ഞാനാണോ എന്നറിയില്ല...; ലയണൽ സ്കലോണിക്കു പകരക്കാരനാകുന്നതിൽ ഉറപ്പില്ലെന്ന് മുൻ ബാഴ്സ സൂപ്പർതാരം
text_fieldsഅർജന്‍റീനയെ ലോകകപ്പ് കിരീടത്തിലേക്ക് കൈപിടിച്ച പരിശീലകൻ ലയണൽ സ്കലോണിക്കു പകരക്കാരനായി ബാഴ്സലോണയുടെ മുൻ സൂപ്പർതാരം ഹവിയർ മസ്കരാനോയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്.
നിലവിൽ യൂത്ത് ടീമിന്‍റെ പരിശീലകനാണ് ഈ മുൻ അർജന്‍റൈൻ താരം. എട്ടു സീസണുകൾ ബാഴ്സക്കൊപ്പം കളിച്ച മസ്കരാനോ, ക്ലബിനായി 334 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ക്ലബിന്‍റെ രണ്ടു ചാമ്പ്യൻസ് ലീഗ്, അഞ്ച് ലാ ലിഗ, അഞ്ചു സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളിൽ പങ്കാളിയായി. 2014-15 സീസണിൽ ക്ലബിന്‍റെ ട്രബ്ൾ കിരീട നേട്ടത്തിൽ താരം നിർണായക പങ്കുവഹിച്ചു. അർജന്‍റീനൻ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം കൂടിയാണ് മസ്കരാനോ. 147 മത്സരങ്ങളിലാണ് താരം ദേശീയ ജഴ്സി അണിഞ്ഞത്.
സൂപ്പർതാരം ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്. കാര്യങ്ങളെല്ലാം മികച്ച നിലയിൽ പോകുകയാണെങ്കിൽ പാരിസ് ഒളിമ്പിക്സിലും സ്കലോണി തന്നെയായിരിക്കും അർജന്‍റീന ടീമിന്‍റെ പരിശീലകനെന്ന് മസ്കരാനോ പറഞ്ഞു. 2026 ലോകകപ്പ് വരെ സ്കലോണി തുടരണമെന്നും താരം കൂട്ടിച്ചേർത്തു. സ്കലോണിക്കു പകരക്കാരനാകുമോ എന്ന ചോദ്യത്തിന് ഉറപ്പില്ലെന്നായിരുന്നു മസ്കരാനോയുടെ മറുപടി.
ഞാൻ മാത്രമല്ല, ഞാനാണോ എന്ന് എനിക്കറിയില്ല. ഒളിമ്പിക്‌സിന് അണ്ടർ -23 ടീമിന്‍റെ യോഗ്യത ഉറപ്പാക്കുകയും യൂത്ത് ടീമിനെ പരിശീലിപ്പിക്കുകയുമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ജനുവരിയിലാണ് അർജന്‍റീന യൂത്ത് ടീമിന്‍റെ പരിശീലക സ്ഥാനം മസ്കരാനോ ഏറ്റെടുക്കുന്നത്. 62 ശതമാനമാണ് വിജയം. ഫിഫ അണ്ടർ -20 ലോകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ ടീം എല്ലാ മത്സരങ്ങളും ജയിച്ചെങ്കിലും നോക്കൗട്ട് റൗണ്ടിൽ നൈജീരിയയോട് തോറ്റ് ടീം പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.