‘മെസ്സി പോലും എന്നോട് പറഞ്ഞതാണ്’- എംബാപ്പെയെ പരിഹസിച്ചതിനെ കുറിച്ച് അർജന്റീന ഗോളി മാർടിനെസ്
text_fieldsഅർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്കു നയിച്ച സൂപർ സേവുകളുമായി ഏറ്റവും മികച്ച ഗോൾകീപർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് എമി മാർടിനെസായിരുന്നു. ആദരം സ്വീകരിക്കുമ്പോഴും നാട്ടിലെത്തി ആഘോഷങ്ങളിൽ പങ്കാളിയാകുമ്പോഴും പക്ഷേ, വിവാദ നടപടികളുമായി താരം മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. ഗോൾഡൻ ഗ്ലോവ് പുരസ്കാരം പ്രത്യേക രീതിയിൽ പിടിച്ച് ലുസൈൽ മൈതാനത്തെ ലോകകപ്പ് പുരസ്കാര വേദിയിൽ തന്നെ വിവാദത്തിന് തിരികൊളുത്തിയ ശേഷമായിരുന്നു നാട്ടിൽ എംബാപ്പെയുടെ മുഖമുള്ള കളിപ്പാവകൾ കൈയിലേന്തി തെരുവുചുറ്റിയത്.
എന്നാൽ, അനാദരം കാണിക്കുന്ന ഇത്തരം ആഘോഷങ്ങൾ നടത്തരുതെന്ന് തന്നോട് ലയണൽ മെസ്സി ഉപദേശിച്ചിരുന്നതായി മാർടിനെസ് പറയുന്നു.
‘‘ആഘോഷങ്ങളിൽ ഞാൻ ഖേദം അറിയിക്കണോ? ശരിയാണ്, ഇതുപോലെ ഇനിയൊരിക്കൽ ചെയ്യാത്ത പലതും ഉണ്ടായിട്ടുണ്ട്. ഒരാളെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. കരിയറിലുടനീളം, ഫ്രഞ്ചുകാർക്കൊപ്പം കളിച്ചിട്ടുണ്ട്. ഒരിക്കലും പ്രശ്നമുണ്ടായിട്ടില്ല. ഞാൻ ആരാണെന്ന് ജിറൂദിനോട് ചോദിച്ചാലറിയാം. ഫ്രഞ്ച് സംസ്കാരവും മനസ്സും എനിക്കിഷ്ടമാണ്’’- താരം മനസ്സുതുറക്കുന്നു.
‘‘മികച്ച ഗോൾകീപർക്കുള്ള പുരസ്കാരവുമായി ഞാൻ നടത്തിയത് സഹതാരങ്ങളോടുള്ള ഒരു തമാശ മാത്രമായിരുന്നു. മുമ്പ് കോപ അമേരിക്കയിലും അതുതന്നെ ചെയ്തതാണ്. അത് ആവർത്തിക്കരുതെന്ന് അന്ന് എന്നോട് അവർ പറഞ്ഞിരുന്നു. ലിയോയും എന്നോടത് പറഞ്ഞു. അവർക്കായാണ് ഞാനത് ചെയ്തത്. അതിൽകൂടുതൽ ഒന്നുമില്ല. ഒരു സെക്കൻഡ് മാത്രമായിരുന്നു അത് നീണ്ടുനിന്നത്’’- മാർടിനെസ് തുടർന്നു.
എംബാപ്പെയെ പരിഹസിച്ച് നടത്തിയ ആഘോഷങ്ങളെ കുറിച്ചും മാർടിനെസിന് ചിലതു പറയാനുണ്ട്. ‘‘അവയെല്ലാം ലോക്കർ റൂം വിശേഷങ്ങൾ മാത്രം. അതൊരിക്കലും പുറത്തെത്തരുതായിരുന്നു. 2018ൽ ഫ്രാൻസ് ഞങ്ങളെ വീഴ്ത്തിയ ശേഷം അവർ (എൻഗോളോ കാന്റെ അടക്കം താരങ്ങൾ) മെസ്സിയെ കുറിച്ചും പാടിയത് ഞങ്ങൾക്ക് ഓർമയുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്. ഒരു ടീം ബ്രസീലിനെ വീഴ്ത്തിയാൽ അവർ നെയ്മറെ കളിയാക്കി പാട്ടുപാടും. എംബാപ്പെയുമായി വ്യക്തിപരമായി ഒന്നുമില്ല. അയാളെ എനിക്കേറെ ആദരമാണ്. അയാളെ കുറിച്ചോ നെയ്മറെ കുറിച്ചോ പാടുന്നുവെങ്കിൽ അവർ ഏറ്റവും മികച്ച താരങ്ങളായതു കൊണ്ടാണ്. ഫൈനലിനു ശേഷം ഞാൻ പറഞ്ഞത്, അയാൾക്കെതിരെ കളിക്കുന്നതു തന്നെ സന്തോഷമാണ് എന്നാണ്. ആ കളി അയാൾ ഒറ്റ് ജയിച്ചെന്നു തോന്നിച്ചതാണ്. അയാൾക്ക് അത്യസാധാരണമായ പ്രതിഭയുണ്ട്. മെസ്സി വിരമിച്ചാൽ പിന്നെ എണ്ണമറ്റ ബാലൻ ദി ഓറുകളാണ് അയാളെ കാത്തിരിക്കുന്നത് എന്ന് എനിക്കുറപ്പാണ്’’- മാർടിനെസ്സിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.