ഖത്തർ ക്ലബ് പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫ്
text_fieldsദോഹ: പേരുമാറി ‘എക്സ്പോ സ്റ്റാർസ് ലീഗായി’ ഖത്തറിന്റെ ക്ലബ് പോരാട്ടങ്ങൾക്ക് ബുധനാഴ്ച കിക്കോഫ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് രാജ്യം വേദിയാകുന്ന വർഷത്തിൽ പേരിൽ മാറ്റംവരുത്തി പുതുമോടിയോടെയെത്തുന്ന ‘എക്സ്പോ സ്റ്റാർസ് ലീഗിലെ’ വമ്പൻ പോരാട്ടങ്ങൾക്ക് ഇന്നു മുതൽ കിക്കോഫ് വിസിൽ മുഴങ്ങുന്നു.
വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ അൽ വക്റ ക്ലബും മുഐദർ ക്ലബും തമ്മിലുള്ള പോരാട്ടത്തോടെയാണ് പുതു സീസണിന് കിക്കോഫ് കുറിക്കുന്നത്. എക്സ്പോ സ്റ്റാർസ് ലീഗ് എന്ന പുതിയ ബ്രാൻഡിലെ ആദ്യ മത്സരമെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. ദോഹ സമയം വൈകീട്ട് 6.30നാണ് മത്സരം ആരംഭിക്കുക. അൽ തുമാമ സ്റ്റേഡിയത്തിൽ 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അൽ അറബിയും അൽ ഷമാലും തമ്മിൽ ഏറ്റുമുട്ടും.
ആഗസ്റ്റ് 17ന് ഖത്തർ സ്പോർട്സ് ക്ലബും അൽ ഗറാഫയും തമ്മിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. അൽ ജനൂബ് സ്റ്റേഡിയത്തിൽ റയ്യാനും അൽ മർഖിയയും തമ്മിലാണ് മറ്റൊരു മത്സരം. ഉദ്ഘാടന ആഴ്ചയിലെ മൂന്നാം ദിനം അൽ അഹ്ലി നിലവിലെ ചാമ്പ്യന്മാരായ അൽ ദുഹൈലിനെ അൽ തുമാമ സ്റ്റേഡിയത്തിൽ നേരിടുമ്പോൾ അൽ ബെയ്ത് സ്റ്റേഡിയത്തിൽ കരുത്തരായ അൽ സദ്ദിന് ഉംസലാലാണ് എതിരാളികൾ.
പുതിയ സീസൺ മൂന്ന് ആഴ്ച പിന്നിടുമ്പോൾ മത്സരക്രമത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. 2023-2024 എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ മത്സരക്രമം പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സ്റ്റാർസ് ലീഗിലെ മത്സരക്രമത്തിലെ മാറ്റങ്ങൾ.
ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സീസണിന് അടുത്ത വർഷം ഏപ്രിൽ 24ന് ഖത്തർ കപ്പ് ഫൈനലോടെ അവസാന വിസിലടിക്കുമെന്ന് ക്യു.എസ്.എൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ജനുവരിയിൽ ആരംഭിച്ച് ഫെബ്രുവരിയിൽ അവസാനിക്കുന്ന ഖത്തർ വേദിയാകുന്ന എ.എഫ്.സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട് സീസണിൽ ആറാഴ്ചത്തെ ഇടവേളയും ക്യു.എസ്.എൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ അഞ്ചു റൗണ്ട് മത്സരങ്ങൾക്കും ലോകകപ്പ് സ്റ്റേഡിയങ്ങൾ വേദിയാകുമെന്ന സവിശേഷതയും ഇത്തവണ ലീഗ് മത്സരങ്ങൾക്കുണ്ട്.
ശക്തമായ തയാറെടുപ്പുകളുമായാണ് ഇത്തവണ ക്ലബുകൾ ലീഗ് മത്സരങ്ങൾക്കിറങ്ങുന്നത്. ഒരുപിടി താരങ്ങളെ ഒഴിവാക്കിയും പുതിയ താരങ്ങളെ ടീമിലെത്തിച്ചും ശൈലിയിൽ മാറ്റം വരുത്തിയും ക്ലബുകൾ തന്ത്രങ്ങൾ മെനയുകയാണ്. പരിശീലനത്തിനായി ഓസ്ട്രിയ, തുർക്കിയ, സ്പെയിൻ ഉൾപ്പെടെ രാജ്യങ്ങളായിരുന്നു ക്ലബുകൾ തിരഞ്ഞെടുത്തിരുന്നത്. ദിവസങ്ങൾ മുതൽ ആഴ്ചകളോളം നീളുന്ന കഠിന പരിശീലനത്തിനു ശേഷമാണ് ക്ലബുകളെല്ലാം ഖത്തറിലേക്ക് മടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.