യൂറോകപ്പ്, കോപ അമേരിക്ക ക്വാർട്ടർ ഫൈനൽ ഇന്നു മുതൽ
text_fieldsമ്യൂണിക്: കരുത്തരുടെ പോരാട്ടമാണിത്. ആക്രമണത്തിനും പ്രതിരോധത്തിനും പേരുകേട്ട രാജ്യങ്ങൾ. ബെൽജിയം ടൂർണമെൻറിൽ ഒമ്പതു ഗോളുകൾ അടിച്ചെങ്കിൽ ഇറ്റലി എതിർ വല കുലുക്കിയത് എട്ടു തവണ. ഇരു ടീമുകളും വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. കണക്കുകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു ടീമുകൾ ഏറ്റുമുട്ടുേമ്പാൾ മ്യൂണിക്കിലെ 'എലിയൻസ് അരീന'യിൽ ഇന്ന് തീപാറും.
സീരി 'എ'യിലെ ഗോൾ മെഷീനായ ലുകാകുവിനെ പൂട്ടാനാവും ഇറ്റാലിയൻ പ്രതിരോധത്തിലെ വല്ല്യേട്ടന്മാരായ ബൊനൂചിയുടെയും ചെല്ലിനിയുടെയും പ്രധാന വെല്ലുവിളി. കരുത്തിലും വേഗത്തിലും ലുകാകുവിനെ കവച്ചുവെക്കുന്ന കളിക്കാർ ഇറ്റലിക്കുണ്ടാവില്ല. പ്രീക്വാർട്ടറിൽ ലുകാകുവിനെ തളക്കുകയെന്ന ലക്ഷ്യമായിരുന്നു പോർചുഗൽ പയറ്റിയത്. അത് വിജയിച്ചപ്പോൾ, മറ്റൊരു താരം വേണ്ടിവന്നു അവർക്ക് ഗോളടിക്കാൻ. ബെൽജിയം ടീമിെൻറ നട്ടെല്ലായ കെവിൻ ഡിബ്രൂയിനും മുന്നേറ്റത്തിലെ മറ്റൊരു കരുത്തനായ എഡൻ ഹസാഡും പരിക്കേറ്റതിനാൽ ക്വാർട്ടറിൽ കളത്തിലുണ്ടാവുമോയെന്ന് സംശയമാണ്.
ഇരുവരുമില്ലെങ്കിൽ ഇറ്റലിക്ക് പണി എളുപ്പമാവും. സുപ്രധാന ടൂർണമെൻറിൽ ഇതുവരെ കപ്പടിച്ചിട്ടില്ലെന്ന പേരുദോഷം മാറ്റാൻ ബെൽജിയത്തിന് ഇന്ന് ഇറ്റലിയെ തോൽപിച്ചേ മതിയാവൂ. യൂറോപ്പിലെ ഗ്ലാമർ ക്ലബുകളിൽ ബൂട്ടുകെട്ടുന്ന ഒരുപിടി താരങ്ങളാൽ സമ്പന്നമായ ഈ 'ഗോൾഡൻ ജനറേഷന്' കിരീടത്തിലേക്ക് കുതിക്കാനായില്ലെങ്കിൽ പിന്നീട് ഒരു കിരീടം അവർക്ക് സ്വപ്നം കാണാനാവില്ല.
റഷ്യൻ ലോകകപ്പിന് യോഗ്യത ലഭിക്കാതിരുന്ന അസൂറികൾ ചാരത്തിൽ നിന്നെണീറ്റുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നവരാണ്. പിന്നീട് 31 മത്സരങ്ങളിൽ തോൽക്കാതെ റെക്കോഡ് മുന്നേറ്റമാണ് കാഴ്ചവെച്ചത്. സാധാരണ പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർക്ക് ഇത്തവണ മുന്നേറ്റത്തിൽ ഒരുപിടി പേരുകേട്ട താരങ്ങളുണ്ട്. യുവൻറസ് സ്ട്രൈക്കർ ചിയേസ, ലാസിയോ സ്ട്രൈക്കർ ഇമ്മൊബിലെ, നാപോളി താരം ഇൻസീന്യേ എന്നിവരെ പൂട്ടാൻ ബെൽജിയം പ്രതിരോധക്കാർ നന്നായി വിയർക്കേണ്ടിവരും.
നേർക്കുനേർ: 23 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 14ലും ജയിച്ചത് ഇറ്റലിയാണ്. ബെൽജിയത്തിന് ജയിക്കാനായത് അഞ്ചെണ്ണത്തിൽ മാത്രം. നാലെണ്ണം സമനിലയിൽ അവസാനിച്ചു. അവസാന യൂറോ പോരാട്ടത്തിലും ഇറ്റലിയോട് തോറ്റാണ് ബെൽജിയം പുറത്തായത്.
