കളിക്കോപ്പയിൽ കൊടുങ്കാറ്റ്; യൂറോയിൽ തീച്ചൂട്
text_fieldsലോക ഫുട്ബാളിലെ വൻകരപ്പോരുകളിൽ ഇനി തീപാറും. യൂറോ കപ്പും കോപ അമേരിക്കയും അവസാന എട്ടിലേക്ക് കടന്നു. നാളെ മുതലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. രണ്ട് ഭൂഖണ്ഡങ്ങളും ചേർന്ന് ഇനി ഫുട്ബാളിലെ എട്ടാം വൻകരയാവുന്ന കാഴ്ചകളിലേക്ക് കൺതുറക്കാം
വാഷിങ്ടൺ: ബ്രസീൽ, അർജന്റീന, കൊളംബിയ, ഉറുഗ്വായ് എന്നിങ്ങനെ പ്രമുഖർക്ക് കാര്യമായ സ്ഥാനചലനം സംഭവിക്കാതെ കോപ അമേരിക്കയിൽ ക്വാർട്ടർ ഫൈനലുകൾക്ക് നാളെ സമാരംഭം. ആതിഥേയരായ യു.എസ് നേരത്തേ മടങ്ങിയെന്നത് മാത്രമാണ് കാര്യമായ അപവാദം.
ബ്രസീൽ Vs ഉറുഗ്വായ്
മാഴ്സലോ ബിയൽസക്കു കീഴിൽ കടുപ്പം കൂട്ടിയ ഉറുഗ്വായിയോട് മുഖാമുഖം വരുമ്പോൾ ഏതു ടീമും ഒന്ന് വിറക്കും. ഗ്രൂപ് ഘട്ടത്തിൽ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ടീം മുക്കിയിരുന്നത്. പാനമക്കെതിരെ 3-1നും യു.എസിനെ ഏകപക്ഷീയമായ ഒരു ഗോളിനും വീഴ്ത്തിയവർ. മറുവശത്ത്, പാനമയെ വൻ മാർജിനിൽ മറികടന്നെങ്കിലും കോസ്റ്ററീക, കൊളംബിയ എന്നിവർക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടാണ് ബ്രസീൽ നോക്കൗട്ട് കളിക്കാനിറങ്ങുന്നത്.
വെനിസ്വേല Vs കാനഡ
കണക്കുകൾ ഒപ്പം നിൽക്കുന്നത് ഗ്രൂപ് ബി ചാമ്പ്യന്മാരായ വെനിസ്വേലക്കൊപ്പം. മൂന്നു കളികളും ജയിച്ചാണ് ടീം നോക്കൗട്ടിലെത്തുന്നത്. ആറു ഗോളുകൾ എതിർ വലയിൽ അടിച്ചുകയറ്റിയവർ ഒറ്റ ഗോൾ മാത്രമാണ് വഴങ്ങിയത്. അത്ര ആശാസ്യമല്ല കാനഡയുടെ വിശേഷങ്ങൾ.
അർജന്റീനക്കു മുന്നിൽ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുമടക്കിയ ടീം ചിലിക്കു മുന്നിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങി. പെറുവിനെ ഒരു ഗോളിന് മടക്കിയ ആനുകൂല്യത്തിലാണ് നോക്കൗട്ടിലെത്തുന്നത്. നിലവിലെ കണക്കുകളിൽ കോപ അമേരിക്കയിലെ മോശം ടീമുകളിലൊന്ന്. ജൊനാഥൻ ഡേവിഡ് കാനഡ ആക്രമണം നയിക്കുമ്പോൾ സലോമോൻ റോണ്ടൻ, എഡ്വേഡ് ബെല്ലോ എന്നിവരാണ് വെനിസ്വേലയുടെ കുന്തമുനകൾ.
കൊളംബിയ Vs പാനമ
ബ്രസീൽ അണിനിരക്കുന്ന വമ്പന്മാരുടെ ഗ്രൂപിലെ ചാമ്പ്യന്മാരാണ് കൊളംബിയ. മൂന്നു കളികളിൽ രണ്ടെണ്ണം ജയിക്കുകയും ബ്രസീലിനെ സമനിലയിൽ പിടിക്കുകയും ചെയ്തവർ. ബ്രസീൽ ഒരുവട്ടം പോലും വല കുലുക്കാതെ സമനിലയിലായ കോസ്റ്ററീകയെ കാൽ ഡസൻ ഗോളുകൾക്ക് മടക്കിയവർ.
കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞന്മാരായ പാനമ എതിരെ വരുമ്പോൾ കൊളംബിയ അനായാസ ജയവും സെമിയും സ്വപ്നം കാണുന്നു. എന്നാൽ, ഉറുഗ്വായ് ഉൾപ്പെടുന്ന ഗ്രൂപിൽ മറ്റെല്ലാവരെയും വീഴ്ത്തിയ പാനമ ഇത്തവണ പ്രകടനം അത്ര മോശമാക്കിയിട്ടില്ല. യു.എസിനെ 2-1നും ബൊളീവിയയെ 3-1നുമായിരുന്നു ടീം മടക്കിയിരുന്നത്. അതിനാൽ, കൊളംബിയയെയും കടന്ന് സെമി കാണാനാകുമോയെന്നാണ് ടീമിന്റെ കാത്തിരിപ്പ്.
