൻ ശരിക്കും അവിടെ തുടങ്ങുകയായിരുന്നു. ഇരച്ചുകയറിയ നീക്കങ്ങളിൽ ക്രോട്ടുകൾ പകച്ചുപോയത് അവസരമാക്കി രണ്ടാം ഗോളുമെത്തി. ഇത്തവണ ഫാബിയൻ റൂയിസായിരുന്നു സ്കോറർ. പ്രതിരോധനിരയുടെ കാലുകൾക്കിടയിലൂടെ പായിച്ച ഗ്രൗണ്ടർ ഗോളിയെ നിസ്സഹായനാക്കി വലയിൽ വിശ്രമിച്ചു. പിടിച്ചുനിൽക്കാൻ പാടുപെട്ട എതിരാളികളെ നിശ്ശബ്ദമാക്കി ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഡാനി കർവാജലും വല കുലുക്കി. അസിസ്റ്റുമായി കൗമാര താരം യമാൽ പ്രതിഭ കാട്ടിയ നിമിഷത്തിലായിരുന്നു ഗോളെത്തിയത്. വലതു വിങ്ങിലൂടെ പാഞ്ഞുകയറിയ യമാൽ പോസ്റ്റിനരികെ കർവാജലിന് മറിച്ചുനൽകി. സുന്ദരമായ ടച്ചിൽ പന്ത് വലയിൽ. താരത്തിനിത് ദേശീയ ജഴ്സിയിൽ ആദ്യ ഗോളുമായി.
രണ്ടാം പകുതിയിൽ പക്ഷേ, ദാഹാർത്തരായി ക്രൊയേഷ്യൻ താരങ്ങൾ സ്പാനിഷ് നിരയിൽ നിറഞ്ഞുകളിക്കുന്നതായിരുന്നു കാഴ്ച. 55ാം മിനിറ്റിൽ ഗോളെന്നുറച്ച നീക്കം ഒന്നിലേറെ തവണ അപകടം വിതച്ചെങ്കിലും ഒടുവിൽ സ്പാനിഷ് ഗോളി ഉനയ് സിമൺ മികച്ച സേവുമായി രക്ഷകനായി. 81ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റീബൗണ്ടിൽ ഗോളായെങ്കിലും കിക്കെടുമ്പോൾ ക്രൊയേഷ്യൻ താരം ബോക്സിൽ കയറിയതിനാൽ അസാധുവാക്കപ്പെട്ടു. പിന്നീടൊരിക്കലും സമാനമായ അബദ്ധങ്ങളില്ലാതെ സ്പെയിൻ നിയന്ത്രണം നിലനിർത്തിയതോടെ സ്കോർ എതിരില്ലാത്ത മൂന്നു ഗോളിലൊതുങ്ങി.
ജൂൺ 21ന് ഇറ്റലിക്കെതിരെയാണ് സ്പെയിനിന്‍റെ അടുത്ത മത്സരം. ക്രൊയേഷ്യ ജൂൺ 19ന് അൽബേനിയയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.