സ്പെയിനിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ മുൻ വലൻസിയ താരവും
text_fieldsവലൻസിയ: സ്പെയിനിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ലാ ലിഗ ക്ലബ് വലൻസിയയുടെ മുൻ താരവും. യൂത്ത് ക്ലബിന്‍റെ ഭാഗമായിരുന്ന മധ്യനിരതാരം ജോസ് കാസ്റ്റിലേജോയാണ് (28) മരിച്ചത്.
വലൻസിയ അണ്ടർ -18 ടീമിലൂടെയാണ് താരം പ്രഫഷനൽ ഫുട്ബാളിലെത്തുന്നത്. രണ്ടാം ഡിവിഷൻ ക്ലബുകളായ ടോറെ ലെവന്‍റെ, പാറ്റേർണ, എൽഡെൻസ്, ബ്യൂണോൾ, റെകാംബിയോസ് കോളൻ, സിഡി റോഡ തുടങ്ങിയ ടീമുകൾക്കുവേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. താരത്തിന്‍റെ വിയോഗത്തിൽ വലൻസിയ അനുശോചിച്ചു. കിഴക്കൻ മേഖലയായ വലൻസിയയിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 158 കടന്നു.
നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാണാതായവരുടെ എണ്ണവും തിട്ടപ്പെടുത്താനായിട്ടില്ല. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഞ്ച് നൂറ്റാണ്ടിനിടെ രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രളയമാണ് സ്പെയിനിലുണ്ടായത്. ‘കാസ്റ്റിലേജോയുടെ മരണത്തിൽ ഖേദിക്കുന്നു. ക്ലബിന്‍റെ യൂത്ത് ടീമിന്‍റെ താരമായിരുന്നു. വലൻസിയയിലെ വിവിധ ക്ലബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്’ -വലൻസിയ അനുശോചന കുറിപ്പിൽ അറിയിച്ചു.
താരത്തിന്‍റെ വിയോഗത്തിൽ എൽഡെൻസ് ക്ലബും അനുശോചിച്ചു. 2015-16 സീസണിലാണ് താരം ക്ലബിനുവേണ്ടി കളിച്ചത്. പ്രളയത്തെ തുടർന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയൽ മഡ്രിഡ്-വലൻസിയ മത്സരം മാറ്റിവെച്ചു. പ്രളയബാധിതരെ സഹായിക്കാനായി ലാ ലിഗയുടെ നേതൃത്വത്തിൽ ക്ലബുകൾ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്.
വലൻസിയ നഗരത്തിനും മഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവിസുകൾ 15 ദിവസത്തേക്ക് നിർത്തിവെച്ചു. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഡ്രിഡിനെയും വലൻസിയയെയും ബന്ധിപ്പിക്കുന്ന ട്രാക്കുകൾ കേടുപാടുകളുടെ വ്യാപ്തി കാരണം മൂന്നാഴ്ച വരെ ഉപയോഗശൂന്യമാകുമെന്ന് സ്‌പെയിൻ ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്‍റ പറഞ്ഞു.
ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്‍റ് എന്നിവ തകർന്നു. റെയിൽവേ ട്രാക്കുകൾ പൂർണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രാക്കുകളിൽ മൂന്നെണ്ണം അപ്രത്യക്ഷമായി. 80 കിലോമീറ്ററോളം റെയിൽവേ ലൈനുകൾ പൂർണമായി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.