അർജന്റീന Vs എക്വഡോർ
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ് ഘട്ടത്തിലും എല്ലാ കളികളും ജയിച്ചാണ് എത്തുന്നത്. ഒരു ഗോൾ പോലും ഇതുവരെ വഴങ്ങാത്തവർ. പ്രകടനമികവും താരപ്പെരുമയും നൽകുന്ന ആനുകൂല്യം പരിഗണിച്ചാൽ എക്വഡോറിനെതിരെയും ടീം അനായാസം കടന്നുകയറണം.
പരിക്ക് വില്ലനായി നിൽക്കുന്ന മെസ്സി ക്വാർട്ടറിൽ ഇറങ്ങുമോ എന്ന ചോദ്യം നിലനിൽക്കുന്നുവെങ്കിലും ഹൂലിയൻ അൽവാരസ്, ലൗതാറോ മാർട്ടിനെസ് തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ചവർ. ചിലിക്കെതിരെ ഏക ഗോൾ ജയമായിരുന്നെങ്കിൽ പെറുവിനെയും ഉദ്ഘാടന മത്സരത്തിൽ കാനഡയെയും വീഴ്ത്തിയത് രണ്ടു ഗോളുകൾക്ക്.
1993ലേതിന് സമാനമായി കിരീടത്തുടർച്ചതന്നെ നീലക്കുപ്പായക്കാർക്ക് ലക്ഷ്യം. മറുവശത്ത്, എക്വഡോർ മൂന്നു കളികളിൽ നാലു പോയന്റ് മാത്രം സമ്പാദ്യവുമായാണ് എത്തുന്നത്. മെക്സികോക്കെതിരെ ഗോൾരഹിത സമനിലയും ജമൈക്കയോട് ജയവും പിടിച്ചവർ വെനിസ്വേലക്കു മുന്നിൽ വീഴുകയും ചെയ്തു. കണക്കുകളിൽ മുന്നിലാണെങ്കിലും മെസ്സിക്കൂട്ടത്തെ വിറപ്പിക്കാൻ തന്നെയാണ് എക്വഡോർ എത്തുന്നത്.
യൂറോയിൽ തീച്ചൂട്
ബെർലിൻ: നിലവിലെ ചാമ്പ്യന്മാരടക്കം വമ്പന്മാരുടെ അട്ടിമറികൾക്കൊപ്പം ഇളമുറക്കാരുടെ നോക്കൗട്ട് പ്രവേശനവും സാധ്യമാക്കി ജർമൻ കളിമുറ്റങ്ങളിൽ യൂറോ കപ്പ് മത്സരങ്ങൾ അവസാന എട്ടിന്റെ ആരവങ്ങളിലെത്തുകയാണ്. കിരീടത്തിലേക്ക് മൂന്നു കളികൾ മാത്രം ബാക്കിയിരിക്കെ സാധ്യതകളുടെ സ്വപ്ന സ്വർഗങ്ങളിലാണ് എട്ടു ടീമുകളിൽ ഓരോന്നും. വെള്ളി, ശനി ദിവസങ്ങളിലാണ് മത്സരങ്ങൾ.
ജർമനി Vs സ്പെയിൻ
ഏറ്റവും മികച്ച രണ്ടു ടീമുകളിലൊന്നിന് മടക്കയാത്ര നൽകുന്നതായിരിക്കും ആദ്യ ക്വാർട്ടർ ഫൈനൽ. ചാമ്പ്യൻഷിപ് ഫേവറിറ്റുകളായ സ്പെയിനും അതേ മികവിൽ പന്തുതട്ടുന്ന ജർമനിയും തമ്മിലാണ് പോരാട്ടം. ജോർജിയക്കെതിരെ നോക്കൗട്ടിൽ ആദ്യം ഗോൾവഴങ്ങിയ സ്പെയിൻ മൂന്നെണ്ണം തിരിച്ചടിച്ചായിരുന്നു കരുത്തും ക്വാർട്ടറും ഉറപ്പിച്ചത്.
ഇത്തവണ നാലു കളികളിൽ ആകെ വഴങ്ങിയത് ഒരു ഗോൾ. ലമീൻ യമാൽ, നിക്കൊ വില്യംസ് എന്നീ ഇളമുറക്കാരാണ് സ്പാനിഷ് സ്വപ്നങ്ങളിലെ വീരനായകർ. തോൽവിയറിയാതെ കയറിയെത്തിയ ജർമനി ഡെന്മാർക്കിനെ എതിരില്ലാത്ത രണ്ടുഗോളിന് തീർത്താണ് അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. ജമാൽ മുസിയാലയാണ് സൂപ്പർ സ്ട്രൈക്കർ.
