വെൽഡൺ എവർട്ടൺ; ഏഴിൽ ഏഴും ജയിച്ച് ബ്രസീൽ
text_fieldsസാന്‍റിയാഗോ: ലോകകപ്പ് യോഗ്യത റൗണ്ടിൽ അജയ്യരായി ബ്രസീൽ. കരുത്തരായ ചിലെയെ 1-0ത്തിന് തോൽപിച്ചാണ് ബ്രസീൽ ഖത്തർ ലോകകപ്പ് യോഗ്യതക്ക് ഒരു പടി കൂടി അടുത്തത്. കളിച്ച ഏഴിൽ ഏഴും വിജയിച്ച ബ്രസീലിന്‍റെ കുതിപ്പ്. മത്സരത്തിൽ മികച്ച് നിന്നത് ചിലെയായിരുന്നെങ്കിലും മികച്ച ഗോൾ അവസരങ്ങൾ തുറക്കാൻ സാധിക്കാതിരുന്നതാണ് അവർക്ക് വിനയായത്.
ഒമ്പത് പ്രീമിയർ ലീഗ് താരങ്ങളുടെ സേവനം ലഭ്യമല്ലെങ്കിലും നെയ്മറിന്റെ നേതൃത്വത്തിൽ ശക്തമായ നിരയെ തന്നെയാണ് ബ്രസീൽ കളത്തിലിറക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 64ാം മിനിറ്റിൽ എവർട്ടണാണ് ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 21പോയിന്‍റുമായി ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി അർജന്‍റീനയാണ് രണ്ടാമത്. 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ ഗ്രൂപ്പിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർ ഇന്‍റർ റീജ്യനൽ പ്ലേഓഫ് കളിച്ച് വേണം യോഗ്യത സ്വന്തമാക്കാൻ.
റൗണ്ടിൽ ഞായറാഴ്ച നടക്കാൻ പോകുന്ന ക്ലാസിക് പോരാട്ടത്തിൽ അർജന്‍റീനയാണ് ബ്രസീലിന്‍റെ എതിരാളി. ഇന്ന് നടന്ന മത്സരത്തിൽ അർജന്‍റീന വെനിസ്വേലയെ 3-1ന് തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.