പെയ്തൊഴിഞ്ഞത് പന്തുരുളുന്നിടത്തോളം കാലം ഓർമിക്കപ്പെടുന്ന മായികരാവ്
text_fieldsചരിത്ര നിമിഷങ്ങളെ ആ രാവ് രണ്ടായി പകുത്തെടുക്കുകയായിരുന്നു. അഗ്നിയിൽ സ്ഫുടം ചെയ്ത പോർവീര്യത്തിെൻറ പരകോടിയിൽ അവർ പയറ്റിത്തെളിഞ്ഞപ്പോൾ കണ്ണീരും കിനാവും ഇഴചേർന്ന് പൊരുതി. ഭാഗ്യവും നിർഭാഗ്യവും, ആക്രമണവും പ്രത്യാക്രമണവും, ഉന്മാദവും നിരാശയും കളിവിളക്കുകൾക്കുകീഴെ ഇതുപോലെ കൊമ്പുകോർത്ത രാത്രികൾ വിരളം. ബുക്കാറസ്റ്റിലെയും കോപൻഹേഗനിലെയും ആ കളിയരങ്ങുകളിൽ ഫുട്ബാൾ, ചരിത്രത്തിലെ സകല മനോഹാരിതയും കെട്ടിയാടി. പന്തുരുളുന്നിടത്തോളം, കാലം അതിെൻറ അതിശയക്കൊട്ടാരത്തിൽ ചില്ലിട്ടുസൂക്ഷിക്കുമെന്നുറപ്പുള്ള ദൃശ്യങ്ങളാണ് 240ലേറെ മിനിറ്റുകളിലായി ആ രാത്രിയിൽ പിറവി കൊണ്ടത്. പുൽത്തകിടിക്ക് തീപിടിക്കുന്നുവെന്ന ക്ലീഷേകൾ പോലും അതിെൻറ പൂർണാർഥത്തിൽ ആളിപ്പടർന്ന രാവായിരുന്നത്. ബ്യൂട്ടിഫുൾ ഗെയിമിെൻറ ചന്തം ലോകത്തിനുമുെമ്പ നറുനിലാവായി പരന്നൊഴുകിയ ആവേശരാവ്....
രണ്ടു മത്സരങ്ങൾ...ഒരു ഇഞ്ചുറി ടൈം ഗോൾ...ഒരു എക്സ്ട്രാടൈം ഗോൾ...ഒരു അവസാന മിനിറ്റ് ഗോൾ....ഒരു പെനാൽറ്റി ഷൂട്ടൗട്ട്..14 ഗോളുകൾ....ഡെന്മാർക്കിെൻറയും റുമേനിയയുടെയും തലസ്ഥാനനഗരികൾ കാത്തുവെച്ച വിസ്മയക്കാഴ്ചകളെ അവിടങ്ങളിലേക്ക് ഉറ്റുനോക്കിയ കണ്ണുകൾക്ക് ഇനിയൊരിക്കലും മറക്കാനാവില്ല.
എന്തൊരു രാത്രിയായിരുന്നു പെയ്തുതോർന്നത്...! അധിക സമയത്തിെൻറ നെഞ്ചിടിപ്പും പെനാൽറ്റി ഷൂട്ടൗട്ടിെൻറ ഉദ്വേഗവും ചേരുംപടി ചേർന്ന മായികരാവ്. ഇക്കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് വിജയഭേരിക്ക് ചുക്കാൻ പിടിച്ച കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ ചുംബിച്ച പന്ത് സ്വിറ്റ്സർലൻഡ് ഗോളി യാൻ സോമർ വലതുവശത്തേക്ക് കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റിയപ്പോൾ കളിക്കമ്പക്കാരുടെ കണക്കുകൂട്ടലുകൾ കീഴ്മേൽ മറിഞ്ഞു. ലോകം ജയിച്ച ഫ്രഞ്ചുസംഘം, യൂറോപ്യൻ വൻകരയുടെ സമുന്നത പോരിടത്തിൽ അവസാന എട്ടിൽപോലുമെത്താതെ തിരിച്ചുകയറുകയായിരുന്നു.
