ഇനി 4ലെ കളി
text_fieldsബെർലിൻ: അട്ടിമറികളേറെ കണ്ട യൂറോകപ്പിൽ ജൂൺ 14ലെ കിരീടപ്പോരിലേക്ക് അങ്കം കനപ്പിച്ച് നാല് വമ്പന്മാർ. നിലവിലെ ചാമ്പ്യന്മാരടക്കം മടങ്ങിയ ജർമൻ കളിമുറ്റങ്ങളിൽ അവസാന ചിരിക്ക് രണ്ട് ചുവട് അരികെ നിൽക്കുന്നത് സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകൾ. സ്പെയിൻ നാലാം കിരീടമാണ് തേടുന്നതെങ്കിൽ സമീപകാലത്തെ രണ്ട് റണ്ണറപ്പുകളാണ് ഇംഗ്ലണ്ടും ഫ്രാൻസും. 1988ലാണ് ഡച്ചുപട കിരീടം ചൂടിയിരുന്നത്. ഏറ്റവും മികച്ച നാലു ടീമുകൾ അവസാന പോരാട്ടങ്ങളിൽ അണിനിരക്കുമ്പോൾ കാഴ്ച ആവേശഭരിതമാകും. സ്പെയിനിന് ഫ്രാൻസും ഇംഗ്ലണ്ടിന് നെതർലൻഡ്സുമാണ് എതിരാളികൾ.
സ്പെയിൻ
ഗ്രൂപ് ഘട്ടം
3-0 vs ക്രൊയേഷ്യ
1-0 vs ഇറ്റലി
1-0 vs അൽബേനിയ
പ്രീക്വാർട്ടർ
4-1 vs ജോർജിയ
സെമിഫൈനൽ
2-1 vs ജർമനി
ഓരോ നിമിഷവും അഴകിന്റെ സപ്തവർണങ്ങൾ വിരിഞ്ഞ ജർമനിക്കെതിരായ കളി ജയിച്ചാണ് ചാമ്പ്യൻപട്ടത്തിന് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന സ്പെയിൻ അവസാന നാലിലെത്തുന്നത്. ഗ്രൂപ് ഘട്ടം മുതൽ അസാമാന്യ ഫോമിൽ പന്തുതട്ടുന്നവർ ഗ്രൂപ് ഘട്ടത്തിലെ മൂന്നെണ്ണമടക്കം കളിച്ച അഞ്ചിലും ജയിച്ചാണ് വരവ്. 11 വട്ടം എതിർവല കുലുക്കിയ ടീം രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. യൂറോയിൽ കളിച്ചും അസിസ്റ്റ് നൽകിയും ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിനുടമയായ ലമീൻ യമാൽ, വിങ്ങിൽ അപകടകാരിയായ നിക്കൊ വില്യംസ്, മിഡ്ഫീൽഡ് ജനറൽ റോഡ്രി എന്നിവരടക്കം ഓരോ പൊസിഷനിലും യുവരക്തങ്ങളാണ് ടീമിന്റെ പോരാട്ടം നയിക്കുന്നത്. ജർമനിയിൽ ടീമിന് കപ്പുയർത്താനായാൽ നാലു തവണ യൂറോ ചാമ്പ്യൻപട്ടം മാറോടുചേർക്കുന്ന ആദ്യ ടീമാകും. സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ദേശീയ ടീമുകളെ മുമ്പ് കിരീടത്തിലേക്ക് നയിച്ച പാരമ്പര്യമുള്ള ലൂയി ഡി ലാ ഫുവന്റെയാണ് കോച്ച്. എന്നാൽ, കഴിഞ്ഞ കളിയിൽ ജർമനിയുടെ ടോണി ക്രൂസ് ചവിട്ടി താഴെയിട്ട പെഡ്രി പരിക്കേറ്റും കർവാഹൽ, നോർമൻഡ് എന്നിവർ രണ്ടു കാർഡുകൾ ലഭിച്ചും പുറത്തിരിക്കുന്നത് വരും കളിയിൽ ടീമിന് ആധിയാകും.
