ആരാധകരെ ശാന്തരാകുവിൻ; ലോകകപ്പ് ഫുട്ബാൾ ദുബൈയിൽ 'കാണാം'
text_fieldsദുബൈ: ഖത്തർ ലോകകപ്പ് നേരിൽ കാണാൻ കഴിയാത്തവർ വിഷമിക്കേണ്ട. നിങ്ങൾക്കായി ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഫാൻ സോണുകൾ ഒരുങ്ങുന്നു. ഇഷ്ടഭക്ഷണവും ആസ്വദിച്ച് ബിഗ് സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് ദുബൈ ഇന്‍റർനാഷനൽ ഫിനാൻസ് സെന്‍ററിൽ (ഡി.ഐ.എഫ്.സി) ഒരുങ്ങുന്നത്. ഗേറ്റ് അവന്യൂവിൽ തുറക്കുന്ന ഫുട്ബാൾ പാർക്കിൽ കളി ആസ്വദിക്കാൻ എത്ര രൂപ ചെലവാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇത് സെപ്റ്റംബർ 15ന് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
ടൂർണമെന്‍റ് തുടങ്ങുന്ന നവംബർ 20 മുതൽ ഇവിടെ ഫാൻ സോണും തുറക്കും. ആഡംബര റസ്റ്റാറന്‍റുകളിലെ ഭക്ഷണത്തിനും ആരവങ്ങൾക്കും നടുവിലായിരിക്കും ബിഗ് സ്ക്രീൻ ഒരുങ്ങുക. ആർട്ട് ദുബൈ ഗ്രൂപ്പാണ് സംവിധാനം ഏർപ്പെടുത്തുന്നത്. ആഡംബര സംവിധാനങ്ങളോടെയുള്ളതായതിനാൽ സാധാരണക്കാർക്ക് എത്രമാത്രം ഉപകാരപ്പെടുന്നതാണെന്ന് കണ്ടറിയണം. ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററിലും ഫാൻ സോൺ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോർ ടി.വി സ്ക്രീനായിരിക്കും ഇവിടെ സ്ഥാപിക്കുകയെന്നാണ് സംഘാടകരുടെ അവകാശ വാദം. ഐറിഷ് പബ് ചെയിനായ മക് ഗെറ്റിഗനാണ് ഫാൻ പാർക്ക് ഒരുക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. തത്സമയ സംഗീത പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെയുണ്ടാകും.
കൊക്കകോള അരീനയിലും ദുബൈ ഹാർബറിലുമാണ് മറ്റ് ഫാൻ സോണുകളുള്ളത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഖത്തർ ലോകകപ്പിനെത്തുന്ന കാണികളിൽ നല്ലൊരു ശതമാനവും യു.എ.ഇയിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കുന്നത്. ദുബൈയിലുള്ള സമയത്ത് ഇവർക്ക് കളി കാണാനും താമസിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളായിരിക്കും ഫാൻ സോണുകൾ ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.