സ്പെയിൻ vs സ്വിറ്റ്സർലൻഡ്
സെൻറ് പീറ്റേഴ്സ്ബർഗ്: ചെറുപാസിലൂടെ മനോഹര ഫുട്ബാളുമായി കാൽപന്തുകളി ആരാധകരെ വിസ്മയിപ്പിക്കുന്ന യുവ സ്പാനിഷ് പടയോ, അതോ പോരാട്ടവീര്യത്തിെൻറയും ആത്മവിശ്വാസത്തിെൻറയും അവസാന പേരായ സ്വിറ്റ്സർലൻഡോ? യൂറോ കപ്പ് ആദ്യ ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ സ്പെയിനും കരുത്തരെ അട്ടിമറിച്ചെത്തിയ സ്വിറ്റ്സർലൻഡും ഏറ്റുമുട്ടുേമ്പാൾ അവസാന നാലിൽ ആദ്യമെത്തുന്ന ടീമുകളിലൊന്നിനെ ഇന്നറിയാം.
റാങ്കിങ്ങിൽ മുന്നിലുള്ള സ്പാനിഷ് പടക്ക് സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ പോരാട്ടം എളുപ്പമാവില്ല. യുവ നിരയുടെ ചോരത്തിളപ്പാണ് കാളപ്പോരിൻെറ നാട്ടുകാരെ മത്സരത്തിൽ ഫേവറേറ്റുകളാക്കുന്നത്. പ്രതിരോധത്തിൽ ചില പോരയ്മകൾ ഉണ്ടെങ്കിലും അതിവേഗം തിരിച്ചുവരാനുള്ള കെൽപാണ് ലൂയിസ് എൻറിക്വെ പരിശീലിപ്പിച്ചെടുത്ത ടീമിെൻറ പ്രത്യേകത. ക്രൊയേഷ്യക്കെതിരെ അവരത് തെളിയിച്ചതുമാണ്. ക്വാർട്ടറാണ് സ്പെയിനിനു മുന്നിൽ എന്നും വിലങ്ങുതടിയാവാറുള്ളത്. അവസാന എട്ട് യൂറോ കപ്പിൽ അഞ്ചിലും തോറ്റത് ക്വാർട്ടറിലാണ്.
മറുവശത്ത് ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിച്ചവർ എന്ന പെരുമതന്നെയാണ് സ്വിറ്റ്സർലൻഡിനെ ഫേവറേറ്റുകളാക്കുന്നത്. ഇതു ചെറിയ കാര്യമല്ല. 79 മിനിറ്റുവരെ 3-1ന് പിന്നിൽ നിന്നതിനു ശേഷമായിരുന്നു തിരിച്ചുവരവ്. അതേസമയം, മധ്യനിരയിൽ ടീമിെൻറ കുന്തമുനയും ക്യാപ്റ്റനുമായ ഗ്രനിറ്റ് ഷാക്ക രണ്ടു മഞ്ഞകാർഡ് കണ്ട് സ്പെൻഷനിലായത് ടീമിന് തിരിച്ചടിയാവും. ഫ്രാൻസിനെതിരെ 'മാൻ ഓഫ് ദ മാച്ച്' ആയിരുന്നു ആഴ്സനൽ താരം കൂടിയായ ഷാക്ക.
ബ്രസീൽ vs ചിലി
റിയോ െഡ ജനീറോ: കോപ അമേരിക്ക ക്വാർട്ടറിലെ പോരിന് ആതിഥേയരായ ബ്രസീൽ ഇന്നിറങ്ങും. സെമി കണ്ണുനട്ടിറങ്ങുന്ന കാനറികൾക്ക് ചിലിയാണ് എതിരാളികൾ.
ഗ്രൂപ് ചാമ്പ്യന്മാരായി എത്തിയ ബ്രസീൽതന്നെയാണ് മത്സരത്തിലെ ഫേവറേറ്റുകൾ. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ അവസാന മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്ന മുഴുവൻ താരങ്ങൾക്കും അവസരം നൽകിയാണ് കളത്തിലിറങ്ങിയത്. അത്രയും സമ്പന്നമാണ് ട്വിറ്റെയുടെ ടീം. എക്വഡോറിനോട് അവസാന മത്സരത്തിൽ 1-1ന് സമനിലയിലായെങ്കിലും സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം കളത്തിലിറങ്ങുന്നതോടെ ചിലിക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരും.
പഴയ താരങ്ങളെ മിനുക്കിയെടുത്ത് ടീമിനെ ഒരുക്കിയ ചിലിയിൽ കാര്യങ്ങൾ ഒട്ടും നല്ലനിലയിലല്ല. ഒരു മത്സരം മാത്രം ജയിച്ച അവർ നാലാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ടീമിെൻറ സൂപ്പർ താരം അലക്സിസ് സാഞ്ചസ് തിരിച്ചെത്തുന്നതാണ് ഏക ആശ്വാസം.
നേർക്കുനേർ: 72 തവണ ഇരുവരും കളിച്ചപ്പോൾ 51ഉം ജയിച്ചത് ബ്രസീൽ. ചിലിക്ക് ജയിക്കാനായത് 13 മത്സരങ്ങൾ മാത്രം.
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ പെറു, പരാഗ്വെയെ നേരിടും. കണക്കിലെ കളിയിൽ പെറുവിനെതിരെ മുന്നിലാണ് പരാഗ്വെ. 53 മത്സരങ്ങളിൽ 23ഉം പരാഗ്വെ ജയിച്ചു. 16 മത്സരങ്ങളിൽ മാത്രമെ പെറുവിന് ജയിക്കാനായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.