ഒടുവിൽ ഓസിലിനെ ആഴ്സനൽ ഫോട്ടോ ഷൂട്ടിന് എടുത്തു !
text_fieldsലണ്ടൻ: ' 32 വയസ് എന്നത് ഫുട്ബാളിൽ പുറത്തിരിക്കേണ്ട സമയമല്ല, പ്രത്യേകിച്ച് ഓസിലിനെ പോലെ കഴിവും ഫിറ്റ്നസും നിലനിർത്തുന്ന താരം'... ഒരു കാലത്ത് മെസ്യൂത് ഓസിൽ ഗണ്ണേഴ്സിെൻറ എല്ലാമെല്ലാമായിരുന്നു. 2013ൽ റയൽ മഡ്രിഡ് വിട്ടാണ് ജർമൻ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സനലിനൊപ്പം എത്തുന്നത്. പിന്നീടങ്ങോട്ട് ക്ലബിെൻറ 'പവർ എൻജിൻ' ആയി ഓസിൽ മാറി. ഗോളടിച്ചും അടിപ്പിച്ചും ആഴ്സനലിെൻറ വഴികാട്ടിയായി താരം.
രണ്ടു പതിറ്റാണ്ടു കാലം ആഴ്സനലിനെ പരിശീലിപ്പിച്ച ആഴ്സൻ വെങ്ങറാണ് റയൽ മഡ്രിഡിൽ നിന്ന് താരത്തിനെ ക്ലബിലെത്തിച്ചത്. എന്നാൽ, വെങ്ങർ പടിയിറങ്ങിയതോടെ ഓസിലിെൻറ കഷ്ടകാലവുമായി. പിന്നീട് എത്തിയ ഉനയ് എംറിക്കു കീഴിൽ താരം നന്നായി കളിച്ചു. എന്നാൽ എംറിയുടെ സ്ഥാനം തെറിച്ചതോടെ എത്തിയ കോച്ച്, ക്ലബിെൻറ മുൻ താരംകൂടിയായ മൈക്കൽ ആർടേട്ടക്ക് ഓസിൽ സുപ്രിയനല്ലായിരുന്നു. പുതിയ ഒരുപിടി താരങ്ങൾ എത്തിയപ്പോൾ, ആർടേട്ടയുടെ ടാക്റ്റിസിന് ഓസിൽ ഫിറ്റല്ലാതായി എന്നു പറയുന്നവരുണ്ട്. എന്നാൽ, അതിനപ്പുറത്തായിരുന്നു കാര്യങ്ങൾ.
കഴിഞ്ഞ എട്ടു മാസമായി ഒരു മത്സരത്തിൽ പോലും ഓസിലിനെ കോച്ച് ഇറക്കിയിട്ടില്ല. എന്നാൽ, ഇപ്പോഴും ക്ലബിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ഓസിൽ. ആഴ്ചയിൽ 350000 പൗണ്ട്, അഥവാ ഏകദേശം മൂന്ന് കോടി രൂപയിൽ അധികം വരും ! ഇത്രയധികം പണം, ക്ലബ് നൽകുന്ന താരമെന്തിന് പുറത്തിരിക്കുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്.
2019-20 സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഈ സീസണിൽ താരത്തെ പൂർണമായി ടീമിൽ നിന്ന് വെട്ടി. ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ഓഫീഷൽസിന് ഈ സീസണിൽ ക്ലബിനായി കളിക്കുന്ന 25 അംഗ കളിക്കാരുടെ ലിസ്റ്റ് നൽകിയപ്പോൾ, ഓസിൽ അതിൽ ഉൾപ്പെടാതിരുന്നത് കളി വിധഗ്ദരെ ഞെട്ടിച്ചു. രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നതു കൊണ്ടാണ് താരത്തിനെ ഒതുക്കുന്നതെന്ന് ഇംഗ്ലീഷ് കളിയെഴുത്തുകാർ നിരീക്ഷിക്കുന്നുണ്ട്. ജർമൻ ഫുട്ബാളിലെ വിവേചനത്തെ കുറിച്ചും ഉയിഗൂർ മുസ്ലിംകൾക്കെതിരായ അക്രമത്തിനെതിരായും താരം പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നു.