ഹോളണ്ട് Vs തുർക്കി
ഡച്ചുപട ഉഗ്രരൂപം കാട്ടിയ കളിയായിരുന്നു പ്രീക്വാർട്ടറിലേത്. കോഡി ഗാക്പോയും ഡോനിൽ മാലെനും ഗോളുകൾ കണ്ടെത്തിയ കളിയിൽ റുമേനിയയെ നിഷ്പ്രഭമാക്കിയത് കാൽ ഡസൻ ഗോളുകൾക്ക്. മെംഫിസ് ഡീപെ സൃഷ്ടിച്ചെടുത്ത അവസരങ്ങളിൽ ചിലതെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ സ്കോർ പിന്നെയും വലുതായേനെ.
ഓസ്ട്രിയക്കെതിരെ സെറ്റ് പീസുകൾ അവസരമാക്കി 2-1ന് ജയിച്ചാണ് തുർക്കി ക്വാർട്ടറിലെത്തുന്നത്. അർഡ ഗുലർ, കനാൻ യിൽദിസ് എന്നിവരടക്കം യുവനിരയും ഹകാൻ കൽഹനഒഗ്ലുവടക്കം സീനിയർ താരങ്ങളും ചേരുമ്പോൾ പ്രവചനാതീതമാണ് കാര്യങ്ങൾ.
ഇംഗ്ലണ്ട് Vs സ്വിറ്റ്സർലൻഡ്
പതിവുപോലെ ഇത്തവണയും എതിരാളികൾക്ക് മുന്നിൽ ശരിക്കും പതറിയായിരുന്നു ഉടനീളം ഇംഗ്ലീഷ് രാജ്. അവസാനം സ്ലോവാക്യയുമായി മുഖാമുഖം നിന്ന നോക്കൗട്ടിൽ ഇഞ്ച്വറി സമയം വരെ പിറകിൽ നിന്നവർ അവസാന വിസിലിന് 25 സെക്കൻഡ് ശേഷിക്കെ ജൂഡ് ബെല്ലിങ്ങാന്റെ ബൈസിക്ൾ കിക്കിലും അധിക സമയത്ത് ഹാരി കെയ്ന്റെ ഹെഡറിലും ലക്ഷ്യം കണ്ട് ക്വാർട്ടർ ഉറപ്പാക്കുകയായിരുന്നു.
ഗ്രൂപ് ഘട്ടത്തിൽ തോൽവിയറിയാതെയും പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ മടക്കിയുമാണ് ക്യാപ്റ്റൻ ഗ്രാനിത് ഷാക്കയുടെ ചിറകേറി സ്വിസ് വീര്യം ഉയരങ്ങൾ തേടുന്നത്.
പ്രീ ക്വാർട്ടറിൽ അസൂറികൾക്ക് മുന്നിൽ മടക്കമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും ഫ്രൂളറും റൂബൻ വർഗാസും നേടിയ ഗോളുകൾ തിരിച്ച് ഇറ്റലിയെ തിരിച്ചയക്കുകയായിരുന്നു. അതൊക്കെയെങ്കിലും, കളി ഇംഗ്ലണ്ടിനെതിരെയാകുമ്പോൾ കണക്കിലെ കളികൾ അവർക്കെതിരാണ്. ഡസ്സൽഡോർഫിൽ മെർകർ സ്പീൽ അറീനയിൽ അത് തിരുത്താനാകും ശനിയാഴ്ച ടീം ഇറങ്ങുക.
പോർചുഗൽ Vs ഫ്രാൻസ്
ഓസ്ട്രിയയും നെതർലൻഡ്സുമുള്ള ഗ്രൂപ് കടന്നെത്തിയ ഫ്രഞ്ചു പട ബെൽജിയവുമായി പ്രീക്വാർട്ടറിൽ ജാൻ വെർട്ടൻഗന്റെ സെൽഫ് ഗോൾ തുണച്ച് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയവരാണ്. ഇതുവരെയും എതിർ പോസ്റ്റിൽ ഓപൺ ഗോൾ കുറിക്കാതെ ക്വാർട്ടർ കളിക്കുന്ന ഏക ടീം കൂടിയാണ് ഫ്രാൻസ്.
എന്നാലും, ഒരു കളിയിലും തോറ്റില്ലെന്നു മാത്രമല്ല, പെനാൽറ്റിയിലെങ്കിലും കിലിയൻ എംബാപ്പെ ഗോൾ കുറിക്കുകയും ചെയ്തിട്ടുണ്ട്. െസ്ലാവീനിയക്കെതിരെ അവസാനം വരെ ഉദ്വേഗമുനയിൽ നിന്നാണ് പറങ്കിപ്പട ക്വാർട്ടർ കളിക്കുന്നത്. റൊണാൾഡോ ആറാം യൂറോയിൽ ഒരു ഗോൾ തേടി ഇറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. 19കാരൻ ജൊആവൊ നെവസടക്കം ഏതുനിമിഷവും കളി പിടിക്കാവുന്ന പ്രമുഖർ പറങ്കികളുടെ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.