ഫ്രാൻസ്
ഗ്രൂപ് ഘട്ടം
1-0 vs ഓസ്ട്രിയ
0-0 vs നെതർലൻഡ്സ്
1-1 vs പോളണ്ട്
പ്രീക്വാർട്ടർ
1-0 vs ബെൽജിയം
ക്വാർട്ടർ ഫൈനൽ
5-3 പെനാൽറ്റി ഷൂട്ടൗട്ട് vs പോർച്ചുഗൽ
റോ കപ്പ് ഗ്രൂപ് ചാമ്പ്യന്മാരാകാതെ നോക്കൗട്ടിലെത്തുകയെന്ന നാണക്കേടുമായാണ് ഫ്രാൻസ് ഇത്തവണ വലിയ കളികൾക്കെത്തുന്നത്. നെതർലൻഡ്സ്, പോളണ്ട്, ഓസ്ട്രിയ എന്നിവരടങ്ങിയ മരണഗ്രൂപ്പിലായിരുന്നെങ്കിലും പെനാൽറ്റിയിലൂടെയല്ലാതെ സ്വന്തമായി ഗോൾ കണ്ടെത്തുന്നതിലും ടീം പരാജയപ്പെട്ടു. എന്നാലും ഇതുവരെയും തോൽവി അറിയാതെയാണ് ടീമിന്റെ കുതിപ്പ്. ലോക മൂന്നാം നമ്പർ ടീമായ ബെൽജിയം എതിരെ വന്നപ്പോൾ എതിർവലയിൽ വീണ സെൽഫ് ഗോളാണ് രക്ഷയായത്. ക്രിസ്റ്റ്യാനോ ഒരിക്കലൂടെ എതിരെവന്ന ക്വാർട്ടറിൽ 120 മിനിറ്റും കളിച്ചിട്ടും ജയിക്കാനാകാതെ ഷൂട്ടൗട്ട് വിധി തീരുമാനിക്കുകയായിരുന്നു. ലോകത്തെ പരിശീലകരിൽ മുൻനിരയിലുള്ള ദിദിയർ ദെഷാംപ്സ് ആണ് ടീമിന്റെ പരിശീലകൻ. 2016ൽ അദ്ദേഹത്തിനു കീഴിൽ കിരീടത്തിനരികിൽ എത്തിയ ടീം റണ്ണേഴ്സ് അപ്പായി. മുന്നിൽ എംബാപ്പെയും 21കാരനായ ബ്രാഡ്ലി ബാർകോളയുമടങ്ങുന്ന നിര കൂടുതൽ അപകടകാരികളായി വരുന്നത് വരുംകളികളിൽ ടീമിന് വലിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരം എളുപ്പമാക്കും.
ഇംഗ്ലണ്ട്
ഗ്രൂപ് ഘട്ടം
1-0 vs സെർബിയ
1-1 vs ഡെന്മാർക്ക്
0-0 vs സ്ലൊവേനിയ
പ്രീക്വാർട്ടർ
2-1 vs സ്ലൊവാക്യ
ക്വാർട്ടർ ഫൈനൽ
5-3 പെനാൽറ്റി ഷൂട്ടൗട്ട് vs സ്വിറ്റ്സർലൻഡ്
ഇനിയും ശരിയായ ഫോം കണ്ടെത്തിയെന്ന് ഉറപ്പുകിട്ടാത്ത ഇംഗ്ലീഷ് സംഘത്തിനു മുന്നിൽ വരും കളികൾ കൂടുതൽ കടുപ്പമേറിയതാകുമെന്ന് തീർച്ച. വലിയ ജയങ്ങൾ പിടിക്കാൻ മറന്നുപോയവർ പക്ഷേ, ഈ യൂറോയിൽ അപരാജിതരാണ്. ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയിൻ, ഫിൽ ഫോഡൻ എന്നിവരടങ്ങിയ മുൻനിര ശരിക്കും താളംകണ്ടെത്തിയാൽ ഏതു ടീമിനു മുന്നിലും ജയിച്ചുകയറുക ടീമിന് എളുപ്പം. സ്ലൊവാക്യക്കെതിരായ പ്രീക്വാർട്ടറിൽ അവസാന വിസിലിന് തൊട്ടുമുമ്പ് ബെല്ലിങ്ഹാം ബൈസിക്കിൾ കിക്കിൽ നേടിയ ഗോൾ ടൂർണമെന്റിലെ ഏറ്റവും മികച്ചവയിലൊന്നാണ്. തൊട്ടുപിറകെ ഹാരി കെയിൻ തലവെച്ചും ടീമിനെ കരകടത്തുകയായിരുന്നു. