വെംബ്ലിയിൽ ഇംഗ്ലീഷ് കണ്ണീർ; ഷൂട്ടൗട്ടിൽ യൂറോകിരീടം റോമിലേക്ക്
text_fieldsലണ്ടൻ: വെംബ്ലിയിൽ ശ്വാസമടക്കിപ്പിടിച്ച ഇംഗ്ലീഷ് കാണികളുടെ പ്രാർഥനയും ബെക്കിങ്ഹാം പാലസിലെ എലിസബത്ത് രാജ്ഞിയുടെ ആശിർവാദവും പാഴായി. ഇംഗ്ലണ്ടുകാരുടെ കണ്ണീർവീണ് കുതിർന്ന മെതാനത്ത് വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികൾ റോമിലേക്ക് പറക്കും. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാർകസ് റാഷ്ഫോഡിന്റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ് ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ഫോർഡ് തടുത്തിട്ടു.
രണ്ടാം മിനിറ്റിൽ ലൂക് ഷായുടെ വെടിക്കെട്ട് ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റിൽ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഇരച്ചെത്തിയ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഇംഗ്ലണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു. ഇടം കാലുകൊണ്ട് അതിമനോഹരമായി പന്ത് േപ്ലസ് ചെയ്ത ലൂക് ഷായാണ് ഇംഗ്ലീഷുകാരെ സ്വപ്നങ്ങളുടെ പറുദീസയിലെത്തിച്ചത്. ചടുലതാളത്തിൽ മുന്നേറിയ കൗണ്ടർ അറ്റാക്കിലൂടെയാണ് ഇംഗ്ലീഷ് ഗോൾ പിറന്നത്. പന്ത് വലയിൽ ചുംബിച്ച നിമിഷത്തിൽ ഗാലറി ഉന്മാദത്താൽ തുള്ളിച്ചാടി.
യൂറോപ്യൻ ഫുട്ബാളിന്റെ വേഗവും ചടുലതയും ആവോളം പ്രകടിപ്പിച്ചാണ് മത്സരം തുടങ്ങിയത്. പന്തടക്കത്തിൽ ഇറ്റലി ബഹുദൂരം മുന്നിലായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റങ്ങളായിരുന്നു ഇംഗ്ലണ്ടിന്‍റെ കരുത്ത്. ഇംഗ്ലീഷ് ഗോൾമുഖം ലക്ഷ്യമാക്കി അസൂറികൾ പലകുറി പാഞ്ഞടുത്തെങ്കിലും മുന്നിൽ വട്ടമിട്ട പ്രതിരോധ നിര തങ്ങളുടെ ജോലി വൃത്തിയായി നിർവഹിച്ചു.
36ാം മിനിറ്റിൽ ലൂക് ഷായുടെ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നീട്ടിയ അളന്നുമുറിച്ച ക്രോസ് ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല. 45ാം മിനിറ്റിൽ ഇമൊബിൽ തൊടുത്ത പെനൽറ്റി ബോക്സിൽ നിന്നും തൊടുത്ത കനമുള്ള ഷോട്ടിന് വിലങ്ങിട്ട് ജോൺ സ്റ്റോൺസ് ഇംഗ്ലീഷുകാരുടെ രക്ഷക്കെത്തി.
രണ്ടാംപകുതിയിൽ കൂടുതൽ ശക്തരായി കളം പിടിക്കുന്ന ഇറ്റലിയെയാണ് മൈതാനം കണ്ടത്. ഒടുവിൽ ഇറ്റാലിയൻ ആരാധകർ സംഭവിക്കാനായും ഇംഗ്ലീഷുകാർ സംഭവിക്കരുതേയെന്നും പ്രാർഥിച്ച നിമിഷമെത്തി. 66ാം മിനിറ്റിൽ കോർണർകിക്കിൽ നിന്നും ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ പോസ്റ്റിൽ തട്ടിമടങ്ങിയ പന്ത് ബൊലൂചി വലയിലെത്തിക്കുകയായിരുന്നു. ഗോൾവീണതോടെ മാനസികമായി തകർന്ന ഇംഗ്ലണ്ടിനെ ഗ്രൗണ്ടിൽ കാഴ്ചക്കാരാക്കി ഇറ്റലി നിറഞ്ഞാടി. പ്രതിരോധ നിരയിലെ ബലവും ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിന്റെ ഞൊടിയിട സേവുകളുമാണ് ഇംഗ്ലീഷുകാരുടെ ആയുസ് നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.