ആരാധകരെ ഓണാക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്
text_fieldsകൊച്ചി: ഐ.എസ്.എൽ 2024-25 സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് നല്ലൊരു ശതമാനം ആരാധകരെക്കൂടിയാണ്. ഇങ്ങനെ കൊഴിഞ്ഞുപോയ ആരാധകരെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഭാഗമായി ക്ലബിന്റെ ആദ്യ ഫാന്‍ അഡ്വൈസറി ബോര്‍ഡ് (എഫ്.എ.ബി) യോഗം കൊച്ചിയില്‍ ചേർന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഒ ആയി അടുത്തിടെ നിയമിതനായ അഭിക് ചാറ്റര്‍ജി, സി.ഒ.ഒ ഷുഷെന് വഷിഷ്ഠ് എന്നിവര്‍ പങ്കെടുത്തു.
സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് ഓണ്‍ലൈനായും യോഗത്തിനെത്തി. ഫാന്‍ അഡ്വൈസറി ബോര്‍ഡിനെ പ്രതിനിധീകരിച്ച് ടി.എ. മുഹമ്മദ് ജാബിര്‍, സോമു പി. ജോസഫ്, സൗരബ് എം. കല്ലിയന്, ആനന്ദ്കുമാര്‍ സുബ്രമണി, റെജിന്‍ ടി. ജെയ്സ്, സെറിന്‍ പത്രോസ്, എ.എസ്. സജിത്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ടീം അധികൃതരുടെ അനാസ്ഥക്കും തെറ്റായ തീരുമാനങ്ങൾക്കുമെതിരെ ആരാധകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മാനേജ്മെൻറ് ഇത്തരമൊരു ബോർഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ടീമിന്റെ മോശം പ്രകടനത്തിന് കാരണം ക്ലബ് മാനേജ്മെന്റിന്റെ തെറ്റായ നിലപാടുകളാണെന്ന് ചൂണ്ടിക്കാണിച്ച് ഈ സീസണിലെ മിക്ക മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മ ‘മഞ്ഞപ്പട’ രംഗത്തുവന്നിരുന്നു. തുടർതോൽവികൾക്കു പിന്നാലെ പരിശീലകന് മൈക്കൽ സ്റ്റാറെയെ പുറത്താക്കിയെങ്കിലും ആരാധകര്‍ അടങ്ങിയിരുന്നില്ല.
ടീമില്‍ മികച്ച താരങ്ങളെ എത്തിക്കാൻ ഉൾപ്പെടെ മാനേജ്മെൻറ് ശ്രമിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടാതെ, സീസണിലെ അവസാന മത്സരങ്ങളിലെല്ലാം സ്റ്റേഡിയത്തിലും വളരെക്കൂറച്ച് ആരാധകരേ കളി കാണാനെത്തിയിരുന്നുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.