പ്രിമിയർ ലീഗിൽ വീണ്ടും വിറ്റഴിക്കൽ; എവർടൺ ക്ലബും വിൽപനക്ക്
text_fieldsതോൽവിത്തുടർച്ചകളുമായി തരംതാഴ്ത്തൽ ഭീഷണിയിലുള്ള പ്രിമിയർ ലീഗ് ടീം എവർടണെ വിറ്റഴിക്കാൻ സന്നദ്ധത അറിയിച്ച് ഉടമയും വാങ്ങാൻ താൽപര്യമറിയിച്ച് നിരവധി പേരും രംഗത്തെത്തി. ഇറാൻ വംശജനായ ബ്രിട്ടീഷ് ശതകോടീശ്വരൻ ഫർഹദ് മുശീരിയാണ് ഏറെയായി ക്ലബിന്റെ ഉടമ. പ്രമുഖ താരം അർനോട്ട് ഡാൻജുമയെ വാങ്ങാനുള്ള നീക്കം തടസ്സപ്പെട്ടതും പുതിയ കോച്ചായി വരാനില്ലെന്ന് മാഴ്സലോ ബിയൽസ അറിയിച്ചതും പ്രതിസന്ധി ഇരട്ടിയാക്കിയതിനിടെയാണ് പുതിയ വിൽപനനീക്കം.
വിൽക്കുന്നെങ്കിൽ ഏറ്റെടുക്കാൻ നിരവധി പേർ ഇതിനകം താൽപര്യമറിയിച്ചിട്ടുണ്ട്. അടുത്തിടെയായി പുതുക്കിപ്പണിത സ്റ്റേഡിയത്തിന്റെ മുടക്കുമുതലുൾപ്പെടെ 50 കോടി ഡോളറാണ് ഏകദേശ വില നിശ്ചയിച്ചിട്ടുള്ളത്.
ഏഴു വർഷത്തിനിടെ ആറു കോച്ചുമാർ മാറിമാറി വന്നിട്ടും കരപിടിക്കാനാവാത്ത ക്ലബിൽ പുതിയ ദൗത്യം ഏറ്റെടുക്കാനാവില്ലെന്ന് മാഴ്സലോ ബിയൽസ അറിയിച്ചതായാണ് റിപ്പോർട്ട്. വിയ്യാറയലിൽനിന്ന് വിലക്കു വാങ്ങാൻ നീക്കങ്ങൾ അവസാന ഘട്ടത്തിൽനിൽക്കെ ഡാൻജുമയെ ടോട്ടൻഹാം സ്വന്തമാക്കിയിരുന്നു. അടുത്തിടെ എവർടണിലെത്തിയ അമഡോൺ ഒനാന ക്ലബുമാറ്റം ആഗ്രഹിക്കുന്നതായും സൂചനയുണ്ട്. ചെൽസി, ആഴ്സണൽ ക്ലബുകളാണ് ഒനാനക്കായി രംഗത്തുണ്ടായിരുന്നത്.
ഇവക്കൊപ്പം തുടർച്ചയായ തോൽവികളുമായി പോയിന്റ് പട്ടികയിൽ ഏറെ പിറകിലുമാണ് ക്ലബ്. എല്ലാ പ്രതിസന്ധികളും മറികടന്ന്, ടീം തിരികെയെത്താൻ സാധ്യത കുറവാണെന്നത് വിൽപനനീക്കത്തിന് ആക്കം കൂട്ടിയതായാണ് സംശയം.
ഏഴു വർഷത്തിനിടെ 70 കോടി പൗണ്ട് ചെലവിട്ട് 50 ലേറെ താരങ്ങളെ മുശീരി ടീമിലെത്തിച്ചിട്ടുണ്ട്. 55 കോടി പൗണ്ട് മുടക്കിയാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നിലവിൽ 37 കോടി പൗണ്ട് നഷ്ടത്തിലാണ് ക്ലബ്.
അതേ സമയം, ക്ലബിനെ വിറ്റഴിക്കലല്ല, സ്റ്റേഡിയം നിർമാണത്തിൽ കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടാണ് താൻ രംഗത്തെത്തിയതെന്ന് മുശീരി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.