31ാം വയസ്സിൽ ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ
text_fieldsപാരിസ്: ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ് താരമായിരുന്ന വരാനെ 31ാം വയസ്സിലാണ് കളമൊഴിയുന്നത്.
ജൂലൈയിൽ യുനൈറ്റഡിൽനിന്നു സൗജന്യ ട്രാൻസ്ഫറിൽ ഇറ്റാലിയൻ ക്ലബായ കോമോയിലേക്ക് മാറിയ താരത്തിന് അരങ്ങേറ്റ മത്സരത്തിൽതന്നെ പരിക്കേറ്റിരുന്നു. തുടർച്ചയായി പരിക്കുകൾ വേട്ടയാടുന്നതിനിടെയാണ് വൈകാരിക കുറിപ്പിലൂടെ വരാനെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നോൺ പ്ലെയിങ് റോളിൽ ക്ലബിൽ തുടരുമെന്ന് വരാനെ ഇൻസ്റ്റാം ഗ്രാം കുറിപ്പിൽ പറയുന്നു. ‘ആയിരം തവണ വീഴുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു, ഇപ്പോൾ ബൂട്ടഴിക്കാനുള്ള സമയമാണ്. എനിക്ക് ഖേദമില്ല, സ്വപ്നം കണ്ടതിലും കൂടുതൽ നേടിയിട്ടുണ്ട്. വൈകാരികാനുഭൂതികളും ഓർമകളും പ്രത്യേക നിമിഷങ്ങളും ജീവിതത്തിലുടനീളം അവശേഷിക്കും. നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഈ കളിയിൽനിന്ന് തികഞ്ഞ അഭിമാനബോധത്തോടെയും സംതൃപ്തിയോടെയും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു’ -വരാനെ കുറിച്ചു.
ഫ്രഞ്ച് ക്ലബ് ലെൻസിലൂടെയാണ് വരാനെ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. തൊട്ടടുത്ത സീസണിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്ക് മാറി. പത്തു വർഷത്തെ റയൽ കരിയറിൽ 18 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. മൂന്നു ലാ ലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇതിൽ ഉൾപ്പെടും. 2021ലാണ് താരം ഓൾട് ട്രാഫോർഡിലെത്തുന്നത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി യുനൈറ്റഡിനായി 95 മത്സരങ്ങൾ കളിച്ചു. ഇതിനിടെ പരിക്കുകളും താരത്തെ വേട്ടയാടിയിരുന്നു. 2022ൽ കരബാവോ കപ്പ് നേടിയ യുനൈറ്റഡ് ടീമിലുണ്ടായിരുന്നു. കഴിഞ്ഞ മെയിൽ വെംബ്ലിയിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് എഫ്.എ കപ്പ് കിരീടം നേടിയ ടീമിലും വരാനെയുണ്ടായിരുന്നു.
യുനൈറ്റഡ് ജഴ്സിയിൽ താരത്തിന്‍റെ അവസാന മത്സരമായിരുന്നു അത്. 2013ലാണ് ഫ്രഞ്ച് ദേശീയ ടീമിനായി താരം അരങ്ങേറ്റം കുറിക്കുന്നത്. 93 മത്സരങ്ങൾ കളിച്ചു. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അംഗമായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും താരം നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.