യൂറോ കപ്പ് പ്രീക്വാർട്ടറിന് ഇന്ന് തുടക്കം; ജർമനിക്ക് ഡാനിഷ് വെല്ലുവിളി
text_fieldsബെർലിൻ: പോര് കനക്കുന്ന പ്രീ ക്വാർട്ടറിൽ ആതിഥേയരും കരുത്തരായ ഡെന്മാർക്കും മുഖാമുഖം. ഗ്രൂപ് ഘട്ടത്തിൽ ഒരു കളിപോലും തോൽക്കാത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന ഡോർട്മുണ്ട് മൈതാനത്ത് കുറേക്കൂടി മികച്ച പ്രകടനം നടത്തിയാലേ ജർമനിക്ക് കാര്യങ്ങൾ എളുപ്പമാകൂ.
സ്കോട്ലൻഡിനെയും ഹംഗറിയെയും വീഴ്ത്തുകയും സ്വിറ്റ്സർലൻഡുമായി സമനില പിടിക്കുകയും ചെയ്ത് ഗ്രൂപ് എ ചാമ്പ്യന്മാരായാണ് ജർമനി എത്തുന്നത്. എന്നാൽ, ഗ്രൂപ് സിയിൽ െസ്ലാവേനിയ, ഇംഗ്ലണ്ട്, സെർബിയ ടീമുകൾക്കെതിരായ എല്ലാ കളികളും സമനില പിടിച്ചാണ് ഡെന്മാർക്ക് യോഗ്യത നേടിയത്. 2020 യൂറോയിൽ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന് മുന്നിൽ വീണായിരുന്നു ജർമനിയുടെ മടക്കം.
മാത്രവുമല്ല, 2016 യൂറോക്കുശേഷം മുൻനിര ടൂർണമെന്റുകളിലൊന്നിലും നോക്കൗട്ട് ജയിച്ചില്ലെന്ന ശാപവും ടീമിനുമേൽ ഇടിത്തീയായി നിൽക്കുന്നുണ്ട്. മറുവശത്ത്, 2020 യൂറോ സെമിഫൈനലിസ്റ്റുകളാണ് ഡെന്മാർക്ക്. അന്ന് അവസാന നാലിലെ പോരിൽ ഇംഗ്ലണ്ടുതന്നെയായിരുന്നു അവർക്കും അന്തകർ. ഇരുടീമിനെയും വീഴ്ത്തിയെങ്കിലും ഇംഗ്ലീഷുകാർ ഫൈനലിൽ വീണു.
ഖത്തർ ലോകകപ്പിലടക്കം അതിദയനീയ പ്രകടനവുമായി നേരത്തേ മടങ്ങിയ ആതിഥേയരുടെ ഇതുവരെയുള്ള പ്രകടനങ്ങൾ രാജ്യത്ത് വലിയ ആവേശം തീർക്കുന്നതായിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഡെന്മാർക്കിനെ വീഴ്ത്തി അവസാന എട്ടിലെത്തുന്നതോടെ ആരാധകക്കൂട്ടം ഏറ്റെടുക്കുമെന്ന് ജർമൻ ടീം പ്രതീക്ഷിക്കുന്നു.
തുടക്കം മുതൽ മികച്ച പ്രകടനവുമായി ജർമനി കിരീട പ്രതീക്ഷ നൽകുന്ന ടീമുകളിലൊന്നാണ്. മൂന്നു കളികളിൽ എട്ടുതവണ എതിർവല കുലുക്കിയവർ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. മൂന്നു കളികളിലും ഒരേ ഇലവനെ ഇറക്കിയെങ്കിലും ഇന്ന് ചെറിയ മാറ്റങ്ങൾ നിർബന്ധമാകും.
ലെവർകൂസൻ താരം ജൊനാഥൻ ടാഹിന് കളി വിലക്കും അന്റോണിയോ റൂഡിഗർക്ക് പരിക്കും വില്ലനായി നിൽക്കുന്നതാണ് പ്രശ്നം. ടാഹിനു പകരം നിക്കൊ േഷ്ലാട്ടർബെക് ഇറങ്ങും. റൂഡിഗർ എത്തിയില്ലെങ്കിൽ വാൾഡർമാർ ആന്റണും എത്തും. ഡെന്മാർക്ക് നിരയിൽ മിഡ്ഫീൽഡർ മോർട്ടൻ ഹജൽമൻഡ് രണ്ട് കാർഡുവാങ്ങി പുറത്താകുന്ന ഒഴിവിൽ തോമസ് ഡിലേനിയാകും ബൂട്ടുകെട്ടുക.
ജർമൻ താരം കെയ് ഹാവെർട്സിനിത് ദേശീയ ജഴ്സിയിൽ 50ാം മത്സരമാണ്. യൂറോ ഗ്രൂപ് തലത്തിൽ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഹാവെർട്സിനെ കോച്ച് നാഗെൽസ്മാൻ ഇറക്കിയിട്ടുണ്ട്. സഹതാരം ജോഷ്വ കിമ്മിഷ് ഇറങ്ങിയാൽ 90ാം മത്സരമാകും. ടീമിനായി 19 കളികളിൽ 13 ഗോളുകൾ നേടിയ ബൊറൂസിയ ഡോർട്മുണ്ട് താരം ഫുൾക്രൂഗിന് സ്വന്തം മൈതാനത്ത് കളിക്കുകയെന്ന ആനുകൂല്യവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.