അവസാന കളിയിലും ജയം; എന്നിട്ടും ബെൻഫിക്കക്കു പിന്നിൽ രണ്ടാമതായ ഞെട്ടലിൽ മെസ്സിപ്പട..
text_fieldsലണ്ടൻ: ഗ്രൂപ് എച്ചിൽ അവസാന മത്സരത്തിൽ യുവന്റസിനെതിരെ വിജയിച്ചാൽ ഒന്നാമതെത്തുമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ പി.എസ്.ജി ജയത്തോടെ മടങ്ങിയിട്ടും കിട്ടിയത് രണ്ടാമന്മാരെന്ന പട്ടം. പോയിന്റ് നിലയിൽ തുല്യത പാലിക്കുകയും ഗോൾശരാശരിയിൽ ഒപ്പം നിൽക്കുകയും ചെയ്തിട്ടും പോർച്ചുഗീസ് ടീമായ ബെൻഫിക്ക ഗ്രൂപ് ജേതാക്കളായി നോക്കൗട്ട് ഉറപ്പാക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയിലെ നിർണായക മത്സരങ്ങളിൽ പി.എസ്.ജി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസുമായും ബെൻഫിക്ക ഇസ്രായേൽ ടീമായ മക്കാബിയുമായുമാണ് മുഖാമുഖം നിന്നത്. എംബാപ്പെ ഗോളടിച്ച കളിയിൽ യുവെ വീണത് ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നെങ്കിൽ ബെൻഫിക്ക എതിരാളികളെ കടന്നത് ഒന്നിനെതിരെ ആറു ഗോളടിച്ചുകയറ്റിയായിരുന്നു. അവസാന നാലു മിനിറ്റിനിടെ മക്കാബി വലയിൽ കയറിയ രണ്ടു ഗോളുകളാണ് ഗ്രൂപിന്റെ ചിത്രം മാറ്റിയത്.
14 പോയിന്റുമായി ഗ്രൂപിൽ ഇരു ടീമും തുല്യത പാലിച്ചു. ഗോൾശരാശരിയാകട്ടെ ഇരുവർക്കും ഒമ്പതും. നാലു കളികൾ ജയിക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു. പരസ്പരം മുഖാമുഖം നിന്ന രണ്ടു കളികളും സമനിലയിലുമായി. അതോടെ, ഗ്രൂപ് ജേതാക്കളെ തീരുമാനിക്കാവുന്ന സാധാരണ മാനദണ്ഡങ്ങളിലെല്ലാം ഇരുവരും തുല്യത പാലിച്ചു. അതോടെ, എവേ ഗോളുകൾ കൂടുതൽ അടിച്ച ടീം ആരെന്ന പരിഗണന വന്നപ്പോൾ ബെൻഫിക്ക മുന്നിൽ കടക്കുകയായിരുന്നു. പി.എസ്.ജി ആറെണ്ണം നേടിയപ്പോൾ ബെൻഫിക്ക നേടിയത് ഒമ്പതെണ്ണമാണ്.
ഗ്രൂപിൽ രണ്ടാമന്മാരായതോടെ പ്രീ ക്വാർട്ടറിൽ നാപോളി, ബയേൺ മ്യൂണിക്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, ടോട്ടൻഹാം ഹോട്സ്പർ, പോർട്ടോ എന്നിവരിൽ ആരെങ്കിലുമാകും എതിരാളികൾ.
ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനവുമായി പോർച്ചുഗീസ് ബഹുദൂരം മുന്നിലുള്ള ടീമാണ് ബെൻഫിക്ക. സീസണിൽ ടീം 22 കളികളിൽ 19ഉം ജയിച്ചപ്പോൾ ബാക്കി മൂന്നെണ്ണം സമനില പാലിച്ചു. ഒരെണ്ണം പോലും തോറ്റില്ലെന്നതും ശ്രദ്ധേയം. പി.എസ്.ജിയും യുവന്റസും ഉൾപ്പെട്ട ഗ്രൂപിലാണ് കരുത്തിന്റെ പുരുഷന്മാരായി ഒന്നാമതാകുന്നത്. പ്രീക്വാർട്ടർ മുതലുള്ള വലിയ അങ്കങ്ങളിലും വൻജയവുമായി ചരിത്രം പിടിക്കാനുള്ള കുതിപ്പിലാണ് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.