യൂറോ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം
text_fieldsയൂറോപ്പിന്റെ രാജാക്കന്മാരെ തേടിയുള്ള പടയോട്ടമായ യൂറോ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം. ഗണിച്ചും ഗുണിച്ചും പടയൊരുക്കി മൈതാനം നിറഞ്ഞാടാന്‍ പാകത്തിന് നിലയുറപ്പിച്ച യൂറോപ്പിന്റെ 24 കരുത്തരെയാണ് ആതിഥേയരായ ജര്‍മനി വരവേല്‍ക്കുന്നത്.
മിനി ലോകകപ്പെന്ന ഖ്യാതിക്കു പുറമെ ലോക റാങ്കിങ്ങിലെ ആദ്യത്തെ 30ലെ 15 പേരടങ്ങുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകതയും ഇത്തവണത്തെ യൂറോ കപ്പിനുണ്ട്. അതായത് മത്സരമൊന്ന് കടുക്കുമെന്ന് സാരം.
കിരീടം നിലനിര്ത്താനൊരുങ്ങിയവരും പുതുതായി നേടാനൊരുങ്ങുന്നവരും പ്രവചനാതീതമായ നിലയില്‍ കരുത്തറിയിക്കാന്‍ സാധ്യതയുള്ളവരുമായ പോരാളികളാണ് യൂറോകപ്പിന്റെ പോരാട്ട വീര്യവും സൗന്ദര്യവും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ആതിഥേയരായ ജർമനി സ്കോട്ട്ലൻഡുമായി ഏറ്റുമുട്ടുന്നതോടെ ആവേശപ്പോരിന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 12.30നും വൈകീട്ട് 6.30നും രാത്രി 9.30നുമാണ് മത്സരങ്ങൾ.
6 ഗ്രൂപ്പുകള്‍, 24 ടീം, 10 വേദികള്‍
യോഗ്യത റൗണ്ട് കടന്നെത്തിയ 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി പോരാടും. ഓരോ ഗ്രൂപ്പിലും നാലുവീതം ടീമുകളാണുള്ളത്.
ഒരു ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ടു പേര്‍ക്കാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള മികച്ച നാലു പേര്‍ക്കും യോഗ്യത നേടാം. ജര്‍മനിയിലെ 10 വേദികളിലായാണ് മത്സരങ്ങള്‍. മ്യൂണിക് ഫുട്ബാള്‍ അറീനയിലാണ് ഉദ്ഘാടന പോരാട്ടം. ബെര്‍ലിന്‍ ഫൈനല്‍ മത്സരത്തിനും വേദിയാകും.
കിരീട സാധ്യതയില്‍ ഇവര്‍
യൂറോപ്യന്‍ രാജപട്ടം ഇതുവരെ നേടാന്‍ കഴിയാതെപോയ ഇംഗ്ലണ്ടിന് ഇത്തവണ സന്തോഷിക്കാനിടയുണ്ടാകുമെന്നാണ് ഒട്ടുമിക്ക ഫുട്ബാള്‍ സ്പെഷലിസ്റ്റുകളും നിരീക്ഷകരും പറയുന്നത്. 19.9 ശതമാനമാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ട സാധ്യത.
കണക്കുകളുടെ ഗണനത്തില്‍ ഇംഗ്ലണ്ടിന് മുന്നേറ്റമുണ്ടെങ്കിലും ഒട്ടും പിന്നിലല്ലെന്ന നിലയില്‍ 19.1 ശതമാനം
സാധ്യതയുമായി കരുത്തരായ ഫ്രാന്‍സ് രണ്ടാമതുണ്ട്. അവസാന രണ്ട് ലോകകപ്പ് ഫൈനല്‍ കളിച്ചെന്ന ആത്മധൈര്യവും രണ്ട് തവണ യൂറോ കപ്പ് നേടിയെന്ന വിശേഷണവും ഫ്രാന്‍സിനെ കരുത്തരാക്കുന്നു. ഏറ്റവും കൂടുതല്‍ കിരീടം നേടിയവരും ആതിഥേയരുമായ ജര്‍മനിക്ക് ഇത്തവണ 12.4 ശതമാനമാണ് നല്‍കിയത്. സ്പെയിനിന് 9.4 ഉം പോർചുഗലിന് 9.2 ശതമാനവുമാണ് സാധ്യതയുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് 5 ശതമാനം മാത്രമാണ് പലരും പ്രവചിക്കുന്ന്. നെതര്‍ലന്‍ഡ്സും ബെല്‍ജിയവും കിരീടം നേടുമെന്ന് പറയുന്നവരുടെ ലിസ്റ്റിലുണ്ട്.
കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില അപ്രതീക്ഷിതവും പ്രവചനാതീതവുമായ മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാകാനും നിലവിലെ കണക്കുകൂട്ടലുകള്‍ മാറിമറിയാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയവരുണ്ട്.
പുതുമുഖമാകാന് ജോര്‍ജിയ
2024 യൂറോയിലെ പുതുമുഖമാണ് ജോര്‍ജിയ. യോഗ്യത റൗണ്ടുകള്‍ കടന്ന് തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ടീം. പോർചുഗലും തുര്‍ക്കിയും ചെക്ക് റിപ്പബ്ലിക്കുമടങ്ങിയ ഗ്രൂപ് എഫിലാണ് ജോര്‍ജിയ. ആദ്യ യൂറോകപ്പിനിറങ്ങുന്ന ടീം അത്ഭുതങ്ങള്‍ കാണിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. 17ാം പതിപ്പിനായൊരുങ്ങുന്ന യൂറോ കപ്പില്‍ 14ാം തവണയാണ് ജര്മനിയിറങ്ങുന്നത്. സ്പെയിനിനിത് 12ാം ടൂര്‍ണമെന്റാണ്.
ഫ്രാന്‍സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്ക് 11ാം അങ്കവുമാണിത്.
താരപ്പകിട്ട്
ഗോള്‍ഡന്‍ ബാളിനും ഗോള്‍ഡന്‍ ബൂട്ടിനുമായി മറ്റൊരു വീര്യമേറിയ മത്സരം ഇത്തവണത്തെ യൂറോയിലും നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ സൗദി ലീഗിലെ മുന്‍നിര ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോയും കഴിഞ്ഞ സീസണിലെ പാരിസിലെ ഗോള്‍ വേട്ടക്കാരനായ എംബാപ്പെയും ലെവന്‍ഡോസ്കിയും ജൂഡ് ബെല്ലിങ്ഹാമും ഹാരികെയ്നും അടങ്ങിയ താരനിര യൂറോ മത്സരങ്ങളെ വീര്യമുള്ളതാക്കും.
പ്രധാന താരങ്ങള്‍, ടീം
റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (പോളണ്ട്), കെവിന് ഡിബ്രുയ്ന്, റൊമേലു ലുക്കാക്കു (ബെല്‍ജിയം), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോർചുഗല്‍), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ന്‍, ഫിലിപ് ഫോഡന്, (ഇംഗ്ലണ്ട്), ജിയാന്‍ലൂജി ഡൊന്നൊരുമ്മ (ഇറ്റലി), വിര്‍ജില്‍ വാന്‍ഡെയ്ക് (നെതര്‍ലന്‍ഡ്സ്), കെയ് ഹാവെര്‍ട്സ് (ജര്‍മനി), പെഡ്രി (സ്പെയിന്) തുടങ്ങിയ താരനിര കളിക്കാനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.