യുദ്ധം തളർത്തിയ യുക്രെയ്ന് ആവേശമായി യൂറോ കപ്പ് യോഗ്യത
text_fieldsകിയവ്: രണ്ടു വർഷത്തിലേറെയായി റഷ്യയുടെ അധിനിവേശത്തിലും തുടരുന്ന യുദ്ധത്തിലും ഉഴലുന്ന യുക്രെയ്നികൾക്ക് ആഹ്ലാദത്തിന്റെ വേളയാണിത്. എല്ലാ ദുഃഖവും ദുരിതവും മറന്ന് സന്തോഷത്തിന്റെ ഗോൾവല കുലുങ്ങിയിരിക്കുകയാണ്. യൂറോ കപ്പ് ഫുട്ബാളിന് അവസാന നിമിഷം യോഗ്യത നേടിയതിന്റെ അതിരറ്റ ആനന്ദമാണ് രാജ്യത്തെങ്ങും. റഷ്യൻ മിസൈലുകളേക്കാൾ ഉയരത്തിൽ സന്തോഷത്തിന്റെ പൂത്തിരി കത്തുകയാണെങ്ങും.
നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ 2-1ന് ജയിച്ചാണ് യുക്രെയ്ൻ ജൂണിൽ ജർമനിയിൽ നടക്കുന്ന യൂറോ കപ്പിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. യുദ്ധത്തിനിടയിലും ഞങ്ങളിവിടെയുണ്ടെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് യുക്രെയ്നിലെ കാൽപന്തുകളിക്കാർ. ബെൽജിയം, സ്ലോവാക്യ, റുമാനിയ എന്നീ ടീമുകൾക്കൊപ്പം ഇ ഗ്രൂപ്പിലാണ് യുക്രെയ്ൻ യൂറോ കപ്പിൽ മത്സരിക്കുക. ജൂൺ 17ന് മ്യൂണിക്കിൽ റുമാനിയക്കെതിരെയാണ് ആദ്യ മത്സരം. ഒരു ഗോളിന് പിന്നിലായ ശേഷമാണ് യുക്രെയ്ൻ തിരിച്ചുവന്നത്. യൂറോ കപ്പിൽ ഈ രാജ്യത്തിന്റെ തുടർച്ചയായ നാലാം യോഗ്യതയാണിത്.
സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിക്കുന്നവരുടെ അതേ ചോരയോടുന്ന യുക്രെയ്ൻകാരനായതിൽ ഏറെ അഭിമാനിക്കുന്നതായി ടീം ക്യാപ്റ്റൻ അലക്‌സാണ്ടർ സിൻചെങ്കോ പറഞ്ഞു. ഏറ്റവും വൈകാരികമായ മത്സരങ്ങളിലൊന്നായിരുന്നു പ്ലേ ഓഫെന്ന് നായകൻ പറഞ്ഞു. മറ്റൊരു സ്വപ്നസാക്ഷാത്കാരമാണെന്നും പ്രയാസമേറിയ സമയത്ത് സഹായിച്ച ആരാധകരോട് ഏറെ നന്ദിയുണ്ടെന്നും സിൻചെങ്കോ കൂട്ടിച്ചേർത്തു.
യുദ്ധത്തിനിടയിൽ ടീമിന് ഫുട്ബാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെന്ന് കോച്ച് സെർഹി റെബ്രോവ് പറഞ്ഞു. എല്ലാ ദിവസവും മിസൈലുകൾ പറന്നുകൊണ്ടിരിക്കുകയാണ്. നമ്മളെല്ലാം ജീവനോടെയുണ്ടെന്നും റഷ്യക്കാർക്കെതിരെ പോരാടുകയാണെന്നും കാണിക്കുകയാണ് ദൗത്യം. യൂറോപ്പിന്റെ പിന്തുണ വേണമെന്നും റെബ്രോവ് പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് ടീം പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രശംസിച്ചു. ഈ നിർണായക വിജയത്തിൽ നന്ദിയുണ്ട്. ദുരിതങ്ങൾക്കിടയിലും യുക്രെയ്നിലുള്ളവർ തളരാതെ പോരാടുകയാണ്. വിജയം സുനിശ്ചിതമാണെന്നും പ്രസിഡന്റ് എക്സിലെ കുറിപ്പിൽ പറഞ്ഞു. ശത്രു നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ യുക്രെയ്നും ജനങ്ങളും ഇവിടെ ഉണ്ടെന്നും ഉണ്ടായിരിക്കുമെന്നും എല്ലാ ദിവസവും പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു.
അന്യനാട്ടിലെ ‘ഹോം’ മത്സരങ്ങൾ
യുദ്ധം കാരണം യുക്രെയ്നിന്റെ യൂറോ കപ്പ് യോഗ്യത മത്സരങ്ങളെല്ലാം മറ്റ് രാജ്യങ്ങളിലായിരുന്നു. യുദ്ധം അഭയാർഥികളാക്കിയ നിരവധി യുക്രെയ്ൻകാർ ഈ മത്സരവേദികളിലെല്ലാം ആവേശത്തോടെ എത്തിയിരുന്നു. നാട്ടിൽ കളിക്കുന്നതിന്റെ അതേ ‘ഫീൽ’ ആയിരുന്നു താരങ്ങൾക്ക്. നിർണായകമായ പ്ലേഓഫ് മത്സരം കാണാനും പോളണ്ടിൽ യുക്രെയ്ൻകാർ തിങ്ങിനിറഞ്ഞു. നിലവിലെ ജേതാക്കളായ ഇറ്റലിയും റണ്ണേഴ്സപ്പായ ഇംഗ്ലണ്ടും അടങ്ങിയ ഗ്രൂപ്പിലായിരുന്നു യോഗ്യത മത്സരങ്ങളിൽ യുക്രെയ്ൻ. ഇരു ടീമുകളെയും സമനിലയിലും പിടിച്ചു. രണ്ടാം മത്സരത്തിൽ ഇരു ടീമുകളോടും തോറ്റിരുന്നു. നോർത്ത് മാസിഡോണിയ, മാൾട്ട, ബോസ്നിയ ഹെർസഗോവിന തുടങ്ങിയ ടീമുകളെ തോൽപിച്ചും മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.