എഫ്.എ കപ്പ്: ആൻഫീൽഡിൽ ലിവർപൂളിന്റെ ഗോളുത്സവം
text_fieldsഎഫ്.എ കപ്പ് നാലാം റൗണ്ടിൽ ലിവർപൂളിന്റെ ഗോളുത്സവം. ഈ സീസണോടെ പരിശീലക സ്ഥാനമൊഴിയുമെന്ന് യുർഗൻ ക്ലോപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ചെമ്പട ജയിച്ചു കയറിയത്. ആൻഫീൽഡിൽ ലിവർപൂളിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 73 ശതമാനവും പന്ത് അവരുടെ നിയന്ത്രണത്തിലായിരുന്നു. എതിർ വല ലക്ഷ്യമാക്കി 29 ഷോട്ടുകളുതിർത്തപ്പോൾ പത്തും വലക്ക് നേരെയായിരുന്നു. കർട്ടിസ് ജോൺസ്, ഡാർവിൻ ന്യൂനസ്, ഡിയോഗോ ജോട്ട, വിർജിൻ വാൻഡൈക്, റ്യാൻ ഗ്രാവൻബെർഷ് എന്നിവർ ലിവർപൂളിനായി ഗോൾ നേടിയപ്പോൾ ബെൻ ഗിബ്സൺ, ബോർജ സൈൻസ് എന്നിവരാണ് നോർവിച്ച് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
16ാം മിനിറ്റിലാണ് ലിവർപൂൾ അക്കൗണ്ടിൽ ആദ്യഗോൾ പിറക്കുന്നത്. വലതുവിങ്ങിൽനിന്ന് മക് കോണൽ നൽകിയ ക്രോസ് കർട്ടിസ് ജോൺസ് അനായാസം ഹെഡ് ചെയ്ത് വലക്കുള്ളിലാക്കുകയായിരുന്നു. എന്നാൽ, ആറ് മിനിറ്റിനകം നോർവിച്ചുകാർ തിരിച്ചടിച്ചു. ഗോമസ് സാറ എടുത്ത കോർണർ കിക്ക് ബെൻ ഗിബ്സൺ ഹെഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ പുറത്ത് തട്ടി പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു. 28ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിലൂടെ ലിവർപൂൾ വീണ്ടും ലീഡ് പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ ബ്രാഡ്‍ലി നൽകിയ സൂപ്പർ പാസാണ് ഗോളിലേക്ക് വഴിതുറന്നത്. ഇടവേളക്ക് മുമ്പ് ഗോളെണ്ണം കൂട്ടാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
എന്നാൽ, രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനകം ലിവർപൂളിന്റെ മൂന്നാം ഗോൾ പിറന്നു. നോർവിച്ച് ഗോൾമുഖത്തേക്ക് ഉയർന്നെത്തിയ പന്ത് ഹെഡ് ചെയ്ത് ഒഴിവാക്കാനുള്ള പ്രതിരോധ താരത്തിന്റെ ശ്രമം പാളിയപ്പോൾ പന്ത് പിടിച്ചെടുത്ത ഡിയോഗോ ജോട്ട ഇടങ്കാലൻ ഷോട്ടിലൂടെ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. 63ാം മിനിറ്റിൽ വാൻഡൈകിന്റെ വക നാലാം ഗോളുമെത്തി. ലിവർപൂളിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ തലവെച്ചാണ് പന്ത് പോസ്റ്റിനുള്ളിലെത്തിച്ചത്.
വൈകാതെ നോർവിച്ച് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. എന്നാൽ, 69ാം മിനിറ്റിൽ അവർ ലക്ഷ്യത്തിലെത്തി. ബോർജ സൈൻസിന്റെ ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ട് തടയാൻ ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ മുഴുനീളെ ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. 79ാം മിനിറ്റിൽ നോർവിച്ച് ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിൽ രണ്ടുതവണയാണ് ഗോൾകീപ്പർ ജോർജ് ലോങ് രക്ഷകനായത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ റ്യാൻ ഗ്രാവൻബെർഷ് പട്ടിക തികച്ചു. ബ്രാഡ്‍ലിയുടെ ഷോട്ട് പുറത്തേക്ക് നീങ്ങുന്നതിനിടെ തലവെച്ച് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.