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടറിലും ആദ്യം ഗോൾവഴങ്ങിയവർക്കായി ബുക്കായോ സാക സമനില പിടിക്കുകയും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാന നാലിലെത്തുകയുമായിരുന്നു. ഷൂട്ടൗട്ടിൽ ടീം അടിച്ച അഞ്ചു ഷോട്ടും അനായാസം വലയിലെത്തി. ഒരു ജയം കൂടി നേടിയാൽ തുടർച്ചയായ രണ്ടാം യൂറോ ഫൈനലാകും ടീമിന്. ജർമൻ മൈതാനങ്ങളിൽ ഇത്തവണ രണ്ടുവട്ടം വല കുലുക്കിയ വെറ്ററൻ നായകൻ ഹാരി കെയിൻ തന്നെയാണ് തുടർ മത്സരങ്ങളിലും ടീമിന്റെ ഒന്നാം പ്രതീക്ഷ. എന്നാൽ, ഒരിക്കൽ യൂറോ ഫൈനലും ലോകകപ്പ് ക്വാർട്ടറും കളിച്ച ടീമിനെ സമീപകാലത്തൊന്നും കിരീടത്തിലെത്തിക്കാനായില്ലെന്ന പേരുദോഷം മാറ്റാൻ കോച്ച് ഗാരെത് സൗത്ഗേറ്റിന്റെ കാത്തിരിപ്പ് നീളുമോയെന്നാണ് ഉറ്റുനോക്കാനുള്ളത്.
നെതർലൻഡ്സ്
ഗ്രൂപ് ഘട്ടം
2-1 vs പോളണ്ട്
0-0 vs ഫ്രാൻസ്
2-3 vs ഓസ്ട്രിയ
പ്രീക്വാർട്ടർ
3-0 vs റുമാനിയ
ക്വാർട്ടർ ഫൈനൽ
2-1 vs തുർക്കിയ
തുടക്കം പതറിയെങ്കിലും പാതിവഴിയിലെത്തിയപ്പോൾ താളം കണ്ടെത്തുകയും കിരീട സാധ്യതകളിലേക്ക് തിരിച്ചെത്തുകയും ചെയ്തതാണ് ഡച്ച് വീര്യം. പോളണ്ടിനെ വീഴ്ത്തിയായിരുന്നു തുടക്കം. ഫ്രാൻസിനെ പിടിച്ചുകെട്ടിയവർ ഓസ്ട്രിയക്കു മുന്നിൽ വീണു. ഗ്രൂപ്പിൽ മൂന്നാമന്മാരായി പോയിട്ടും കണക്കുകളുടെ ബലത്തിൽ നോക്കൗട്ടിൽ. പക്ഷേ, റുമാനിയക്കെതിരായ പ്രീക്വാർട്ടറിൽ സമാനതകളില്ലാത്ത കളിയഴകുമായി മൈതാനം ഭരിച്ച ടീം കാൽഡസൻ ഗോളുകൾ അടിച്ചുകയറ്റി. തുർക്കിക്കെതിരായ ക്വാർട്ടർ പക്ഷേ, ഇരു ടീമും തുല്യ മികവിൽ പന്തുതട്ടുകയും അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തതായിരുന്നു.
70 മിനിറ്റു നേരം എതിരാളികളെ വിറപ്പിച്ചുനിർത്തുകയും ലീഡ് പിടിക്കുകയും ചെയ്തതിനൊടുവിൽ തുടരെ വഴങ്ങിയ രണ്ട് ഗോളുകൾക്കായിരുന്നു തുർക്കിയ കീഴടങ്ങിയത്. തുടർച്ചയായി കോർണറുകൾ വഴങ്ങി അപായമുഖത്തായ നെതർലൻഡ്സിനെ ഞെട്ടിച്ച് അകെയ്ദിൻ നേടിയ ഹെഡർ ഗോളിൽ ആദ്യം മുന്നിലെത്തിയത് തുർക്കിയ. പക്ഷേ, സമാന ഹെഡറിൽ ഡി വ്രിജ് ഡച്ചുകാരെ ഒപ്പമെത്തിച്ചു. ആറു മിനിറ്റിനകം സെൽഫ് ഗോളിലൂടെ ഡച്ചുകാർ വിജയം പിടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.