എട്ടു മാസത്തോളം ഒരു മത്സരത്തിലും കളിപ്പിക്കാതെ പുറത്തിരുത്തിയ ഓസിലിനെ ആഴ്സനലിെൻറ ഫോട്ടോ ഷൂട്ടിൽ കഴിഞ്ഞ ബുധനാഴ്ച ഉൾപ്പെടുത്തിയതോടെയാണ് താരം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇത്തവണ നേടിയ എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും മുന്നിൽ വച്ച് കോച്ചിെൻറ നേതൃത്വത്തിലായിരുന്നു ഫോട്ടോ ഷൂട്ട്. താരങ്ങൾ അണിനിരന്നപ്പോൾ ഏറ്റവും പിൻ നിരയിൽ ഓസിലുമുണ്ടായിരുന്നു. യൂറോപ്യൻ മാധ്യമങ്ങൾ അതു വാർത്ത ആക്കുകയും ചെയ്തു.
തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്‍ദൂഗാനൊപ്പം ചിത്രമെടുത്തതിെൻറ പേരിലാണ് താരത്തിനെതിരെ വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. 2018 റഷ്യൻ ലോകകപ്പിന് തൊട്ടുപിന്നാലെയാണ് സംഭവം. വിവാദങ്ങള്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലേ ശക്തമായതോടെയാണ് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഉര്‍ദൂഗാന്‍ വിവാദത്തില്‍ അകപ്പെട്ട ഓസിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ തെറ്റായിരുന്നു എന്ന് ജര്‍മന്‍ പരിശീലക സംഘത്തില്‍ നിന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞാണ് വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ താന്‍ ജര്‍മന്‍ ടീമില്‍ നിന്നും പിന്മാറുകയാണെന്ന് ഓസില്‍ പ്രഖ്യാപിക്കുന്നത്.
വിമർശകർക്ക് താരം മറുപടിയും നൽകി. '' തനിക്ക് നേരെ ജര്‍മന്‍ മാധ്യമങ്ങള്‍ വംശീയ അധിക്ഷേപം നടത്തുകയാണ്. രണ്ട് പാരമ്പര്യം ഞാന്‍ പേറുന്നതില്‍ എന്നെ തുടരെ തുടരെ കുറ്റപ്പെടുത്തുകയാണ് നിങ്ങള്‍. ലോകകപ്പില്‍ ടീം മുഴുവന്‍ പരാജയപ്പെട്ടതിന് എന്നെ മാത്രം തിരഞ്ഞു പിടിച്ചു കുറ്റപ്പെടുത്തുന്നു. റഷ്യയില്‍ ജര്‍മനി തോറ്റതിന് കാരണമായി അവര്‍ ഞാനും ഉര്‍ദൂഗാനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഉത്തരം പറയുന്നത്. അവര്‍ എെൻറ കളിയെ വിമര്‍ശിക്കുന്നില്ല, ടീമിെൻറ കളിയെ വിമര്‍ശിക്കുന്നില്ല. തുര്‍ക്കിയുമായി എനിക്കുള്ള ബന്ധത്തേയും, എെൻറ മുന്‍ഗാമികളെ ഞാന്‍ ആദരിക്കുന്നതിനേയും ആണ് അവര്‍ വിമര്‍ശിക്കുന്നത്. ജര്‍മനിയുടെ മുന്‍ നായകന്‍ ലോതര്‍ മുമ്പ് മറ്റൊരു ലോക നേതാവിനെ സന്ദര്‍ശിച്ചു. എന്നാല്‍ ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് അത് വിഷയമേ അല്ലായിരുന്നു''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.