അവിശ്വസനീയ തിരിച്ചുവരവിൽ ക്രോട്ടുവീര്യം ചോർന്നു; അസൂറിപ്പട പ്രീക്വാർട്ടറിൽ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിനും
text_fieldsലീപ്സിഗ്: അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ക്രൊയേഷ്യയുടെ മോഹങ്ങളെ തട്ടിത്തെറിപ്പിച്ച് ഇറ്റലി. 98 മിനിറ്റ് വരെ ഒരുഗോളിന് മുന്നിൽ നിന്ന ക്രൊയേഷ്യയെ ഫൈനൽ വിസിലിന് സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ സമനിലയിൽ കുരുക്കി പ്രീക്വാർട്ടർ പിടിക്കുകയായിരുന്ന ഇറ്റലി.
55ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിലൂടെ ക്രൊയേഷ്യയും 98ാം മിനിറ്റിൽ മാറ്റിക സക്കാഞ്ഞിയുലൂടെ ഇറ്റലിയും ഗോൾ നേടി. ഇതോടെ ഗ്രൂപ്പ് ബിയിൽ സ്പെയിനിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാമതായി ഇറ്റലി പ്രീക്വാർട്ടറിൽ കയറി. രണ്ടുപോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്താൻ വിദൂര സാധ്യത മാത്രമാണുള്ളത്.
54ാം മിനിറ്റിൽ ക്രൊയേഷ്യക്കനുകൂലമായ പെനാൽറ്റി ലഭിച്ചെങ്കിലും നായകൻ ലൂക്ക മോഡ്രിച്ച് പാഴാക്കി. പോസ്റ്റിന്റെ വലതു മൂലയിലേക്ക് പായിച്ച പന്ത് ഇറ്റാലിയൻ ഗോൾ കീപ്പർ സമർഥമായി തട്ടിയകറ്റി. എന്നാൽ, ലൂക്കയുടെ നഷ്ടഭാരം മായ്ക്കാൻ സെക്കൻഡുകളേ വേണ്ടി വന്നുള്ളൂ.
ബോക്സിനകത്തെ കൂട്ടപൊരിച്ചിലിനിടെ ആന്റെ ബുഡിമിറിന്റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്തു വന്ന പന്ത് അതിവേഗം റാഞ്ചി ലൂക്ക മോഡ്രിച്ച് വെടിച്ചില്ല് പോലെ പായിച്ച് പ്രായശ്ചിത്തം ചെയ്തു.
ലീഡ് വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറ്റലി മറുപടിക്കായി ക്രൊയേഷ്യൻ ഗോൾമുഖത്ത് വട്ടമിട്ട് പറന്നെങ്കിലും ഒരണ്ണം പോലും ഗോളാക്കി മാറ്റാനാവാതെ കുഴങ്ങി. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ ക്രൊയേഷ്യൻ ആരാധകരെ നിശബ്ദരാക്കി ആ ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ മാറ്റിഗ സക്കാഞ്ഞിയാണ് ഗോൾ നേടിയത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അൽബേനിയയെ കീഴടക്കി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി. ഏകപക്ഷീയമായ ഒരുഗോളിനാണ് സ്പെയിൻ ജയം.
13 ാം മി നിറ്റിൽ ഫെറാൻ ടോറസാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. സ്പാനിഷ് സ്ട്രൈക്കർ ഡാനി ഒൽമോ ബോക്സിനകത്തേക്ക് നീട്ടിയ പന്ത് ഇടങ്കാലൻ ഷോട്ടിലൂടെ ടോറസ് വലയിലെത്തിക്കുകയായിരുന്നു. കളിയിലുടനീളം ആധിപത്യം സ്പെയിനിന് ആയിരുന്നെങ്കിലും ലീഡ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ അൽബേനിയൻ പ്രതിരോധം തടഞ്ഞിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.