എംബാപ്പെ ഫ്രാൻസിെൻറ ഉറപ്പുള്ള പ്രതീക്ഷയായിരുന്നു. ഷൂട്ടൗട്ടിൽ നിർണായകമായ അവസാന കിക്കെടുക്കാൻ കോച്ച് ദിദിയർ ദെഷാംപ്സ് ആ യുവതാരത്തിെൻറ പേര് എഴുതിച്ചേർത്തതും അതുകൊണ്ടുതന്നെയായിരുന്നു. എന്നാൽ, അനിശ്ചിതത്വം കളിയെ വരിഞ്ഞുമുറുക്കിയ ആ രാത്രിയിൽ എംബാപ്പെയെ കാത്തിരുന്നതും മറ്റൊന്നായിരുന്നില്ല. പെനാൽറ്റി കിക്കിെൻറ നൂൽപാലത്തിൽ ഫ്രഞ്ചുകാരെൻറ ഇൻറൻഷൻ ദിശതെറ്റാതെ സോമർ മനസ്സിൽ അളന്നെടുത്തപ്പോൾ കിരീടമോഹങ്ങളുടെ നടുവിൽ കളത്തിലിറങ്ങിയ ഫ്രാൻസിന് അകാലത്തിൽ മടക്കമായി.2010 ലോകകപ്പിനുശേഷം ഒരു പ്രധാന ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിലെത്താതെ ഫ്രഞ്ചുപട ഇടറിവീണത് ഇതാദ്യം. അപ്പോൾ, മൈതാനത്തിെൻറ മറുതലക്കൽ ഉന്മാദത്തിെൻറ പരകോടിയിലെത്തിയ സ്വിസ് താരങ്ങൾ 67 വർഷത്തിനിടെ ആദ്യമായി ഒരു മേജർ ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചതിെൻറ ആഘോഷത്തിലായിരുന്നു.
അതിശയകരമായിരുന്നു കോപൻഹേഗനിലെയും ബുക്കാറസ്റ്റിലെയും കളിഗതിയുടെ സാമ്യതകൾ. മത്സരം അവസാന പത്തു മിനിറ്റിലേക്ക് പ്രവേശിക്കുേമ്പാൾ ക്രൊയേഷ്യക്കെതിരെ രണ്ടുഗോൾ മാർജിനിൽ 3-1ന് ലീഡ് ചെയ്യുന്ന സ്പെയിനിെൻറ വിജയം ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് ലൂക്ക മോഡ്രിച്ചും കൂട്ടരും അത്യുജ്ജ്വലമായൊരു തിരിച്ചുവരവ് നടത്തിയത്. ഓർസിച്ചിെൻറ 85ാം മിനിറ്റ് ഗോളിനു പിന്നാലെ ഇഞ്ചുറി ടൈമിെൻറ മൂന്നാം മിനിറ്റിൽ പസാലിച്ചും സ്കോർ ചെയ്തതോടെ സ്പെയിൻ ഞെട്ടി. വിധിനിർണയം അധികസമയത്തേക്ക് നീളുകയായിരുന്നു. എന്നാൽ, എക്സ്ട്രാടൈമിൽ ആൽവാരോ മൊറാറ്റയും ഒയാർസബലും വല കുലുക്കിയതോടെ സ്പെയിൻ വിജയത്തിലേക്ക് പിടിച്ചുകയറി.
ബുക്കാറസ്റ്റിലും നിശ്ചിത സമയം പിന്നിടുേമ്പാൾ അതുതന്നെയായിരുന്നു അവസ്ഥ. സ്വിസിനെതിരെ സാധ്യത കൽപിക്കപ്പെട്ട ഫ്രാൻസും കോപൻഹേഗനിലെ സ്പാനിഷ് സംഘത്തെപ്പോലെ ഒരു ഗോൾ ലീഡ് വഴങ്ങിയാണ് തുടങ്ങിയത്. എന്നാൽ, കരീം ബെൻസേമയുടെ ഇരട്ടഗോളും പോൾ പോഗ്ബയുടെ ഗോളും ചേർന്നതോടെ ഫ്രാൻസ് 3-1ന് മുന്നിൽ. ഒടുവിൽ 81ാം മിനിറ്റിൽ ഹാരിസ് സെഫറാവിച്ചും 90ാം മിനിറ്റിൽ മരിയോ ഗവ്റാനോവിച്ചും വല കുലുക്കിയതോടെ സ്കോർ അവിശ്വസനീയമായി 3-3. എക്സ്ട്രാടൈം ഗോൾരഹിതമായതോടെയാണ് ഷൂട്ടൗട്ടിൽ സ്വിസ് ടീമിെൻറ ഭാഗ്യജാതകം തെളിയുന്നത്.
ഇ.എസ്.പി.എന്നിെൻറ വിൻ പ്രോബബിലിറ്റി മോഡൽ പ്രകാരം നിശ്ചിത സമയത്തിെൻറ അവസാന പത്തു മിനിറ്റ് ബാക്കിയിരിക്കേ സ്പെയിൻ, ഫ്രാൻസ് ടീമുകളുടെ വിജയസാധ്യത 99.2 ശതമാനമായിരുന്നു. സ്വപ്നങ്ങളിൽ ഇരുട്ടുപടരവേ, അവസാന ഘട്ടത്തിൽ സാധ്യതകളുടെ നേരിയ കച്ചിത്തുരുമ്പിൽനിന്ന് വലക്കണ്ണികളിലേക്ക് പഴുതുകൾ കണ്ടെത്തിയ ക്രോട്ടുകളോടും സ്വിസ് സംഘത്തോടുമാണ് അവിസ്മരണീയമായ ഈ ഫുട്ബാൾ രാവിന് ലോകം കടപ്പെട്ടിരിക്കുന്നത്. തീർത്തും ഏകപക്ഷീയമായി മാറിയേക്കാവുന്ന മത്സരം കീഴടങ്ങാൻ മനസ്സില്ലാത്ത അവരുടെ ചങ്കുറപ്പുകൊണ്ടാണ് ചരിത്രമെഴുതിയത്.
കാൽപനികതയുടെ കളിമുറ്റങ്ങളിൽ കിനാവുപോലെ പന്തുരുളുന്ന മുഹൂർത്തങ്ങളാണ് ഈ മത്സരങ്ങൾ അനുഭവവേദ്യമാക്കിയത്. ഗാലറിയിൽനിന്ന് കളിക്കമ്പക്കാരുടെ മനസ്സിനൊപ്പം പാസുകൊരുത്ത് നാലു കളിസംഘങ്ങൾ ഇടതടവില്ലാതെ ഇരമ്പിയാർത്ത ആവേശനിമിഷങ്ങൾ. കൊണ്ടും കൊടുത്തും ദീർഘചത്വരത്തിനുള്ളിലൂടെ വായുനിറച്ച തുകലുറ താളാത്മകമായി ഒഴുകിയിറങ്ങുന്ന ഇത്തരം വശ്യമുഹൂർത്തങ്ങളാണ് കളിയുടെ ആത്മാവ്. കളത്തിലേക്കും സ്ക്രീനിലേക്കും കണ്ണുനട്ടിരിക്കുന്നവെൻറ മനസ്സുനിറയുന്ന ഇത്തരം ചേതോഹരകാഴ്ചകളാലാണ് കളി കാലാതിവർത്തിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും.
ഒരൊറ്റ മിനിറ്റിനകം, കണ്ണീർചാലിട്ട മുഖഭാവങ്ങളിൽനിന്ന് ആർപ്പുവിളിയിലേക്ക് മാറിമറിഞ്ഞ ആ സ്വിറ്റ്സർലൻഡ് ആരാധകെൻറ ഭാവഹാവാദികളിൽ ഫുട്ബാളിെൻറ അനൽപമായ അവിശ്വസനീയതയുടെ ആകെത്തുകയുണ്ട്. മറുപാതിയിൽ, ഫ്രഞ്ചുവിജയത്തിലേക്ക് വാദ്യം മുഴക്കുന്ന യുവാവ് പൊടുന്നനെ എതിർഗോളിൽ അസ്തപ്രജ്ഞനാകുന്ന കാഴ്ചയും അതിനോടു ചേരുന്നു. കളത്തിലെ മായക്കാഴ്ചകൾക്കൊപ്പം വൈകാരിക മുഹൂർത്തങ്ങളുടെ സുന്ദരദൃശ്യങ്ങളും സമ്മാനിച്ച ആ രാത്രി വരുംകാലങ്ങളിൽ ഫുട്ബാളിനൊപ്പം അടയാളപ്പെടട്ടെ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.